നവനാസ്തികതയുടെ കാണാപ്പുറങ്ങള്‍
Dalit Life and Struggle
നവനാസ്തികതയുടെ കാണാപ്പുറങ്ങള്‍
ഫര്‍മീസ് ഹാഷിം
Tuesday, 8th May 2018, 4:13 pm

നവ നാസ്തികത അഥവാ ന്യൂ എയ്തീയിസം (new atheism) എന്ന പദപ്രയോഗം നിലവില്‍ വന്നത് തന്നെ, ഒരുപക്ഷേ 2000 ന്റെ പകുതികളില്‍ ആയിരിക്കണം. അന്ധവിശ്വാസങ്ങളേയും, മത-ദൈവ വിശ്വാസങ്ങളിലെ അയുക്തികതയേയും അതിനിശിതമായി വിമര്‍ശിച്ചു കൊണ്ടാണിത് രംഗത്ത് വന്നത്. വിശ്വാസങ്ങളിലെ (അ)യുക്തി, ശാസ്ത്രീയ സമീപനത്താല്‍ വിശകലനം ചെയ്യുക സാധ്യമല്ലെന്ന പൊതുധാരണയെ പൊളിച്ചെഴുതിക്കൊണ്ട് തന്നെ, ഒരു “ഹൈപോതെസിസ്” ആയി വിശ്വാസങ്ങളെ വിലയിരുത്തി അതിലെ അശാസ്ത്രീയതയും, തദ്വാരാ അയുക്തികതയെയും പുറത്ത് കൊണ്ട് വരുകയാണ് നവ നാസ്തികതയുടെ വക്താക്കള്‍ ചെയ്തത്.

റിച്ചാര്‍ഡ് ഡോക്കിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, സാം ഹാരിസ്, ഡാനിയല്‍ ഡെന്നെറ്റ് എന്നീ പ്രമുഖരായ നാല് നവ നാസ്തികര്‍ “നവനാസ്തികതയുടെ കുതിരപ്പട്ടാളക്കാര്‍” എന്നാണ് അറിയപ്പെടുന്നത് തന്നെ. യാതൊരു ദാക്ഷിണ്യവുമില്ലാതെ മത-വിശ്വാസ പ്രത്യയശാസ്ത്രങ്ങളെ കടന്നാക്രമിച്ച ഇവര്‍, നാസ്തികതയ്ക്കും, യുക്തിവാദത്തിനും ഒരു പുത്തനുണര്‍വേകുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അവരുടെ മിക്ക പുസ്തകങ്ങളും ലോകത്തെമ്പാടും വലിയ സ്വീകാര്യത നേടുകയും ചെയ്തു.

അതേസമയം തന്നെ, നവനാസ്തികത നിരവധി വിമര്‍ശനങ്ങളും നേരിടുകയുണ്ടായി. അതേക്കുറിച്ച് പറയുന്നതിനു മുമ്പ് നവനാസ്തികത രൂപീകൃതമായിരിക്കുന്ന സൈദ്ധാന്തിക ഘടനയെ പറ്റി വിശദീകരിക്കേണ്ടതുണ്ട്. തത്വശാസ്ത്രപരവും, വൈജ്ഞാനികപരവും, ധാര്‍മികപരവുമായ മൂന്ന് നെടുംതൂണുകളാലാണ് ഈ ഘടന നിര്‍മ്മിതമായിരിക്കുന്നത്.

റിച്ചാര്‍ഡ് ഡോക്കിന്‍സ്

 

തത്വശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, സ്വീകാര്യമായ ഏക നിലപാട് “പ്രകൃത്യാതീതമായതോ അമാനുഷികമായതോ ആയ ഒരു ശക്തിയും നിലവിലില്ല” എന്നതാകുമ്പോള്‍, വൈജ്ഞാനികപരമായുള്ള ആ നെടുംതൂണ്‍ “എല്ലാ മതവിശ്വാസങ്ങളും അയുക്തികമാണ്” എന്നതാണ്. ധാര്‍മികപരമായി അതിന്റെ നിലപാട് “സാര്‍വലൗകികവും, നിക്ഷ്പക്ഷവുമായ മതാതീതമായ ധാര്‍മികത” ഉണ്ട് എന്നതാണ്.

നവനാസ്തികര്‍ പ്രകൃതി ശാസ്ത്രത്തെ (natural science) അങ്ങേയറ്റം ആശ്രയിക്കുന്നു എന്ന പ്രത്യേകതയും കൂടെയുണ്ട്. പ്രകൃതി ശാസ്ത്രം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്, ഭൗതിക പ്രപഞ്ചത്തെ വിശദീകരിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാത്രമേഖലകളെ ആണ്. സാമൂഹ്യശാസ്ത്രമുള്‍പ്പെടെയുള്ള ഇതര ശാസ്ത്രമേഖലകള്‍ അതില്‍ ഉള്‍പ്പെടുന്നില്ല.

നവനാസ്തികത വിശ്വാസ യുക്തിരാഹിത്യത്തെ ശാസ്ത്രീയപരമായ ഒരു വീക്ഷണകോണില്‍ കൂടെ നോക്കിക്കാണുന്നത് കൊണ്ട് സൃഷ്ടിവാദം എന്ന അബദ്ധധാരണയെ മുമ്പെങ്ങുമില്ലാത്ത വിധം അപ്രസക്തമാക്കാന്‍ ഈ ഒരു സമീപനം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്.

എങ്കില്‍ പോലും, മുമ്പ് സൂചിപ്പിച്ചത് പോലെ, വിവാദപരമായ നിലപാടുകള്‍ കൊണ്ടും, പ്രസ്താവനകള്‍ കൊണ്ടും നവനാസ്തികതയുടെ വക്താക്കള്‍ ഇതര നാസ്തികരില്‍ നിന്നും, യുക്തിവാദികളില്‍ നിന്ന് പോലും വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം, വേശ്യാവൃത്തി, ദയാവധം, ഗര്‍ഭച്ഛിദ്രം, ശിശുപീഡനം തുടങ്ങി, തുടങ്ങിയ “കുറ്റങ്ങള്‍” പോലും വിശ്വാസത്തിനു മുകളില്‍ ആരോപിച്ച് ഹിച്ചന്‍സ് മുതലായവര്‍ വിമര്‍ശനം ഏറ്റു വാങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഇവര്‍ ചെയ്യുന്നത്, അവരുടെ വൈജ്ഞാനികപരമായ വിമര്‍ശനം കേവലം മത/ വിശ്വാസം എന്ന കള്ളികളില്‍ ഒതുക്കുകയാണ്.

ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്

നവനാസ്തികത എന്നാല്‍ മൗലികവാദം തന്നെയാണെന്ന് പ്രമുഖ സോഷ്യോളജിസ്റ്റ് ആയ വില്യം സ്റ്റാള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍ത്ഥിച്ചിട്ടുണ്ട് . മതമൗലികവാദികളുടെ “മിറര്‍ ഇമേജ്” ആണ് നവനാസ്തികര്‍ എന്നാണദ്ദേഹം പറഞ്ഞു വെക്കുന്നത്. പ്രമുഖ യുക്തിവാദിയും, ശാസ്ത്ര സൈദ്ധാന്തികനുമായ മൈക്കല്‍ റൂസ്, നവനാസ്തികരുടെ സൈദ്ധാന്തിക ചട്ടക്കൂടിനെ തന്നെയാണ് വിമര്‍ശന വിധേയമാക്കുന്നത്.

മതങ്ങളെ കുറിച്ചും, അവയുടെ ഉല്‍പ്പത്തിയേയും, ഘടനാപരമായ നിലനില്പിനെയും കുറിച്ചുള്ള സൈദ്ധാന്തികമായ നിരീക്ഷണങ്ങളെയും, കണ്ടെത്തലുകളേയും അപ്പാടെ അവഗണിച്ചു കൊണ്ടുള്ള മതവിമര്‍ശനം കൊണ്ട് കാര്യമില്ലെന്നും, ഡോക്കിന്‍സ് ഉള്‍പ്പെടെയുള്ളവര്‍, അത്യാവശ്യമായി ഫിലോസഫിയെക്കുറിച്ച് പഠിപ്പിക്കുന്ന ഏതെങ്കിലും കോഴ്സുകള്‍ ചെയ്യണം എന്നുമാണ് അദ്ദേഹം പറഞ്ഞത്! മുമ്പ് സൂചിപ്പിച്ച “നാല് കുതിരപ്പട്ടാളക്കാരില്‍” ഡാനിയല്‍ ഡെന്നെറ്റ് ഒഴികെ മറ്റാര്‍ക്കും സൈദ്ധാന്തികമായ ഏതെങ്കിലും പശ്ചാത്തലജ്ഞാനം അവകാശപ്പെടാനില്ലാത്തപ്പോള്‍ ഇതൊരു പ്രസക്തമായ വാദമാണ്. ഒരു പടി കൂടെ കടന്ന്, ഇത്തരത്തിലുള്ള നാസ്തികയുടെ പ്രചാരണം ഒരു “ദുരന്തം” ആണെന്നും, താനുള്‍പ്പെടെയുള്ള യുക്തിവാദികള്‍ക്ക് അതൊരു അപമാനമാണെന്നും അദ്ദേഹം പറയുന്നു.

തത്വചിന്തകനും, പ്രമുഖ യുക്തിവാദിയുമായ മാസിമോ പിലിയൂച്ചിയുടെ അഭിപ്രായം നവനാസ്തികത സയന്റിസവുമായി (ശാസ്ത്രമാണ് എല്ലാത്തിനും ഉത്തരം എന്ന മതപരമായ നിലപാട്) ഒത്തുചേര്‍ന്നു പോകുന്ന ഒന്നാണെന്നും, യാതൊരു താത്വികമായ പശ്ചാത്തലവുമില്ലാത്തത് എന്നുമാണ്. അവരുടെ തത്വശാസ്ത്രങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളത്രയും, ആ മേഖലയിലെ ഏതെങ്കിലും ഒരു ഗവേഷണ പ്രബന്ധം പോലും വായിച്ചിട്ടില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

സെക്യൂലര്‍ ഹ്യൂമനിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന, പ്രൊഫസര്‍ പോള്‍ കെട്‌സ് പറയുന്നു

“ഞാന്‍ അവരെ (നവ നാസ്തികരെ) നാസ്തിക മൗലികവാദികള്‍ ആയാണ് കാണുന്നത്. നാസ്തികര്‍ ആയിരിക്കുമ്പോഴും, നിര്‍ഭാഗ്യവശാല്‍ അവര്‍ മനുഷ്യപ്പറ്റില്ലാത്തവരാണ്. അവരുടെ മൗലിക നിരീശ്വരവാദം (militant atheism) കൊണ്ട് ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാവുക.”

