| Sunday, 22nd January 2023, 8:30 pm

രോഹിത് ശർമ്മയെപ്പോലെ മറവിയുള്ള മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല; വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിൽ വമ്പൻ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാൻഡ്സ് മുന്നോട്ട് വെച്ച വിജയ ലക്ഷ്യം എട്ട് വിക്കറ്റ് ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. ഇതൊടെ ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കാൻ സാധിച്ചു.

ശ്രീലങ്കക്കെതിരെയുള്ള ഏകദിന ടി-20 പരമ്പരകൾ വിജയിച്ച ഇന്ത്യൻ ടീമിന് ഇതൊടെ മികച്ച ട്രാക്കിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടുണ്ട്.

എന്നാൽ രണ്ടാം ഏകദിന മത്സരത്തിന് മുന്നോടിയായി ടോസിട്ട ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ തന്റെ തീരുമാനം എന്തെന്ന് മറന്ന് അൽപനേരം നിന്നിരുന്നു. ഈ സംഭവത്തെ തമാശയായി ആഘോഷിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.

ടീം മീറ്റിങിന് ശേഷം ടോസിൽ എടുക്കേണ്ട തീരുമാനം എന്താണെന്ന് മറന്ന് പോയതോടെയാണ് രോഹിത് ശർമ്മ ടോസിൽ കുറച്ച് നേരം പകച്ച് നിന്നത്. ടോസ് വിജയിച്ച രോഹിത് ശർമ്മ മീറ്റിങിലെ തീരുമാനം മറന്ന് മൈക്കുമായി കുറച്ചു നേരം മിണ്ടാതെ നിന്നു.

ശേഷമാണ് ബോളിങ്‌ തിരഞ്ഞെടുക്കാനുള്ള തീരുമാനം അദ്ദേഹം അമ്പയർമാരെ അറിയിച്ചത്. ഇതോടെ റഫറിയും ഇരു ടീമംഗങ്ങളുമൊക്കെ ചിരി പിടിച്ചു നിർത്താൻ പാടുപെടുകയായിരുന്നു.

എന്നാൽ മറവി എന്നത് രോഹിത്തിന്റെ സ്വഭാവത്തിന്റെ ഒരു ഭാഗമാണെന്നും പാസ്പോർട്ട് അടക്കം വിലപ്പെട്ട പല വസ്തുക്കളും അദ്ദേഹം മറന്ന് വെക്കാറുണ്ടെന്നും കോഹ് ലി മുമ്പ് പറയുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

“രോഹിതിന് ഭൂലോക മറവിയാണ്. ഇത്രയും മറവിയുള്ള ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല.വാലറ്റ്, ഫോൺ, ഐപാഡ് അടക്കം സകലതും അവൻ കൊണ്ട് കളയും. നിത്യ ജീവിതത്തിൽ എപ്പോഴും ഉപയോഗിക്കുന്ന അത്യാവശ്യ സാധനങ്ങൾ വരെ രോഹിത് എവിടെയെങ്കിലും കൊണ്ട് കളഞ്ഞിട്ട് വരും.

സാധനങ്ങൾ പോയാൽ പുതിയത് വാങ്ങും എന്ന മട്ടുകാരനാണ് രോഹിത്. രോഹിത്ത് സാധങ്ങൾ എല്ലാം മറക്കാതെ എടുത്തിട്ടുണ്ടോയെന്ന് ഞങ്ങളുടെ ലോജിസ്റ്റിക്ക് മാനേജർ എപ്പോഴും തിരക്കാറുണ്ട്,’ കോഹ്ലി പറഞ്ഞു.

ഇതിനൊക്കെ പുറമേ ദിനേശ് കാർത്തിക്കും രഹാനെയും രോഹിത്തിന്റെ മറവിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വിവാഹ മോതിരവും പാസ്പോർട്ടും രോഹിത്ത് മറന്നുവെച്ചതിനെ ക്കുറിച്ചാണ് ഇരുവരും വെളിപ്പെടുത്തിയിട്ടുള്ളത്.

അതേസമയം രണ്ടാം ഏകദിനത്തിൽ 34 റൺസാണ് രോഹിത് സ്വന്തമാക്കിയത്. ജനുവരി 29ന് ഏക്നാ സ്പോർട്സ് സിറ്റിയിൽ വെച്ചാണ് പരമ്പരയിലെ മൂന്നാം ഏകദിന മത്സരം നടക്കുന്നത്.

Content Highlights:Never seen a man as forgetful as Rohit Sharma; Virat

We use cookies to give you the best possible experience. Learn more