കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയും പിതാവും രംഗത്ത്. മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബിഷപ്പ് പരാതി എഴുതി വാങ്ങിയെന്നാണ് പിതാവിന്റെ ആരോപണം.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതിയാണ് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത്. മദര്‍ സൂപ്പീരിയരിന്റെ സാന്നിധ്യത്തിലാണ് മകളെ ഭീഷണിപ്പെടുത്തിയത്.
ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയിരുന്നതായും കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു. ഒരാഴ്ചയ്ക്കകം താന്‍ ഈ പരാതി കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് ബോധിപ്പിച്ചു.
Read; ധൂലെയില്‍ ആള്‍ക്കൂട്ട ആക്രമണം: പ്രചരിച്ചത് സിറിയയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ട്
മറ്റാരേയും മാധ്യമങ്ങളേയും അറിയിക്കരുതെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും തുറവൂര്‍ സ്വദേശിയായ കന്യാസ്ത്രീയുടെ അച്ഛന്‍ പറഞ്ഞു.
ബലാത്സംഗക്കേസില്‍ ആരോപണ വിധേയനാണ് ബിഷപ്പ്. ബിഷപ്പിനെതിരെ ഇന്നലെ കന്യാസ്ത്രീ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുമ്പില്‍ രേഖപ്പെടുത്തി. പൊലീസിനു നല്‍കിയ അതേ മൊഴിയാണ് ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും രേഖപ്പെടുത്തിയത്.
ഉച്ചക്ക് രണ്ടുമണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് രാത്രിയിലാണ് അവസാനിച്ചത്. ക്രിമിനല്‍ നടപടിക്രമം 164 ആം വകുപ്പു പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. 2014ല്‍ കുറവിലങ്ങാട്ടെ മഠത്തില്‍ വെച്ച് ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതി കന്യാസ്ത്രീ ആദ്യം ഉന്നയിച്ചത് സഭയിലാണെന്ന് കന്യാസ്ത്രീയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ജലന്ധറിലെ മദര്‍ ജനറല്‍ കുറവിലങ്ങാട്ടെത്തി പരാതിക്കാരിയെ നേരില്‍ക്കണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
Read: യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍
കൂടാതെ 2017 ജനുവരിയില്‍ തന്നെ കന്യാസ്ത്രീ മദര്‍ ജനറലിന് പരാതിയും കൊടുത്തിരുന്നു. പരാതിക്കാരിയുമായി മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതായി ബന്ധുക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.
സ്വഭാവദൂഷ്യത്തിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിലെ പ്രതികാരമാണ് കന്യാസ്ത്രീയുടെ പരാതി എന്നായിരുന്നു ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശദീകരണം.