| Monday, 18th April 2016, 3:47 pm

സംസ്ഥാനത്ത് ആറ് പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പുതിയ ഫൈവ് സ്റ്റാര്‍  ബാറുകള്‍ക്ക് കൂടി അനുമതി. നാല് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ നിന്നും ഫൈവ് സ്റ്റാറിലേക്ക് നിലവാരം ഉയര്‍ത്തിയാണ് അനുമതി നല്‍കിയത്.

ഇതില്‍ എറണാകുളത്തെ സാജ് എര്‍ത്ത് റിസോര്‍ട്ടിന് അനുമതി കിട്ടിയത് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.

എറണാകുളത്ത് മൂന്നും ആലപ്പുഴ തൃശൂര്‍, വയനാട് ജില്ലകളില്‍ ഒന്നു വീതം ഹോട്ടലുകള്‍ക്കുമാണ് ബാര്‍ ലൈസന്‍സ് അനുവദിച്ചത്. ഇതോടെ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളുടെ എണ്ണം 23 ല്‍ നിന്നും 29 ആയി.

10 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കൂടി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ എന്നാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം.

അതേസമയം പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് മദ്യനയത്തിന്റെ ഭാഗം തന്നെയാണെന്നും സ്വാഭാവിക നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫൈവ് സ്റ്റാര്‍ ബാറുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലല്ല. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂര്‍ ജോയ്‌സ്പാലസ് നേരത്തെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ ആയിരുന്നു. ഈ വര്‍ഷം ഫോര്‍ സ്റ്റാര്‍ ആയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ബിയര്‍ പാര്‍ലര്‍ അനുവദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more