| Saturday, 4th January 2020, 10:52 am

ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം; ഇറാന്‍ പൗര സേനയിലെ ആറുപേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സേനയിലെ രഹസ്യ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ വീണ്ടും വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പൗര സേനയുടെ ആറുപേര്‍ ആക്രമണത്തില്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ടു കാറുകള്‍ തകര്‍ന്നു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലായിരുന്നു അപകടം.

വെള്ളിയാഴ്ച ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയും ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് പി.എം.എഫ്പ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും വ്യോമാക്രമണമുണ്ടാവുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാഖ്വി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുലര്‍ച്ചെ 1.15 ഓടെയായിരുന്നു ആക്രമണം. ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ വധത്തില്‍ ഇറാന്‍ ശക്തമായി പ്രതികരിക്കുമെന്ന് അറിയിച്ചിരുന്നു.

യു.എസ് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇറാനില്‍ യു.എസിനെ പ്രതിനിധീകരിക്കുന്ന സ്വിസ് എംബസി പ്രതിനിധിയെ വിളിച്ചു വരുത്തുമെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി പ്രതിനിധി അബ്ബാസ് മൊസാവി അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടാവുന്നത്.

എന്നാല്‍ ഖാസിം സുലൈമാനി കൊല്ലപ്പെടേണ്ടിയിരുന്നയാളായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനിലും വെറുക്കപ്പെട്ടയാളാണ് സുലൈമാനിയെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് യുദ്ധം അവസാനിപ്പിക്കാനാണെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധാഹ്വാനമല്ലെന്ന് പറഞ്ഞ ട്രംപ് ഇറാഖില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുമുണ്ട്.

We use cookies to give you the best possible experience. Learn more