 

പോള്‍ കെട്‌സ്

നാസ്തികതയോടുള്ള നവനാസ്തികരുടെ അടിസ്ഥാന സമീപനത്തോട് തന്നെ യുക്തിവാദികളില്‍ നിന്നും, നിരീശ്വരവാദികളില്‍ നിന്നും, തത്വചിന്തകരില്‍ നിന്നും ഇത് പോലെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രാരംഭഘട്ടത്തിലാണെങ്കിലും, നവനാസ്തികതയെ ചരിത്രപരമായും (ഹൈമാന്‍, ലെഡ്രൂ തുടങ്ങിയവര്‍), സോഷ്യോളജിക്കല്‍ ആയും (ബുലിവന്ത്, സ്മിത്ത്, സിമിനോ തുടങ്ങിയവര്‍), തത്വശാസ്ത്രപരമായും (കിച്ചര്‍ മുതലായവര്‍), മനഃശാസ്ത്രപരമായും (ഹന്‍സ്ബര്‍ഗര്‍, ആള്‍ട്ടി മെയര്‍, ബേക്കര്‍, റോബിന്‍സ് തുടങ്ങിയവര്‍) വിമര്‍ശനപരമായിത്തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്.

എന്നാല്‍ രാഷ്ട്രീയപരമായി നവനാസ്തികതയെ അവലോകനം ചെയ്യുന്ന ആധികാരിക പഠനങ്ങള്‍ തുലോം കുറവാണെന്നോ, ഇല്ലെന്ന് തന്നെയോ പറയാം. പ്രമുഖ ബയോളജിസ്റ്റും, നവനാസ്തികനുമായ ജദ മയേഴ്‌സ് ഒരിക്കല്‍ പറഞ്ഞത്: “രാഷ്ട്രീയപരമായി ഒട്ടും ഓര്‍ഗനൈസ്ഡ് അല്ലാത്ത വെറും ഒരു ജനക്കൂട്ടമാണ് ഞങ്ങള്‍. ഞങ്ങളെ ഒന്നിപ്പിക്കുന്ന ഒരേയൊരു ഘടകം ദൈവമെന്ന സങ്കല്പത്തോടുള്ള വെറുപ്പാണ്.” നവനാസ്തിക രാഷ്ട്രീയത്തെ കുറിച്ചുള്ള മയേഴ്സിന്റെ പ്രസ്താവന ശരിയോ എന്ന് പരിശോധിക്കുന്നതിന് മുമ്പ് അതിന്റെ രൂപീകരണത്തെ സ്വാധീനിച്ച ചരിത്രപരമായ പശ്ചാത്തലം ഒന്ന് വിലയിരുത്തേണ്ടതുണ്ട്.

വിശ്വാസമുക്തമായ ഒരു സമൂഹത്തിലേക്കുള്ള വളര്‍ച്ച “സെക്യൂലറൈസേഷന്‍ പ്രക്രിയകള്‍” വഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടക്കുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍, നവനാസ്തികതയുടെ കാര്യത്തില്‍, “പൊടുന്നനെ” ഉള്ള ചില ചരിത്രസംഭവങ്ങളും, പുരോഗതികളുമാണ് അതിന്റെ തുടക്കത്തിന്റെ നിദാനമായത് എന്ന് കാണാം. അതില്‍ ഏറ്റവും പ്രമുഖമായത് 2001 ഇല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവും, അതിന്റെ തുടര്‍ച്ചയായി മാഡ്രിഡിലും, ലണ്ടനിലും നടന്ന സ്‌ഫോടന പാരമ്പരകളുമാണ്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്:

 

“മതം എന്ന അപകടകരമായ അന്ധവിശ്വാസത്തോട് നമ്മള്‍ വര്‍ഷങ്ങളായി പുലര്‍ത്തിയിരുന്ന അനാവശ്യമായ ബഹുമാനം വെടിഞ്ഞ് ഉറക്കെ സംസാരിക്കേണ്ട സമയമായിരിക്കുന്നു. സെപ്റ്റംബര്‍ 11 ശേഷം കാര്യങ്ങള്‍ പഴയത് പോലെ അല്ല.”

മറ്റൊരു കാരണമായി കാണാവുന്നത് ഇന്റര്‍നെറ്റിന്റെയും, സാമൂഹിക മാധ്യമങ്ങളുടെയും ആവിര്‍ഭാവവും വളര്‍ച്ചയുമാണ്. “സമൂഹത്തിലെ പല തുരുത്തുകളിലായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന നാസ്തികര്‍ക്ക് പരസ്പരം പരിചയപ്പെടാനും, അറിവുകള്‍ പങ്ക് വെക്കാനും, തമ്മില്‍ കാണാനും ഇന്റര്‍നെറ്റ് ചെയ്ത സഹായം ചെറുതല്ല” എന്ന് സിമിനോയും, സ്മിത്തും അവരുടെ പഠനത്തില്‍ നിരീക്ഷിക്കുന്നു.

