| Monday, 8th July 2019, 8:03 am

അമിത് ഷാ ആഭ്യന്തരമന്ത്രിയാണെന്ന് കരുതി പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല: ശ്വേത ഭട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമിത് ഷാ ആഭ്യന്തരമന്ത്രിയായെന്ന് കരുതി നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. ഈ പോരാട്ടത്തില്‍ താനും സഞ്ജീവും ഇതുവരെ ഭയന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂദല്‍ഹി പ്രസ്‌ക്ലബില്‍ എന്‍.സി.എച്ച്.ആര്‍.ഒ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സംഗമത്തിനെത്തിയതായിരുന്നു ശ്വേത ഭട്ടും മകന്‍ ശന്തനു ഭട്ടും.

സഞ്ജീവ് ജയിലിലായിട്ടും പീഡനം തുടരുകയാണ്. തങ്ങളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ ട്രക്കിന് നമ്പറും ഡ്രൈവര്‍ക്ക് ലൈസന്‍സുമില്ലായിരുന്നു. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷക്ക് കോടതി വിധിയുണ്ടായിട്ടും അത് നിഷേധിച്ചു.- ശ്വേത പറഞ്ഞു.

സഞ്ജീവിനെ ജയിലില്‍ കാണാന്‍പോലും അനുവദിക്കാതെ തിരിച്ചയക്കും. രാവിലെ പോയാല്‍ വൈകുന്നേരം വരാന്‍ പറയും. കേരളത്തില്‍നിന്ന് വലിയ പിന്തുണയാണ് സഞ്ജീവിന് ലഭിച്ചതെന്നും ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്തിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

എല്ലാവരും ഫോണ്‍ ചെയ്യുന്നുണ്ടെങ്കിലും ഭയം തോന്നുന്നതുകൊണ്ട് അനുകൂലിച്ച് പരസ്യമായി വരാന്‍ തയാറാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജീവ് ഭട്ടിനോട് ചെയ്ത അനീതിയെ ജനം ചോദ്യംചെയ്യണമെങ്കില്‍ അവരെ ബോധവാന്മാരാക്കണമെന്ന് മകന്‍ ശാന്തനു ഭട്ട് പറഞ്ഞു.

സഞ്ജീവിന്റെ മാനുഷിക മുഖംകൊണ്ടാണ് അദ്ദേഹത്തെ ശിക്ഷിച്ചപ്പോള്‍ 10 ജയില്‍പുള്ളികള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയതെന്ന് പരിപാടിയില്‍ സംസാരിച്ച പ്രഫ. നന്ദിനി സുന്ദര്‍ ചൂണ്ടിക്കാട്ടി. ജയിലിനകത്തും നീതിക്കായി പോരാടി തടവുപുള്ളികള്‍ക്ക് മാന്യമായ ഭക്ഷണവും പരിചരണവും നേടിക്കൊടുത്ത മനുഷ്യത്വംകൊണ്ടായിരുന്നു അതെന്നും അവര്‍ പറഞ്ഞു.

30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മോദി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ സഞ്ജീവ് ഭട്ട് കുറേ നാളുകളായി മറ്റൊരു കേസില്‍ തടവിലായിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more