ഞാന്‍ പേരെടുത്തത് അതിലൂടെ, ആ പറഞ്ഞത് മുഴുവന്‍ അസംബന്ധമാണ്; അഭ്യൂഹങ്ങള്‍ തള്ളി രോഹിത് ശര്‍മ
Sports News
ഞാന്‍ പേരെടുത്തത് അതിലൂടെ, ആ പറഞ്ഞത് മുഴുവന്‍ അസംബന്ധമാണ്; അഭ്യൂഹങ്ങള്‍ തള്ളി രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th August 2022, 8:48 am

ടി-20 ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെ ഏകദിന ക്രിക്കറ്റിന് പ്രധാന്യം നഷ്ടപ്പെടുകയാണെന്നതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചകളിലൊന്ന്.

ഏകദിന ക്രിക്കറ്റ് ഇപ്പോള്‍ അന്ത്യശ്വാസം വലിക്കുകയാണെന്ന് ഒരുകൂട്ടം ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ താരങ്ങളും വിലയിരുത്തുമ്പോള്‍, ഏകദിന ഫോര്‍മാറ്റ് എന്നെന്നും നിലനില്‍ക്കുമെന്നാണ് മറ്റു പല താരങ്ങളും പറയുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റിന്റെ അവസാനമടുത്തു എന്ന തരത്തില്‍ പ്രസ്താവന നടത്തിയതായി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകളുയര്‍ന്നിരുന്നു.

പല സൂപ്പര്‍ താരങ്ങളും ഏകദിന ക്രിക്കറ്റിനേക്കാള്‍ താത്പര്യപ്പെടുന്നത് ടി-20 ഫോര്‍മാറ്റാണെന്നും അതിനാല്‍ തന്നെ ഏകദിനത്തിന്റെ അന്ത്യമടത്തു എന്നും രോഹിത് പറഞ്ഞതായാണ് ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, ഇപ്പോള്‍ ഉയര്‍ന്നുവരുന്ന എല്ലാ റൂമറുകളും തള്ളി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും അതെല്ലാം അസംബന്ധമാണെന്നുമായിരുന്നു രോഹിത് പറഞ്ഞത്.

‘മേരാ നാം ഹി വണ്‍ ഡേ ക്രിക്കറ്റ് സേ ബനാ ഹേ, സബ് ബേകാര്‍ കി ബാതേം ഹേ (ഞാന്‍ പേരെടുത്തത് ഏകദിന ക്രിക്കറ്റിലൂടെയാണ്. അത്തരം ചര്‍ച്ചകളെല്ലാം തന്നെ അസംബന്ധമാണ്)’ എന്നായിരുന്നു താരം പറഞ്ഞത്.

തന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ ഫോര്‍മാറ്റുകളല്ല, മറിച്ച് ക്രിക്കറ്റ് തന്നെയാണ് പ്രധാനമെന്നും ഒരു ഫോര്‍മാറ്റ് കൂടി ക്രിക്കറ്റിനുണ്ടാവണമെന്നതാണ് തന്റെ ആഗ്രഹമെന്നും രോഹിത് ശര്‍മ പറഞ്ഞു.

‘നേരത്തെ ആളുകള്‍ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. എന്നെ സംബന്ധിച്ച് ക്രിക്കറ്റിന്റെ ഫോര്‍മാറ്റുകളേക്കാള്‍ പ്രധാനം ക്രിക്കറ്റ് തന്നെയാണ്. ഒരു ഫോര്‍മാറ്റും അവസാനിച്ചതായി ഞാന്‍ ഒരിക്കലും പറയില്ല. ഒരു പുതിയ ഫോര്‍മാറ്റ് കൂടി ക്രിക്കറ്റിനുണ്ടായെങ്കില്‍ എന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്.

ഏത് ഫോര്‍മാറ്റില്‍ കളിക്കണം, ഏത് ഫോര്‍മാറ്റില്‍ കളിക്കണ്ട എന്നൊക്കെ തീരുമാനിക്കുന്നത് കളിക്കാരനാണ്. എന്നെ സംബന്ധിച്ച് മൂന്ന് ഫോര്‍മാറ്റുകളും പ്രധാനമാണ്,’ രോഹിത് കൂട്ടിച്ചേര്‍ത്തു.

ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരമാണ് രോഹിത് ശര്‍മ. 50 ഓവര്‍ ഗെയിമിലെ പല റെക്കോഡുകളും താരത്തിന്റെ പേരിലാണ്.

 

ഒരുകാലത്ത് ഏകദിനത്തില്‍ അസംഭവ്യമായിരുന്ന ഡബിള്‍ സെഞ്ച്വറി മൂന്ന് തവണയാണ് താരം അടിച്ചെടുത്തത്. 264 ആണ് ഏകദിനത്തില്‍ രോഹിത്തിന്റെ ടോപ് സ്‌കോര്‍.

 

Content Highlight: Never said ODI cricket will die, Rohit Sharma dismisses rumour