അത് കൂടാതെ, യൂറോപ്പിലെയും, അമേരിക്കയിലെയും ശാസ്ത്ര സാങ്കേതിക അതോറിറ്റികളിലെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുക വഴി നവനാസ്തികതയുടെ വക്താക്കള്‍ക്ക് സമൂഹത്തില്‍ ലഭിച്ച സ്ഥാനത്തിലൂടെ, പ്രകൃതിശാസ്ത്രത്തിലൂന്നിയ നാസ്തികതയ്ക്ക് ഒരു ആധികാരികത കൈവരികയും സ്വത്വവാദപരമായ ഒരു സ്വീകാര്യത സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു എന്ന് ബേംസ്റ്റെയിന്‍ അദ്ദേഹത്തിന്റെ “ഐഡന്റിറ്റി പൊളിറ്റിക്‌സ്” എന്ന കൃതിയില്‍ വിശദീകരിക്കുന്നുണ്ട്.

നവനാസ്തികയുടെ ഉല്‍പ്പത്തിയുടെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, സൈദ്ധാന്തികപരമായോ, സാമൂഹികശാസ്ത്രപരമായോ വിലയിരുത്തേണ്ട പല കാര്യങ്ങളെയും അവഗണിച്ചു കൊണ്ടും, “കോസ്‌മോപോളിറ്റന്‍ ലിബറല്‍” എന്ന നിലയില്‍ ലഭിക്കാവുന്ന സ്വീകാര്യത പരമാവധി മുതലെടുത്തു കൊണ്ടുമാണ് ഈ ഒരു മുന്നേറ്റമുണ്ടായിട്ടുള്ളത് എന്നതാണ്. അതെ സമയം തന്നെ, യുക്തിവാദ പ്രസ്ഥാനങ്ങളും, ഹ്യൂമനിസ്റ്റുകളും പൊതുവെ പുലര്‍ത്തുന്ന ഇടത് ലിബറല്‍ മൂല്യങ്ങളില്‍ നിന്നുമുള്ള വലിയ വ്യതിയാനവും ഇവിടെ കാണാം. ഒരുപക്ഷെ, അപര വലതുപക്ഷത്തിന്റെ (alt-right) നിലപാടുകളോട് പലതരത്തിലും യോജിച്ചു പോകുന്നവയാണിവ.

ജെന്നിഫര്‍ ഹെക്ട്

 

നവനാസ്തിക ഗ്രൂപ്പുകളില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നത് വ്യാപകമായ ചര്‍ച്ചയ്ക്കിടയാക്കിയ വിഷയമാണ്. അതിനേക്കാളും വ്യാപകമായ വിമര്‍ശനം വിളിച്ചു വരുത്തിയത് ലിംഗസമത്വത്തോടും, ഫെമിനിസത്തോടുമുള്ള അവരുടെ വിവേചനപരമായ നിലപാടുകളാണ്.

റിച്ചാര്‍ഡ് ഡോക്കിന്‍സ് ഫെമിനിസ്റ്റുകളെയും, ലിബറല്‍ ഫെമിനിസത്തെയും വിമര്‍ശിച്ചെഴുതിയത് വന്‍ വിവാദമായിരുന്നു. നാസ്തിക കൂട്ടായ്മകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവും, ലൈംഗിക അധിക്ഷേപങ്ങളും നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. നവനാസ്തികതയുടെ പ്രമുഖവക്താക്കളായ ജെന്നിഫര്‍ ഹെക്ട്, സൂസന്‍ ജേക്കബി തുടങ്ങിയ യുക്തിവാദികളേയും അവരുടെ കൃതികളേയും അവഗണിക്കുകയായിരുന്നു എന്ന വാദവുമുണ്ട്.

(ജെന്നിഫര്‍ ഹെക്റ്റിന്റെ Doubt: A History എന്ന പുസ്തകമാണ് നവനാസ്തികതയ്ക്ക് തുടക്കം കുറിച്ചത് എന്ന് സാം ഹാരിസിനെ പോലുള്ളവര്‍ അംഗീകരിക്കുന്നു പോലുമുണ്ട് – (Sam Harris, The End of Faith)). പുരുഷമേധാവിത്വപരമായ ഒരു സമീപനമാണ് നവനാസ്തികത സ്വീകരിക്കുന്നത് എന്ന് ബെര്‍ക്കോവിച്‌സിനെ പോലുള്ളവര്‍ പറയുന്നു. (Berkowitz, P. (2007). “The new new atheism”. The Wall Street Journal, July 16 2007). ഇങ്ങനെയുള്ള നിരവധി കാരണങ്ങളാല്‍ നാസ്തികത – പ്രത്യേകിച്ച് നവനാസ്തികത – വിശേഷാധികാരമുള്ള വെളുത്തവര്‍ഗക്കാരനായ മിഡില്‍ ക്ലാസ് പുരുഷന്റേതാണ് എന്ന വ്യാപക വിമര്‍ശനം ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകള്‍ക്കുണ്ട് എന്ന് മക്‌ക്രെയിറ്റ്, മേയേഴ്‌സ്, വാട്‌സണ്‍ തുടങ്ങിയവര്‍ നിരീക്ഷിക്കുന്നുണ്ട്.

