ജയ്പൂര്‍: ഉദ്യോഗസ്ഥര്‍ ടി-ഷര്‍ട്ടും ജീന്‍സും ധരിച്ച് ഓഫീസില്‍ വരുന്നത് വിലക്കിയ രാജസ്ഥാന്‍ തൊഴില്‍വകുപ്പിന്റെ ഉത്തരവ് വിവാദമാകുന്നു. ടി-ഷര്‍ട്ടും ജീന്‍സും മാന്യതയില്ലാത്ത വസ്ത്രങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ ഇവ ധരിച്ച് ജോലിക്ക് വരരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
ലേബര്‍ കമ്മിഷണര്‍ ഗിരിരാജ് സിങ് ഖുശ്വാഹയാണ് വസ്ത്രധാരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.
വകുപ്പിലെ ഉദ്യോഗസ്ഥരില്‍ പലരും ടി- ഷര്‍ട്ട് ജീന്‍സ് തുടങ്ങിയ മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് ഓഫീസിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഓഫിസിന്റെ മാന്യതയ്ക്കു ചേര്‍ന്നതല്ല. അതിനാല്‍ ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ പാന്റ്സും ഷര്‍ട്ടും ധരിച്ച് മാത്രമേ ഓഫീസില്‍ വരാന്‍ പാടുള്ളു എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
സര്‍ക്കുലറിനെതിരെ എതിര്‍പ്പുമായി വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സര്‍ക്കുലറിനെ ശക്തമായി തന്നെ എതിര്‍ക്കുന്നുവെന്നും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ലേബര്‍ കമ്മിഷണറോട് ആവശ്യപ്പെടുമെന്നും രാജസ്ഥാന്‍ എംപ്ലോയീസ് ഫെഡറേഷന്‍(യുണൈറ്റഡ്) പ്രസിഡന്റ് ഗജേന്ദ്ര സിങ് പി.ടി.ഐയെ അറിയിച്ചു.
“ജീന്‍സും ടി-ഷര്‍ട്ടും എങ്ങനെയാണ് മാന്യതയില്ലാത്ത വസ്ത്രമാകുന്നത്? സംസ്ഥാനത്തെവിടെയും അത്തരത്തിലൊരു നിയമം നിലനില്‍ക്കുന്നില്ല.” ഗജേന്ദ്ര സിങ് പറയുന്നു. ജനാധിപത്യരീതിയില്‍ തന്നെ സര്‍ക്കുലറിനെ എതിര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: ‘അമ്മ’യില്‍ നിന്ന് രാജിവെച്ച നടിമാരുടേത് ധീരമായ നടപടി; നടിമാര്‍ക്ക് പിന്തുണയുമായി വി.എസ്
ഓഫീസിന്റെ മാന്യതയും അതിന്റെ ചട്ടക്കൂടും കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ലേബര്‍ കമ്മിഷണറുടെ ന്യായീകരണം. ഉദ്യോഗസ്ഥരിലാരും തന്നെ പരാതിയുമായി തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്‍പും രാജസ്ഥാനില്‍ ഉണ്ടായിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഇറുകിയ ജീന്‍സുപോലുള്ള മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ഒഴിവാക്കി സല്‍വാറും കമ്മീസും ഉപയോഗിക്കണമെന്നായിരുന്നു സര്‍ക്കുലറിലൂടെ നിര്‍ദ്ദേശിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.