ബംഗളുരു: ബി.ജെ.പി ഒരു പണിയും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ വോട്ടു ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളുരുവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
‘അഞ്ചുവര്‍ഷത്തിനിടെ, ബി.ജെ.പി യാതൊരു കാര്യവും ചെയ്തില്ല. അതുകൊണ്ടാണ് അവര്‍ പ്രധാനമന്ത്രിയുടെ പേരില്‍ വോട്ടു ചോദിക്കുന്നത്. മോദിയും ജനങ്ങള്‍ക്കുവേണ്ടി യാതൊന്നും ചെയ്തില്ല. വെറുതെ അവരെ വഴിതെറ്റിക്കുക മാത്രം ചെയ്യുന്നു’ എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
മോദിയെപ്പോലെ കള്ളംപറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സംവാദനത്തിന് തയ്യാറുണ്ടോയെന്ന് സിദ്ധരാമയ്യ മോദിയെ വെല്ലുവിളിക്കുകയും ചെയ്തു. ‘ 2013 മുതല്‍ 2018 വരെ ഞാന്‍ കര്‍ണാടക മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. ആ സമയത്ത് അദ്ദേഹവും പ്രധാനമന്ത്രിയായിരുന്നു. ഞമ്മള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സംവാദനത്തിന് ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു.’
തനിക്ക് 56 ഇഞ്ച് നെഞ്ചുണ്ടെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അതില്‍ പാവപ്പെട്ടവര്‍ക്ക് യാതൊരു സ്ഥാനവുമില്ല. ബി.ജെ.പി നേതാക്കന്മാര്‍ക്ക് പാവപ്പെട്ടവരെക്കുറിച്ച് ചിന്തയേയില്ലെന്നും കുങ്‌ഡോലില്‍ നടന്ന റാലിയില്‍ സിദ്ധരാമയ്യ പറഞ്ഞു.
ഏപ്രില്‍ 18നും 23നുമാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടന്നത്. മെയ് 23നാണ് ഫലപ്രഖ്യാപനം.