അഹമ്മദ് മുഹമ്മദ്

 

ഇതിനേക്കാള്‍ വികലമാണ് മതവിശ്വാസികളോടുള്ള നിലപാടുകള്‍ എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഹമ്മദ് മുഹമ്മദ് എന്ന 14 വയസ്സുകാരനായ ടെക്സാസിലെ ഒരു വിദ്യാര്‍ത്ഥി ക്ലാസില്‍ ഒരു ക്‌ളോക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് റിച്ചാര്‍ഡ് ഡോക്കിന്‍സ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പലരും വായിച്ചു കാണും. ബോംബ് എന്ന് സംശയിച്ച് ആ വിദ്യാര്‍ത്ഥി പിടിക്കപ്പെടുകയും, ഒടുവില്‍ തെറ്റ് തിരിച്ചറിഞ്ഞ് സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറയുകയും ചെയ്ത അവസരത്തില്‍ ഒരു ISIS അംഗത്തെ ചൂണ്ടിക്കാണിച്ച് “ഇവനും ഒരു കുട്ടിയാണ്” എന്ന അനുചിതമായ പ്രസ്താവന നടത്തുകയാണ് ഡോക്കിന്‍സ് ചെയ്തത്. ഒരു പടി കൂടെ കടന്ന് അഹമ്മദ് ഒരു “തട്ടിപ്പുകാരനാണ്” എന്ന് വരെ ഡോക്കിന്‍സ് പ്രസ്താവിക്കുകയുണ്ടായി.

“മതങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ല – The God Delusion” എന്ന ഉപരിപ്ലവമായ പ്രസ്താവനയും ഇതോട് ചേര്‍ത്ത് വായിക്കാം. പ്രശസ്ത ശാസ്ത്ര എഴുത്തുകാരനായ റോബര്‍ട്ട് റൈറ്റ് ഇതിനെ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. രണ്ട് എത്നിക് ഗ്രൂപ്പുകള്‍ തമ്മില്‍ കുടിയേറ്റ ദേശത്തെ ചൊല്ലി ദീര്‍ഘനാളായി നിലനില്‍ക്കുന്ന ഒരു തര്‍ക്കം കേവലം മതം എന്ന കള്ളിയില്‍ ഒതുക്കുന്നതിന്റെ അപകടം റൈറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്.

 

ഹിച്ചന്‍സിന്റെ, “മതവിശ്വാസമാണ് സര്‍വ കുഴപ്പങ്ങളുടെയും മൂലകാരണം” എന്ന നിരീക്ഷണത്തെയും റൈറ്റ് വിമര്‍ശിക്കുന്നു. “വാദത്തിന് അത് അംഗീകരിച്ചാല്‍ തന്നെയും, ദേശീയതയുടെയും, വംശീയതയുടെയും പേരില്‍ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് പേരുടെ ജീവന് എന്ത് സമാധാനം പറയും? ഹിറ്റ്‌ലര്‍ അവസാനം പറഞ്ഞ രണ്ടു കാര്യങ്ങള്‍ ആണ് കൂട്ടക്കൊലയ്ക്ക് ന്യായീകരണമായി ഉപയോഗിച്ചത് എന്ന് മറക്കാതിരിക്കുക” അദ്ദേഹം പറയുന്നു.

ഇറാക്കിലെ അമേരിക്കന്‍ ഇടപെടലില്‍ നിരവധി സിവിലിയന്‍സ് കൂട്ടക്കൊല ചെയ്തപ്പോള്‍ അതിനെ പരിഹസിച്ചു കൊണ്ട് ഹിച്ചന്‍സ് പറഞ്ഞത് “മരണ സംഖ്യ കുറഞ്ഞു പോയി, നിരവധി ജിഹാദികള്‍ രക്ഷപ്പെട്ടു കാണും” എന്നാണെന്ന് സൈമണ്‍ കോട്ടീ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്. ഇതേ പുസ്തകത്തില്‍ തന്നെ മുസ്ലീങ്ങളോടുള്ള ഹിച്ചന്‍സിന്റെ വംശവെറി വെളിവാക്കുന്ന നിരവധി വാചകങ്ങളുണ്ട്.

PZ മയേഴ്സും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ പുറകിലായിരുന്നില്ല എന്ന് കാണാം. ലോറി ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരു ഫണ്ട് ശേഖരണത്തിന് വേണ്ടി ബലൂണ്‍ യാത്രയ്ക്ക് ശ്രമിച്ച ഒരു വൈദികന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് “കൂടുതല്‍ വൈദികര്‍ ബലൂണ്‍ പറത്താന്‍ ഇടവരട്ടെ” എന്നാണ്. അത്യന്തം മാനവിക വിരുദ്ധമായ ഇത്തരം പ്രസ്താവനകളില്‍ നിന്ന് ബോധ്യമാകുന്നത് നവനാസ്തികതയുടെ വക്താക്കള്‍ കേവലം മതത്തോട് മാത്രമല്ല; അതില്‍ പെട്ടുപോയ മനുഷ്യരോടും ശത്രുതാമനോഭാവം പുലര്‍ത്തുന്നവരാണ് എന്നതാണ്.

