കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ ഭീമ ഹരജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
“മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല.”
എ.എം.എം.എയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് തനിക്കുള്ള എതിര്‍പ്പ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതും തമ്മില്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ക്കാനാകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
ALSO READ:ചലച്ചിത്ര അവാര്‍ഡ് വിതരണം; തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍
“ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു.”പ്രകാശ് രാജ് പറഞ്ഞു.
മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേരാണ് ഭീമ ഹരജി ഒപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയത്. ഇതില്‍ നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവരുടെ പേരും ഉള്‍പ്പെട്ടിരുന്നു.
നേരത്തെ ചടങ്ങില്‍ പങ്കെടുക്കണമെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.