ന്യൂദല്‍ഹി: ബി.എം.ഡബ്ല്യൂ 8 സീരിസ് കൂപ്പെ വിപണിയില്‍ അവതരിപ്പിച്ചു. തൊണ്ണൂറുകളില്‍ പിറന്ന ബി.എം.ഡബ്ല്യൂ 8 സീരിസിന്റെ പിന്‍തലമുറക്കാരനാണ് എം.850.ഐ വകഭേദത്തെ അടിസ്ഥാനപ്പെടുത്തി വിപണിയിലിറക്കിയ കൂപ്പെ.
എക്‌സ്‌ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവിലാണ് കൂപ്പെ ഒരുക്കിയിരിക്കുന്നത്. 3.6 സെക്കന്‍ഡ് മതി പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.
523 ബി.എച്ച്.പിയും 750 എന്‍.എം ടോര്‍ക്കും നല്‍കുന്ന 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനാണ് കൂപ്പെയുടെ കരുത്ത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.
ഷാര്‍പ് ഹെഡ് ലാമ്പ്, ഡെ ടൈം റണ്ണിംഗ് ലാമ്പുകള്‍, കിഡ്‌നി ഗ്രില്ലുകള്‍, സ്‌പോര്‍ടി ബമ്പറുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍,വലിപ്പമേറിയ എയര്‍ ഡാമുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് കൂപ്പെയുടെ പ്രധാന ഡിസൈന്‍ സവിശേഷതകള്‍.
Also Read കെജ്‌രിവാള്‍ നക്‌സലൈറ്റെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ഹാപ്റ്റിക് ഫീഡ്ബാക്ക് ബട്ടണുകള്‍, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, സമ്പൂര്‍ണ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഓപ്ഷനല്‍ 1375 ഡബ്ല്യൂ ബോവേഴ്‌സ് ആന്‍ഡ് വില്‍ക്കിന്‍സ് ഓഡിയോ സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ കാറിന്റെ അകത്തളത്തില്‍ ഉണ്ടാകും.
എന്‍.എഫ്.സിയുടെ സഹായത്താല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ പ്രവര്‍ത്തിപ്പിക്കാനും ഡോര്‍ തുറക്കാനും അടക്കാനും സാധിക്കും.
മെഴ്‌സിഡസ് എസ് ക്ലാസ് കൂപ്പെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 11, ജി.ഡി ക്ലാസ് മോഡലുകളാണ് ബി.എം.ഡബ്ല്യൂ 8 സീരിസ് കൂപ്പെയുടെ പ്രധാന എതിരാളികള്‍.