വരുന്നത് സിനിമ വര്‍ഷം; 2022 ആദ്യമാസം റിലീസിനൊരുങ്ങുന്നത് കിടിലന്‍ ചിത്രങ്ങള്‍
Entertainment news
വരുന്നത് സിനിമ വര്‍ഷം; 2022 ആദ്യമാസം റിലീസിനൊരുങ്ങുന്നത് കിടിലന്‍ ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th December 2021, 12:11 pm

ഒരു പുതിയ വര്‍ഷം കൂടി പിറക്കുകയാണ്. 2021 ലെ ആദ്യ ദിനങ്ങളില്‍ വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രം തിയേറ്ററുകളില്‍ വീണ്ടും ആവേശം കൊള്ളിക്കുകയായിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം സിനിമ കൂടുതല്‍ സജീവമാകുകയാണ്. നിരവധി ചിത്രങ്ങളാണ് 2022 ല്‍ റിലീസിനായി ഒരുങ്ങുന്നത് പുതുവര്‍ഷം പിറന്ന് ആദ്യ രണ്ട് മാസത്തിനുള്ളില്‍ ഒരു ഡസനില്‍ അധികം ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്.

ചിത്രങ്ങളില്‍ ബഹുഭൂരിപക്ഷവും ഏറെ പ്രതീക്ഷകളുള്ളതാണെന്നതും പുതിയ വര്‍ഷത്തിന്റെ പ്രത്യേകതകളാണ്. ഇതരഭാഷകളില്‍ നിന്നും മികച്ച സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.

പുതുവര്‍ഷത്തില്‍ ജനുവരി ഏഴ് മുതലാണ് ആദ്യ റിലീസുകള്‍ എത്തി തുടങ്ങുന്നത്. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ജനുവരി 7

 

ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ന്യൂയര്‍ റിലീസില്‍ ഏറ്റവും വലിയ ചിത്രം. 10 കോടി രൂപയ്ക്കാണ് കേരളത്തിലെ ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റുപോയത്. ജൂനിയര്‍ എന്‍.ടി.ആര്‍, റാം ചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

റിലീസിന് എത്തുന്ന മറ്റൊരു ചിത്രം സൂപ്പര്‍ ശരണ്യയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത, ബൈജു എന്നിവരാണ് സൂപ്പര്‍ ശരണ്യയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം നവാഗതനായ അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനമാണ്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കുന്ന ഒരു താത്വിക അവലോകനത്തില്‍ ജോജു ജോര്‍ജ്, നിരജ് രാജു, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, ജയകൃഷ്ണന്‍, മന്‍രാജ്, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, മാമുക്കോയ, നന്ദന്‍ ഉണ്ണി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

നേരത്തെ നിവിന്‍ പോളി നായകനാവുന്ന തുറമുഖം ജനുവരി ഏഴിന് റിലീസ് ആവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും റിലീസ് മാറ്റിവെയ്ക്കാനാണ് സാധ്യത. ചിത്രത്തിന്റെ റീലിസിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് നിര്‍മിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആര്‍.ആചാരി, ദര്‍ശന രാജേന്ദ്രന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സെന്തില്‍ കൃഷ്ണ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

രാജീവ് രവി തന്നെയാണ് തുറമുഖത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നതും. ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ രചന.

ജനുവരി 14

രണ്ടാം ആഴ്ചയില്‍ അഞ്ച് ചിത്രങ്ങളാണ് ജനുവരി 13 – 14 ദിവസങ്ങളില്‍ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട്, അജിത്ത് നായകനാവുന്ന വലിമൈ, പ്രഭാസ് നായകനാവുന്ന രാധേ ശ്യാം, ഉണ്ണി മുകന്ദന്‍ നായകനായ മേപ്പടിയാന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന രണ്ട് എന്നിവയാണവ.

2021 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ കുറുപ്പിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സല്യൂട്ട്. ദുല്‍ഖറിന്റെ ആദ്യത്തെ മുഴുനീള പൊലീസ് വേഷം കൂടിയാണിത്.

റോഷന്‍ ആന്‍ഡ്രൂസ് -ബോബി സഞ്ജയ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എം. സ്റ്റാര്‍ ക്രിയേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖറിന്റെ വേ ഫെയറര്‍ ഫിലിംസാണ്.

തീരന്‍ അധികാരം ഒന്‍ട്ര്, നേര്‍ കൊണ്ട പാര്‍വ്വെ എന്നീ ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിമൈ. അജിത് നായകനായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ബോണി കപൂറും സീ സ്റ്റുഡിയോസുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിമ ബുറേഷിയാണ് നായിക.

ബാഹുബലിക്ക് ശേഷം മാര്‍ക്കറ്റ് ഉയര്‍ന്ന പ്രഭാസ് മറ്റൊരു വിസ്മയ ചിത്രവുമായി എത്തുകയാണ് 2022 ല്‍. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാം ഒരു സയന്‍സ് ഫിക്ഷന്‍ – റൊമാന്റിക്ക് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്ഡേയാണ് രാധേ ശ്യാമില്‍ പ്രഭാസിന്റെ നായികയാകുന്നത്. ടി. സീരീസുമായി ചേര്‍ന്ന് ഗോപി കൃഷ്ണ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്.

ഒരിടവേളക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നാട്ടിന്‍പുറത്തുകാരനായി എത്തുന്ന ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു മോഹനാണ്. ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

തിരക്കഥാകൃത്തായും നടനായും തിളങ്ങുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന പുതിയ സിനിമയാണ് രണ്ട്. സുജിത് ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്ന രേഷ്മ രാജന്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്. പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

ജനുവരി 21

പ്രണവ് മോഹന്‍ലാല്‍ – വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയം, ടൊവിനോ തോമസ് – ആഷിഖ് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്‍ എന്നിവയാണ് ജനുവരി 21 ന് റിലീസ് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍.

പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉണ്ണി. ആറിന്റെ രചനയില്‍ ആഷിക്ക് അബു സംവിധാനം ചെയ്യുന്ന നാരദനില്‍ ടൊവിനോ തോമസ്. അന്ന ബെന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. മായാനദി നിര്‍മിച്ച സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജനുവരി 26 -28

ജനുവരി അവസാന ആഴ്ചയില്‍ മൂന്ന് ചിത്രങ്ങളാണ് റീലിസ് ചെയ്യാന്‍ സാധ്യതയുള്ളത്. ഷെയ്ന്‍ നിഗം നായകനായ വെയില്‍, സൈജു കുറുപ്പ് നായകനാവുന്ന ഉപചാരപൂര്‍വം ഗുണ്ട ജയന്‍, സൗബിന്‍ നായകനാവുന്ന കള്ളന്‍ ഡിസൂസ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മൂന്ന് ചിത്രങ്ങള്‍.

നവാഗതനായ ശരത് രചനയും സംവിധാനവും നിര്‍വഹിച്ച് ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ശ്രീരേഖ, സോനാ ഒലിക്കല്‍ എന്നിവര്‍ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ചിത്രമാണ് വെയില്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.

സൈജു കുറുപ്പിന്റെ നൂറാമത് ചിത്രമായാണ് ഉപചാര പൂര്‍വം, ഗുണ്ടാജയന്‍ എത്തുന്നത്. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ശബരീഷ് വര്‍മ്മ, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

രാജേഷ് വര്‍മ്മയുടേതാണ് രചന. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ വിതരണക്കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

New Cinema Release on 2022 first month, Dulquer, Tovino, Pranav Mohanlal, Prabhas, JrNTR,