തിരുവനന്തപുരം: ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമം വാരികയ്ക്കെതിരേ കേസെടുക്കാനുള്ള നീക്കം അവിവേകമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
മന്ത്രി സഭാ തീരുമാനം അവിവേകമാണ്. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ട് പോകണം. മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണ് ഇത്.
പൗരന്മാരുടെ സ്വകാര്യത നശിപ്പിക്കാന്‍ പോലീസിനെ അനുവദിച്ചിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തീവ്രവാദബന്ധമുള്ള കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നതിന് ആരും തടസ്സം നില്ക്കാന് പാടില്ല. എന്നാല്‍, അന്വേഷണത്തിന്റെ പേരില്‍, രാജ്യദ്രോഹപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്ത പൗരന്മാരുടെ പൗരാവകാശം ഹനിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല
തീവ്രവാദബന്ധമുള്ള കേസിന്റെ മറവില്‍ 268 പേരുടെ ഇമെയില്‍ പരിശോധനയ്ക്കാണ് കേരള പൊലീസ് നടപടി സ്വീകരിച്ചത്. ഇത്രയധികംപേരുടെ ഇമെയില്‍ പരിശോധന നടത്തുന്നതിന് കേരള പൊലീസിന് ആഭ്യന്തരവകുപ്പിന്റെ നിയമപരമായ സമ്മതം വേണം.
കേരള പൊലീസ് നിരീക്ഷണത്തിന് തയ്യാറാക്കിയ 268 പേരില്‍ 10 പേര് ഒഴികെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ്. അവരില്‍ മുസ്ലിംലീഗിന്റെ അറിയപ്പെടുന്ന നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. ഈ വ്യക്തികളെ കണ്ടെത്താനും അവരുടെ “ലോഗിന്‍” വിശദാംശങ്ങള്‍ ശേഖരിക്കാനുമാണ് പൊലീസ് ഉത്തരവുണ്ടായത്.
ഇതിനര്‍ഥം, ഈ വ്യക്തികളുടെ ഇമെയിലിലേക്ക് അവരറിയാതെ അവരുടെ “പാസ്വേര്ഡ്” ഉപയോഗിച്ച് പോലീസിന് കടന്നുകയറാമെന്നാണ്.
മുസ്ലീം ലീഗിന്റെ പ്രസ്താവന അവരുടെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്. ലീഗ് സഹതാപം അര്‍ഹിക്കുന്ന പാര്‍ട്ടിയാണ്. ഇ മെയില്‍ വിവാദത്തില്‍ സര്‍ക്കാര്‍ യുക്തിസഹമായ വിശദീകരണം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.