[]ന്യൂദല്‍ഹി: കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പഠന സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. സമിതിയില്‍ കേരളത്തിന്റെ പ്രതിനിധികള്‍ക്ക് പുറമേ കേന്ദ്ര പ്രതിനിധികളും ഉണ്ടാകുമെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബഡ്ജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂമിയേറ്റെടുക്കലും, പാതയിരട്ടിപ്പിക്കലും,പുതിയപദ്ധതികളുമുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകാനാണു സാധ്യത. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും.
റെയില്‍വേ ബജറ്റില്‍ കേരളത്തിനു അവഗണന നേരിട്ടതില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു. കൂടാതെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത എം.പിമാര്‍ വീണ്ടും റെയില്‍വെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചു.
കേരളത്തിലെ മൂന്ന് കോടിയോളം വരുന്ന ജനങ്ങളോട് അവഗണന കാട്ടിയെന്ന് വ്യക്തമാക്കിയ കെ.സി വേണുഗോപാല്‍ സബ് അര്‍ബെന്‍ ട്രെയിന്‍, റെയില്‍വേ മേല്‍പ്പാലം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് കുറ്റപ്പെടുത്തി. ബജറ്റ് ചര്‍ച്ചയില്‍ എം.ബി രാജേഷ്, ഇ. അഹമ്മദ്,കെ.സി വേണുഗോപാല്‍, സി.എന്‍ ജയദേവന്‍, ജോസ് കെ മാണി,എം.കെ രാഘവന്‍ എന്നീ എം.പിമാരാണ് കേരളത്തില്‍ നിന്ന ്പങ്കെടുത്തത്.
അതേ സമയം ബഡ്ജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നും ഭൂമിയേറ്റെടുക്കലിനു കേരളം തയ്യാറായാല്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കാമെന്നും സദാനന്ദ ഗൗഡ പ്രതികരിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ തനിക്ക് നന്നായി അറിയാമെന്നും തീര്‍ത്ഥാടക സര്‍ക്യൂട്ടില്‍ കേരളത്തെ കൂടി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.