2019 ജനീവ മോട്ടോര്‍ ഷോയില്‍ അവസാന പെട്രോള്‍ കാറിനെ അവതരിപ്പിച്ച് കൊയനിഗ്സെഗ്. കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഹൈപ്പര്‍ കാര്‍ ജെസ്‌ക കൊയെനിഗ്സെഗില്‍ നിന്നും പുറത്തിറങ്ങുന്ന അവസാനത്തെ പെട്രോള്‍ കാറായിരിക്കും.
125 യൂണിറ്റുകള്‍ മാത്രമായിരിക്കും കൊയെനിഗ്സെഗ് നിര്‍മ്മിക്കുക. മണിക്കൂറില്‍ 482 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുള്ള കൊയെനിഗ്സെഗ് ജെസ്‌കോ, ലോകത്തെ ഏറ്റവും വേഗം കൂടിയ റോഡ് ലീഗല്‍ കാറെന്ന വിശേഷണം കൈവരിച്ചേക്കും. മുമ്പ് കമ്പനി പുറത്തിറക്കിയ അഗേറ RSന്റെ വേഗ റെക്കോര്‍ഡ് തകര്‍ത്താണ് ജെസ്‌കോ ഒരുങ്ങുന്നത്.
മുപ്പത് ലക്ഷം ഡോളറാണ് ജെസ്‌കോയ്ക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. അതായത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 20.97 കോടി രൂപ. അടുത്തവര്‍ഷം മുതല്‍ ആവശ്യക്കാര്‍ക്ക് കാര്‍ കൈമാറാനാണ് കമ്പനിയുടെ തീരുമാനം.
അഗേറയെക്കാളും 40 mm നീളവും 22 mm ഉയരവും പുതിയ ജെസ്‌കോയ്ക്കുണ്ട്. ഇക്കാരണത്താല്‍ ആവശ്യത്തിന് ലെഗ്റൂമും ഹെഡ്റൂമും ക്യാബിന്‍ കാഴ്ച്ചവെക്കും. ജെസ്‌കോയില്‍ തുടിക്കുന്ന 5.0 ലിറ്റര്‍ V8 എഞ്ചിന് 1281 bhp കരുത്തും 1,500 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
കമ്പനി സ്വയം വികസിപ്പിച്ച ഒമ്പതു സ്പീഡ് മള്‍ട്ടി ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ജെസ്‌കോയുടെ മുഖ്യാകര്‍ഷണമാണ്. കൊയെനിഗ്സെഗ് ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍, കൊയെനിഗ്സെഗ് ഗിയര്‍ബോക്സ് കണ്‍ട്രോള്‍ മൊഡ്യൂള്‍, അള്‍ട്ടിമേറ്റ് പവര്‍ ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ കൊയെനിഗ്സെഗ് കാറില്‍ ഒരുങ്ങുന്നുണ്ട്.
ഉയര്‍ന്ന വേഗത്തില്‍ 998 കിലോയോളം ഡൗണ്‍ഫോഴ്സ് ലഭ്യമാക്കാന്‍ പിറകിലെ വലിയ ഓട്ടോമാറ്റിക് വിംഗിന് കഴിയും. നാലു ചക്രങ്ങളിലേക്കും വെവ്വേറെയാണ് കരുത്തെത്തുക. റേസ് കാര്‍ പാരമ്പര്യം മുറുക്കെപ്പിടിച്ച് ജെസ്‌കോയുടെ നാലു കോണുകളിലും ഓലിന്‍സ് ഡാമ്പറുകളാണ് കമ്പനി നല്‍കുന്നത്.
മുന്നില്‍ ടയര്‍ അളവ് 20 ഇഞ്ച്, പിന്നില്‍ 21 ഇഞ്ചും. അലൂമിനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചാണ് അലോയ് നിര്‍മ്മിതി.ക്രമീകരിക്കാവുന്ന പെഡലുകള്‍, ഡാഷ്ബോര്‍ഡിലെ G ഫോഴ്സ് മീറ്റര്‍, സ്റ്റീയറിംഗില്‍ ഒരുങ്ങുന്ന 5.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 9.0 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ക്യാബിനില്‍.