മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍.സി.പി നേതാവ് നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നവാബ് മാലിക്കിനെ ഉന്നംവെച്ച് രൂക്ഷപരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫഡ്‌നാവിസ്.
‘ഈ ദിവസത്തെ ചിന്ത’ എന്ന തലക്കെട്ടില്‍ ഐറിഷ് നാടകകൃത്ത് ജോര്‍ജ്ജ് ബെര്‍ണാഡ് ഷായെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് നവാബ് മാലിക്കിനെതിരെ രംഗത്തെത്തിയത്.
‘ഒരു പന്നിയുമായി മല്‍പിടുത്തത്തിന് നില്‍ക്കരുതെന്ന് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പഠിച്ച പാഠമാണ്. നിങ്ങള്‍ക്കുമേല്‍ ചെളി പറ്റുമെന്നല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. മാത്രമല്ല ഈ മല്‍പിടുത്തം പന്നിക്കിഷ്ടമാണ് താനും,’ എന്നായിരുന്നു ഫഡ്‌നാവിസ് കുറിച്ചത്.
അധോലോകവുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും ഫഡ്‌നാവിസ് രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയാണെന്നുമായിരുന്നു നവാബ് മാലിക് കഴിഞ്ഞ ദിവസം ആരോപിച്ചത്.
‘ആരാണ് റിയാസ് ഭാട്ടി? ദാവൂദുമായി ബന്ധമുള്ള ഇയാളെ വ്യാജ പാസ്പോര്‍ട്ടുമായി പിടികൂടിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇയാളെ വിട്ടയച്ചു. ഫഡ്‌നാവിസിനൊപ്പമുള്ള ചടങ്ങുകളിലും ബി.ജെ.പിയുടെ പരിപാടികളില്‍ പോലും അദ്ദേഹത്തെ കണ്ടിരുന്നു,’ എന്നായിരുന്നു നവാബ് മാലിക് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
‘പ്രധാനമന്ത്രിയെ ഇതിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഈ റിയാസ് ഭാട്ടിക്ക് പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നു, മാത്രമല്ല അദ്ദേഹത്തോടൊപ്പം ഫോട്ടോകളെടുക്കുക പോലും ചെയ്തു.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അധോലോക നായകര്‍ താനെയില്‍ ദേവേന്ദ്ര ഫഡ്നാവിസ് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് സംസാരിച്ചാണ് റിയാസ് ഭാട്ടിയുമായി ബന്ധപ്പെട്ട കേസുകള്‍ ഒതുക്കിത്തീര്‍ത്തത്,’ നവാബ് മാലിക് പറഞ്ഞു.
2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ അന്ന് ഡി.ആര്‍.ഐയില്‍ ഉണ്ടായിരുന്ന സമീര്‍ വാങ്കഡെയുടെ സഹായത്തോടെ ദേവേന്ദ്ര ഫഡ്നാവിസ് സംസ്ഥാനത്തെ വ്യാജ കറന്‍സി റാക്കറ്റുകള്‍ സംരക്ഷിച്ചതായും നവാബ് മാലിക് ആരോപിച്ചിരുന്നു.
‘2016-ലാണ് നോട്ട് നിരോധനം നടന്നത്. രാജ്യത്തുടനീളം കള്ളനോട്ട് പിടിക്കപ്പെട്ടു, എന്നാല്‍ 2017 ഒക്ടോബര്‍ 8 വരെ മഹാരാഷ്ട്രയില്‍ നിന്നും ഒരു കള്ളനോട്ട് പോലും പിടിക്കപ്പെട്ടില്ല. കാരണം സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴില്‍ കള്ളനോട്ട് കളി നടക്കുകയായിരുന്നു’ നവാബ് മാലിക് പറഞ്ഞു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിന് പിന്നില്‍ വാങ്കഡെയുടെ ഇടപെടലുകള്‍ ഉണ്ടെന്നും മാലിക് പറഞ്ഞു.
1993-ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ രണ്ട് പ്രതികളില്‍ നിന്നും വ്യാജ രേഖകള്‍ വഴി നവാബ് മാലിക്കും അദ്ദേഹത്തിന്റെ കുടുംബവും ഉള്‍പ്പെട്ട ഒരു കമ്പനി വളരെ കുറഞ്ഞ വിലയ്ക്ക് സബര്‍ബന്‍ കുര്‍ളയില്‍ ഭൂമി വാങ്ങിയെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ച ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫഡ്‌നാവിസിനെതിരെ നവാബ് മാലിക് രംഗത്തെത്തിയത്.