PZ മയേഴ്‌സ്

 

ഇത്തരം വംശീയവും, ലിംഗസമത്വത്തിനെതിരായതും, ന്യൂനപക്ഷങ്ങള്‍ക്കെതിരായതുമായ നിരവധി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. യുക്തിവാദികള്‍ പൊതുവെ വെച്ച് പുലര്‍ത്തിയിരുന്ന ഇടത് ലിബറല്‍ മൂല്യങ്ങള്‍ക്ക് കടകവിരുദ്ധവും, അപര വലതുപക്ഷവാദങ്ങള്‍ക്ക് ബലമേകുന്നതുമായ ഇത്തരം നിലപാടുകള്‍ നവനാസ്തികരെ വലതുപക്ഷ വാദികള്‍ എന്ന് തന്നെ വിളിക്കാന്‍ പ്രേരകമാണ്.

ലോകത്തെമ്പാടും നവ നാസ്തികയുടെ അലകളടിച്ചപ്പോള്‍ പ്രബുദ്ധകേരളവും അതില്‍ നിന്ന് മാറി നിന്നില്ല. ഒരു പക്ഷേ, രവിചന്ദ്രന്‍. സി എഴുതിയ “നാസ്തികനായ ദൈവം” (ഡോക്കിന്‍സിന്റെ The God Delusion എന്ന കൃതിയെക്കുറിച്ചുള്ള പഠനം) എന്ന വളരെ പ്രചാരം നേടിയ പുസ്തകത്തോടെ ആവണം നവനാസ്തികത ശ്രദ്ധേയമായ രീതിയില്‍ മലയാളത്തില്‍ ഇടം പിടിച്ചത്. ഡോക്കിന്‍സിന്റെ കൃതി തന്നെ അവലംബമായി എന്നത് കേവലം യാദൃശ്ചികത ആവണമെന്നില്ല! ബ്ലോഗുകളിലൂടെയും ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയും നവനാസ്തികതയുടെ വക്താക്കള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുകയായിരുന്നു.

നവനാസ്തികത അതിന്റെ സകല ഗുണങ്ങളോടെയും ദോഷങ്ങളോടെയുമാണ് ഇവിടെയും പ്രചരിച്ചത്. “പടക്കുതിരകളുടെ” പാത തന്നെ ചില യുക്തിവാദികളും പിന്തുടരാന്‍ തീരുമാനിച്ചപ്പോള്‍, അതില്‍ ഡോക്കിന്‍സും കൂട്ടരും പുലര്‍ത്തിയ വികലമായ സാമൂഹിക നിലപാടുകള്‍ ഏറിയോ കുറഞ്ഞോ ഏറ്റെടുക്കപ്പെടുകയുണ്ടായി. പ്രകൃതിശാസ്ത്രം എന്ന ഏകമാനദണ്ഡം ഉപയോഗിച്ച്, ഇന്ത്യയെപ്പോലെ സാമൂഹികവും സാംസ്്കാരികവുമായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഡെമോഗ്രഫി ഉള്ള രാജ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന നിലപാട് വാസ്തവങ്ങള്‍ക്ക് നിരക്കുന്നതല്ല എന്ന് ചില യുക്തിവാദികള്‍ എങ്കിലും തിരിച്ചറിഞ്ഞിരുന്നു.

രവിചന്ദ്രന്‍. സി

 

സെമിറ്റിക് മത വിശ്വാസങ്ങളെ കൈകാര്യം ചെയ്യുന്ന അതേ രീതിശാസ്ത്രം വെച്ച് ഇന്ത്യന്‍ ജനതയുടെ “ഐഡന്റിറ്റി” തന്നെ നിര്‍വചിക്കാന്‍ പോന്ന ജാതിവ്യവസ്ഥയെ കൈകാര്യം ചെയ്യാം എന്ന് കരുതിയതാവണം ഏറ്റവും വലിയ പരാജയം. ജാതി എന്നത് കൃത്യമായ ഹൈറാര്‍ക്കി ഉള്ള ഒരു അധികാരഘടനയാണ്. വിശ്വാസം എന്നത് ഒരു മാനദണ്ഡമേ അല്ലാത്ത അവിടെ ആ ഹൈറാര്‍ക്കിയല്‍ വ്യവസ്ഥയോട് നിങ്ങള്‍ എത്രത്തോളം ചേര്‍ന്ന് പോകുന്നു എന്നതനുസരിച്ചാണ് ഹിന്ദുമതത്തിലെ നിങ്ങളുടെ സ്ഥാനം.

മതം ഉപേക്ഷിക്കുന്നത് പോലെ ജാതി ഉപേക്ഷിക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന കേരള നവനാസ്തികര്‍ പടിഞ്ഞാറന്‍ നവനാസ്തികര്‍ നേരിട്ട അതേ വിമര്‍ശനത്തിന് അര്‍ഹരാണ്. സാമൂഹിക ശാസ്ത്രപരമായോ, രാഷ്ട്രീയപരമായോ, സൈദ്ധാന്തികപരമായോ യാതൊരു പഠനവും നടത്താതെ “അവനവന്” ഉപേക്ഷിക്കാന്‍ കഴിയുന്ന എന്തോ ഒന്നായിട്ടാണ് അവര്‍ ഈ ഹൈറാര്‍ക്കിയല്‍ വ്യവസ്ഥയെ കണ്ടിരിക്കുന്നത്. ജാതി എന്ന സോഷ്യല്‍ കണ്‍സ്ട്രക്റ്റ് ഉണ്ടാക്കുന്ന ആഘാതം ഏത് തലത്തിലാണെന്ന് വിലയിരുത്താതെ അതിന് പരിഹാരം നിര്‍ദേശിക്കുക സാധ്യമല്ല. കേവലം പേരില്‍ നിന്ന് ജാതി ഉപേക്ഷിക്കുക എന്നത്, ആ ജാതിയുടെ ഗുണഭോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു പ്രിവിലേജ് ആണ്.

ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് ജാതിസംവരണത്തോടുള്ള ഇവരുടെ നിലപാടുകള്‍. സംവരണമേ പാടില്ല എന്നതാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായമെങ്കിലും, ദളിത് വിഭാഗക്കാര്‍ക്ക് സംവരണം ആകാം എന്ന “ആനുകൂല്യം” നല്‍കുന്ന നാസ്തികരും ഉണ്ട്! സംവരണത്തിന്റെ അടിസ്ഥാന തത്വവും, ഭരണഘടനാപരമായ ഉദ്ദേശ്യലക്ഷ്യങ്ങളും എന്താണെന്ന് കേവലമായ ഒരു അറിവ് പോലുമില്ലാതെയാണ് ഈ പ്രസ്താവനകള്‍ എന്നത് ദുഖകരമാണ്.

അഫര്‍മേറ്റിവ് ആക്ഷനെതിരെ അമേരിക്കയിലെ അപര വലതുപക്ഷം സ്വീകരിക്കുന്ന അതേ നിലപാട്, ഇവിടെ ഇന്ത്യയൊട്ടാകെ വിഴുങ്ങാന്‍ നില്‍ക്കുന്ന സംഘപരിവാര്‍ ഫാഷിസ്റ്റ് ശക്തികളോടൊപ്പം നവനാസ്തികരും പങ്ക് വെക്കുന്നു എന്നറിയുമ്പോഴാണ് എത്ര അപകടകരമായ വലത് തീവ്രവാദത്തിനാണ് ഇവര്‍ വളം വെക്കുന്നത് എന്ന് മനസ്സിലാവുക. എങ്കില്‍ പോലും, കേരളത്തിലെ പ്രമുഖ യുക്തിവാദികള്‍ അടങ്ങുന്ന വലിയൊരു സംഘം ഇതിനെതിരെ രംഗത്ത് വന്നു എന്നത് ആശാവഹമാണ്.

 

പ്രശസ്ത യുക്തിവാദി ആയ ഇ.എ ജബ്ബാര്‍ താന്‍ എന്ത് കൊണ്ട് സംവരണത്തെ അനുകൂലിക്കുന്നു എന്ന് മാത്രമല്ല; സംവരണത്തിന്റെ ആവശ്യകതയെക്കുറിച്ചും വിശദമായി എഴുതുകയുണ്ടായി. മറ്റൊരു പ്രമുഖ യുക്തിവാദിയും, ശാസ്ത്രപ്രചാരകനുമായ ഡോ. സി. വിശ്വനാഥന്‍ “സംവരണം ആവശ്യമില്ല എന്നത് യുക്തിവാദി പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ നിലപാടാണ്” എന്ന നവനാസ്തിക പരാമര്‍ശത്തെ ചരിത്രരേഖകള്‍ ഉദ്ധരിച്ചു തന്നെ ഖണ്ഡിക്കുകയുണ്ടായി.

കേരളക്കരയില്‍ യുക്തിവാദ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കാവുന്ന സഹോദരന്‍ അയ്യപ്പന്റെ നിലപാടുകള്‍ സംവരണത്തിനും, അതിന്റെ അടിസ്ഥാനോദ്ദേശ്യമായ തുല്യ പ്രാതിനിധ്യം എന്നതിനും അനുകൂലമായിരുന്നു എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിച്ച ഡോ. വിശ്വനാഥന്റെ വാദങ്ങള്‍ ഇടത് ലിബറല്‍ മൂല്യങ്ങളില്‍ നിന്നും നവ നാസ്തികത എങ്ങനെ വ്യതിചലിക്കുന്നു എന്നത് ചൂണ്ടിക്കാണിക്കുന്നു.

നവനാസ്തികരുടെ പ്രഭാഷണങ്ങളിലെ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഡോ. അരുണ്‍ എന്‍.എം ചെയ്തത്. മുസ്‌ലീങ്ങള്‍ സംവരണത്തിനര്‍ഹരല്ല എന്ന് സ്ഥാപിക്കാനുള്ള വൃഥാശ്രമത്തെ ആധികാരിക റെഫറന്‍സുകള്‍ സഹിതം അദ്ദേഹം ഖണ്ഡിക്കുന്നു. (സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ മുസ്‌ലിം വിരോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു പ്രധാനപ്പെട്ട “നുണ” ആണിതെന്നത് ചേര്‍ത്ത് വായിക്കാം!) അമേരിക്കയില്‍ വര്‍ണ വെറി ഉണ്ടെന്നത് ഒരു “വെറും വാദം” ആണെന്ന് സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിലെ വര്‍ണ വെറി എന്നത് ഒരു മിത്ത് ആണെന്ന് പറയാനുള്ള ശ്രമത്തെയും ഡാറ്റ സഹിതം അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. അപര വലതുപക്ഷത്തിന്റെ തീവ്രവാദ ശൈലിയിലാണ് നുണപ്രചാരണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ കഴിയുകയില്ല!

