സോണിയ ഗാന്ധിയ്ക്ക് പകരം ശരദ് പവാറിനെ യു.പി.എ അധ്യക്ഷനാക്കണമെന്ന് പറഞ്ഞിട്ടില്ല; സഞ്ജയ് റാവത്ത്
national news
സോണിയ ഗാന്ധിയ്ക്ക് പകരം ശരദ് പവാറിനെ യു.പി.എ അധ്യക്ഷനാക്കണമെന്ന് പറഞ്ഞിട്ടില്ല; സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st April 2021, 11:32 pm

മുംബൈ: ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്ഥാനത്ത് നിന്ന് നീക്കി പകരം എന്‍.സി.പി നേതാവ് ശരദ് പവാറിനെ യു.പി.എ അധ്യക്ഷനാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തകണമെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും റാവത്ത് പറഞ്ഞു.

‘യു.പി.എ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയ്ക്ക് പകരം ശരദ് പവാറിനെ നിയമിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ രാജ്യത്തിനുവേണ്ടി യു.പി.എയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ശക്തി വര്‍ദ്ധിപ്പിക്കണമെന്നാണ് പറഞ്ഞത്. സോണിയയോ, രാഹുലിനെയോ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ ഇരുവരെയും വേട്ടയാടിയപ്പോള്‍ അവരോടൊപ്പം നിന്നയാളാണ് ഞാന്‍’, റാവത്ത് പറഞ്ഞു.

അതേസമയം ബി.ജെ.പിയ്‌ക്കെതിരെ റാവത്ത് രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ആ സമയത്തിന്റെ ആവശ്യമായിരുന്നുവെന്നും ബി.ജെ.പി തങ്ങളെ വഞ്ചിച്ചതിനാലാണ് ആ തീരുമാനമെടുത്തതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

യു.പി.എയുമായി സഖ്യം തുടരുമോ അതോ എന്‍.ഡി.എയിലേക്ക് തന്നെ തിരികെപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിനല്‍കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങള്‍ ഒരിക്കലും സൗകര്യത്തിന്റെ രാഷ്ട്രീയം കളിക്കില്ലെന്നും റാവത്ത് പറഞ്ഞു.

‘കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള സഖ്യം ആ സമയത്തിന്റെ ആവശ്യമായിരുന്നു. ബി.ജെ.പി ഞങ്ങളെ വഞ്ചിക്കുകയാണെന്ന് തോന്നിയതിനാലാണ് ആ തീരുമാനമെടുത്തത്’, റാവത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Never Said Sharad Pawar Should Replace Sonia Gandhi As UPA Chief Says Sanjay Raut