കൊച്ചി: ആലുവ സി.ഐ സി.എല്‍. സുധീറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍.
സി.ഐക്കെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തതി. ഗാര്‍ഹിക പീഡന പരാതി നല്‍കിയ യുവതിയാണ് രംഗത്തെത്തിയത്.
ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കില്‍ നാളെ തന്റെ പേരും കേള്‍ക്കേണ്ടി വരും എന്ന് യുവചതി പറഞ്ഞു. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.
‘ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സി.ഐയും കൂടി എല്ലാം തേച്ചുമായ്ച്ചു കളഞ്ഞു’, യുവതി പറഞ്ഞു.
സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച് കളയാന്‍ 50,000 രൂപയാണ് ഭര്‍ത്താവില്‍ നിന്ന് സി.ഐ വാങ്ങിയതെന്നും യുവതി പറഞ്ഞു.
‘എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നത്’, അവര്‍ പറഞ്ഞു.
ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ഐക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടയൊണ് മറ്റൊരു യുവതി കൂടി സി.ഐക്കെതിരെ രംഗത്തെത്തിയത്.
ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു.
മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയിരുന്നു. ഇത് വിവാദമായതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്.
ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ് നടന്നത്. അഞ്ചല്‍ സി.ഐ ആയിരുന്നു അന്ന് സുധീര്‍.