ഡോ. സി. വിശ്വനാഥന്‍, ഇ.എ ജബ്ബാര്‍

 

ഇതിനൊക്കെ മുമ്പ് തന്നെ “മധ്യവര്‍ഗ പ്രിവിലേജ്ഡ് പുരുഷന്മാരാല്‍” നയിക്കപ്പെടുന്ന നവനാസ്തികത ലിംഗസമത്വത്തിനെതിരെയും ഫെമിനിസത്തിനെതിരെയും പ്രചാരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. യുക്തിവാദികളുടെ ഒരു വാര്‍ഷിക സമ്മേളനത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ സ്ത്രീകള്‍ക്കെതിരെയും, സ്ത്രീപക്ഷവാദത്തിനെതിരെയും ആഞ്ഞടിച്ച ഒരു നവനാസ്തിക പ്രമുഖന്‍ ഡോക്കിന്‍സ് ഉള്‍പ്പെടെയുള്ളവരുടെ സ്ത്രീവിരുദ്ധരുടെ നിലപാടുകളില്‍ നിന്ന് തരിമ്പും പുറകോട്ടില്ല എന്ന് സൂചിപ്പിക്കുകയായിരുന്നു.

വലിയ വിമര്‍ശനങ്ങള്‍ ആ വേദിയില്‍ വെച്ചു തന്നെ ഉയര്‍ന്നെങ്കിലും, തങ്ങളുടെ നിലപാടുകളില്‍ നവനാസ്തിക പ്രമുഖന്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി അറിവില്ല. നിരവധി ഫെമിനിസ്റ്റുകളും, ലിബറലുകളും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നെങ്കിലും ലൈംഗികാധിക്ഷേപങ്ങളിലൂടെ വിമര്‍ശനങ്ങളെ നേരിടാനാണ് അവര്‍ തീരുമാനിച്ചത്.

പാശ്ചാത്യ നവനാസ്തികര്‍ പിന്തുടര്‍ന്ന് പോന്ന മാനവിക വിരുദ്ധമായ നിലപാടുകള്‍ അതേപടി ആവര്‍ത്തിക്കുക എന്ന ഒരു പാറ്റേണ്‍ ഇവിടെ കാണാം. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം നവനാസ്തികര്‍ ദൈവവിശ്വാസത്തിന്റെ കാര്യത്തിലൊഴികെ, സെക്യൂലര്‍ ഹ്യൂമനിസം മുമ്പോട്ട് വെക്കുന്ന പല മാനവിക മൂല്യങ്ങളുടെ കാര്യത്തിലും പ്രാകൃതമായ ചിന്താഗതി പുലര്‍ത്തുന്നവര്‍ ആണെന്നതാണ്. കേവലവിശ്വാസം ഉപേക്ഷിക്കുന്നതോടെ മാനവിക മൂല്യങ്ങള്‍ കൈവരുകയായി എന്ന തെറ്റിധാരണ മാറ്റാന്‍ നവനാസ്തികതയുടെ ചരിത്രം ഒരു പാഠമാണ്. “മതമുപേക്ഷിക്കൂ, മനുഷ്യരാകൂ” എന്ന മുദ്രാവാക്യം അവരെത്തന്നെ നോക്കി ചിരിക്കുന്നുണ്ടാവണമിപ്പോള്‍!

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ആശയ്ക്ക് വകയുണ്ട്. നവനാസ്തികതയ്ക്കുള്ളില്‍ നിന്ന് തന്നെ അതിന്റെ പോരായ്മകള്‍ മനസ്സിലാക്കി ചില പുതിയ ചിന്താധാരകള്‍ ഉയര്‍ന്നു വരുന്നുണ്ട്. നമുക്കിതിനെ “നവ നവ നാസ്തികതയെന്നോ” അല്ലെങ്കില്‍ അവര്‍ സ്വയം അഭിസംബോധന ചെയ്യുന്നത് പോലെ നാസ്തികത+ (atheism+) എന്നോ വിളിക്കാം.

പ്രവിലേജ്ഡ് മിഡില്‍ക്ലാസ് വൈറ്റ് പുരുഷന്മാരാല്‍ നയിക്കപ്പെട്ട നവനാസ്തികതയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ്, രാഷ്ട്രീയപരമായി വിഷയങ്ങളെ കൂടുതല്‍ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യുക; രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായി ഇടപെടുക; സെക്യൂലറിസത്തിന്റെയും, ഹ്യൂമനിസത്തിന്റെയും, നാസ്തികവാദത്തിന്റെയും എല്ലാ ഗുണങ്ങളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരിക; കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ സംവരണം പോലുള്ള സാമൂഹിക വിഷയങ്ങളെ സമീപിക്കുക; ലിംഗസമത്വം, ന്യൂനപക്ഷ പ്രാതിനിധ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക തുടങ്ങിയ ആശയങ്ങളുമായി ജെന്‍ മക് ക്രെയിറ്റ് തുടങ്ങിയവര്‍ മുമ്പോട്ട് വെച്ച ഈ പുതിയ വീക്ഷണത്തിന് എല്ലാ ആശംസകളും നേരാം! ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്, കേരളത്തിലെ നാസ്തികരും പുതിയ നാസ്തിക മൂല്യങ്ങളെ മുമ്പോട്ട് വെക്കുമെന്ന് പ്രത്യാശിക്കാം!