| Saturday, 20th July 2013, 8:16 pm

അധ്യാപക നിയമനക്കച്ചവടത്തിന് വിലങ്ങായി സര്‍ക്കുലര്‍; അറിവോടെയല്ലെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിയമനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം വിവാദമാകുന്നു. സ്‌കൂളുകളില്‍ അധ്യാപക- അനധ്യാപക തസ്തികകളില്‍ പുതുതായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിയാണ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ (No. ACDC1/900/2013/HSE) ഇറക്കിയത്.

[]വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ചലനം സൃഷ്ടിച്ചേക്കാവുന്നതാണ് പുതിയ സര്‍ക്കുലര്‍. എന്നാല്‍ തന്റെ അറിവോടെയല്ല ഉത്തരവിറക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പ്രതികരിച്ചു. ഉത്തരവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം ആരായുമെന്നും അദ്ദേഹം പറഞ്ഞു.[]

എന്നാല്‍ പുതിയ ഉത്തരവ് നേരത്തെ ഉള്ളതാണെന്നും അത് പുനപ്രസിദ്ധീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. ഉത്തരവിറക്കുന്നതിന് മുമ്പെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സര്‍ക്കുലര്‍ കൈമാറിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി രേഖാമൂലം വിശദീകരണം ചോദിക്കുകയാണെങ്കില്‍ ആ സമയത്ത് യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളെ ചൊല്ലിയുള്ള കോടതി പരാമര്‍ശങ്ങളും ആക്ഷേപങ്ങളും വിവാദങ്ങളുമാണ് ഇത്തരത്തിലുള്ള ഉത്തരവിറക്കാന്‍ ഡയറക്ടറേറ്റിനെ പ്രേരിപ്പിച്ചത്.

നിലവിലുള്ളതും ഭാവിയിലുണ്ടാകുന്നതുമായ ഒഴിവുകളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കുലര്‍ ബാധകമായിരിക്കും. മാനേജ്‌മെന്റുകളുടെ ഇടപെടലുകള്‍ക്ക് വിലങ്ങുതടിയാകുന്ന ഉത്തരവിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

ഒന്നാമതായി, ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തിക നിര്‍ണയ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സ്‌കൂള്‍ മാനേജ്‌മെന്റ് നിയമന നടപടികള്‍ സ്വീകരിക്കാവൂ.

കുറഞ്ഞത് 15 ദിവസത്തെ സമയമെങ്കിലും അപേക്ഷ നല്‍കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കണം. അപേക്ഷ ലഭിച്ചാല്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ രജിസ്‌ട്രേഡ് തപാലില്‍ ഏഴ് ദിവസം മുമ്പ് അറിയിക്കണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

സ്‌കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവ് സംബന്ധിച്ച് രണ്ട് പ്രമുഖ പത്രങ്ങളില്‍ എല്ലാ ജില്ലാ എഡിഷനിലും ശ്രദ്ധയില്‍പ്പെടും വിധത്തില്‍ പരസ്യം നല്‍കണമെന്നും അതാത് ഗ്രാമ- ജില്ലാ പഞ്ചായത്തുകളിലെ നോട്ടീസ് ബോര്‍ഡുകളിലും അറിയിപ്പ് നല്‍കണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ പുനര്‍പരസ്യം നല്‍കണം. പരീക്ഷ നടത്തിയതിന് ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കുള്‍പ്പടെയുള്ള റാങ്ക്‌ലിസ്റ്റ് ഇന്റര്‍വ്യു ദിവസമോ അടുത്ത ദിവസമോ പ്രസിദ്ധപ്പെടുത്തണം.

ഇന്റര്‍വ്യു ബോര്‍ഡില്‍ സ്‌കൂള്‍ മാനേജരോ പ്രതിനിധിയോ, സ്‌കൂള്‍ പ്രിന്‍സിപ്പലും സര്‍ക്കാര്‍ പ്രതിനിധിയും നിര്‍ബന്ധമായും ഉണ്ടാകണമെന്നും സര്‍ക്കുലര്‍ പറയുന്നു.

നിയമനങ്ങളില്‍ പരാതിയുള്ളവര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളില്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും, അപ്പീല്‍ നല്‍കിക്കൊണ്ടുള്ള അപേക്ഷ ഡയറക്ടര്‍ക്കും നല്‍കാം.

പരമാവധി മാര്‍ക്ക് ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് 80ഉം മറ്റുള്ളവയ്ക്ക് 70ഉം ആയിരിക്കണം. അതോടൊപ്പം തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ വെയ്‌റ്റേജ് മാര്‍ക്ക് നല്‍കുന്നതിലും മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വെയിറ്റേജ് മാര്‍ക്കിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ യോഗ്യതയും അക്കാദമിക് നിലവാരമില്ലാത്തവരെയും മാനേജ്‌മെന്റുകളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നിയമിക്കുന്നത് നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കലറിലുള്ളത്.

യോഗ്യത വെയ്‌റ്റേജ് മാര്‍ക്ക് ഇപ്രകാരമാണ്- ബിരുദാനന്തര ബിരുദം ഫസ്റ്റ് ക്ലാസില്‍ പാസായവര്‍ക്ക് 20 ഉം സെക്കന്‍ഡ് ക്ലാസിന് 15 മാര്‍ക്കും ഒരേ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ക്ക് 5 ഉം, ബി.എഡ് ഫസ്റ്റ് ക്ലാസുകാര്‍ക്ക് 10 ഉം, സെക്കന്‍ഡ് ക്ലാസിന് 5 ഉം മാര്‍ക്ക് ലഭിക്കും.

സെറ്റ്, എസ്.എല്‍.ഇ.ടി, ജെ.ആര്‍.എഫ്, നെറ്റ്, എം.എഡ്, എം.ഫില്‍ എന്നീ അധിക യോഗ്യതക്ക് 5 ഉം പി.എച്ച്.ഡി ലഭിച്ചവര്‍ക്ക് 10 ഉം മാര്‍ക്ക് ലഭിക്കും. അധ്യാപന പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 ഉം, കലാകായിക മത്സരത്തില്‍ മികവ് തെളിയിച്ചവര്‍ക്ക് 5 ഉം, ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച രജനകള്‍ക്ക് 5 മാര്‍ക്കും ലഭിക്കും. ഇന്റര്‍ര്‍വ്യൂ പ്രകടനത്തിന് 10 മാര്‍ക്കാണ് സര്‍ക്കുലറില്‍ പറയുന്നത്.

സീനിയര്‍ അധ്യാപക തസ്തികകളിലേക്ക് 1:3 അനുപാതത്തില്‍ തസ്തിക മാറ്റത്തിലൂടെ നിയമനം നല്‍കണം. ഇതിനുശേഷം മാത്രമേ നേരിട്ടുള്ള നിയമനം പാടുള്ളൂ.

കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസൃതമായി മാത്രമേ നിയമനങ്ങള്‍ നടക്കുന്നുള്ളൂ എന്ന് ആര്‍.ഡി.ഡി.മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

സ്‌കൂളുകളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച 1957 ലെ വിദ്യാഭ്യാസ ബില്ലിലുണ്ട്. മുണ്ടശ്ശേരിയുടെ ഈ നിര്‍ദ്ദേശത്തിനെതിരായിട്ട് കൂടിയാണ് വിമോചന സമരമെന്ന പേരില്‍ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ സമരം നടന്നത്.

We use cookies to give you the best possible experience. Learn more