| Tuesday, 26th October 2021, 10:18 am

ഞങ്ങളുടെ മകള്‍ക്ക് നീതി വേണം, പ്രതിയെ തൂക്കിലേറ്റണം; ഗുരുഗ്രാമില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുരുഗ്രാമില്‍ അഞ്ച് വയസുകാരിയായ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ കുടുംബം.

കര്‍വ ചൗത്ത് ആഘോഷത്തിന്റെ ഭാഗമായി വളകള്‍ വാങ്ങാനായി പോയതായിരുന്നെന്നും മകളെ അയല്‍വാസിയെ ഏല്‍പ്പിച്ചിട്ടായിരുന്നു പോയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

” 20 മിനിറ്റിനുള്ളില്‍ ഞാന്‍ തിരിച്ചെത്തിയിരുന്നു. ഞങ്ങളുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന യുവതിയുടെ കൈയില്‍ മകളെ ഏല്‍പ്പിച്ചായിരുന്നു പോയത്. അവരുടെ മകന്‍ ഇത് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല,” പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

”അവന്‍ രാവിലെ മുതല്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നും ഉടന്‍ തന്നെ തിരിച്ചെത്താമെന്നും അതുവരെ മകളെ നോക്കണേ എന്നും പറഞ്ഞാണ് അവന്റെ അമ്മയുടെ കൈയില്‍ ഞാന്‍ കുഞ്ഞിനെ ഏല്‍പ്പിച്ചത്. സാധാരണ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഞാന്‍ പുറത്തുപോകുമ്പോള്‍ കുഞ്ഞിനെ അവിടെ ഏല്‍പ്പിക്കാറുണ്ട്. അതുകൊണ്ട് എനിക്ക് വിശ്വാസമായിരുന്നു. കഴിഞ്ഞ ദിവസം എന്റെ മകളുടെ ജന്മദിനമായിരുന്നു. അയല്‍ക്കാരെല്ലാം ആ ദിവസം ഞങ്ങളുടെ വീട്ടില്‍ എത്തിയിരുന്നു. ഈ പ്രതിയുള്‍പ്പെടെ അന്ന് ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, ” പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

22 കാരനായ കൂലിപ്പണിക്കാരനായ പ്രതിയും അമ്മയും ഇവരുടെ വീടിന് തൊട്ടടുത്തായാണ് വാടകയ്ക്ക് താമസിക്കുന്നത്. കുഞ്ഞിനെ ഏല്‍പ്പിച്ച് അമ്മ പോയതിന് പിന്നാലെ മിഠായി വാങ്ങാനെന്ന വ്യാജേന പ്രതി കുട്ടിയെ വീടിന് പിന്നിലുള്ള മലനിരകളിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയെ കാണാതായതിന് പിന്നാലെ രണ്ടു മണിക്കൂറോളം നാട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ നടത്തി. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതിയെ മദ്യലഹരിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തുന്നത്. ഇയാള്‍ക്കരികിലായി കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

തങ്ങള്‍ക്ക് നീതി വേണമെന്നും കേസില്‍ എത്രയും പെട്ടെന്ന് വിചാരണപൂര്‍ത്തിയാക്കി പ്രതിയ്ക്ക് വധശിക്ഷ വാങ്ങി നല്‍കണമെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയും ചിലര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

പൊലീസ് പ്രതിയെ തങ്ങള്‍ക്ക് കൈമാറണമെന്നും നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. ഇതിനിടെ ചിലര്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഗ്രാമവാസികള്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞതിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായും ശ്വാസം മുട്ടയാണ് മരണം സംഭവിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രാഥമിക പരിശോധനയില്‍, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ജനനേന്ദ്രിയത്തിലും മുഖത്തും കഴുത്തിലും നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ബോര്‍ഡിന്റെ ഭാഗമായ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ദീപക് മാത്തൂര്‍ പറഞ്ഞു.

ഞായറാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ മദ്യലഹരിയിലാണ് കുറ്റം ചെയ്തതെന്ന് പ്രതി സമ്മതിച്ചു. തിങ്കളാഴ്ച ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സൗത്ത് ഡി.സി.പി അഷ്ട മോദി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Never thought our next-door neighbour could do this, says mother of Dalit girl raped and killed in Gurgaon

We use cookies to give you the best possible experience. Learn more