സാഹോ ഈ മാസം 30ന്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Bollywood
സാഹോ ഈ മാസം 30ന്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2019, 11:36 pm

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന സാഹോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം ഈ മാസം 30നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോയില്‍ ശ്രദ്ധാ കപൂറാണ് നായിക. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായെത്തിയ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

7500 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേ ദിവസമാണ് റിലീസ്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ആര്‍.ഡി ഇല്യൂമിനേഷന്‍സാണ് 400 കോടിയുടെ ആക്ഷന്‍ ത്രില്ലര്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.