ന്യൂദല്‍ഹി: ഇടക്കാല സി.ബി.ഐ ഡയറക്ടറായി അധികാരമേറ്റയുടന്‍ എം. നാഗേശ്വര റാവു നടത്തിയ സ്ഥലമാറ്റങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നാഗേശ്വര റാവുവിന്റെ നടത്തിയ സ്ഥലം മാറ്റങ്ങളില്‍ പലതും സുപ്രീം കോടതി വിധിക്കെതിരാണെന്ന് കോടതി നിരീക്ഷിച്ചു.
മുസാഫര്‍പൂര്‍ അഭയകേന്ദ്ര കേസിന്റെ അന്വേഷണച്ചുമതല ഉണ്ടായിരുന്ന മുന്‍ ജോയിന്റ് സെക്രട്ടറി എ.കെ. ശര്‍മ്മയെ പുറത്താക്കിയതില്‍ വിശദീകരണം നല്‍കാനായി നാഗേശ്വര റാവുവിനോട് സുപ്രീം കോടതിയില്‍ ഹാജരാവാനും നിര്‍ദേശമുണ്ട്.
ശര്‍മ്മയെ സ്ഥലം മാറ്റിയത് സുപ്രീം കോടതി വിധിക്കെതിരാണെന്നും, നാഗേശ്വര റാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നാഗേശ്വര റാവു സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരുടെ പട്ടിക ഫെബ്രുവരി 11-നകം സമര്‍പ്പിക്കാന്‍ നിലവിലെ സി.ബി.ഐ ഡയറക്ടര്‍ റിഷി കുമാര്‍ ഷുക്ലയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ശര്‍മയെ സ്ഥലം മാറ്റുന്നതില്‍ നാഗേശ്വര റാവുവിനും മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സി.ബി.ഐ കൗണ്‍സില്‍ കോടതിയെ അറിയിച്ചപ്പോള്‍ “ഞങ്ങളിത് വളരെ ഗൗരവമായി കാണുന്നുണ്ട്. ഇന്ത്യന്‍ സുപ്രീം കോടതി വിധി കൊണ്ടാണ് നിങ്ങള്‍ കളിച്ചിരിക്കുന്നത്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ. ഒരിക്കലും സുപ്രീം കോടതി വിധിയെ തൊട്ടു കളിക്കരുത്”- എന്നായിരുന്നു കോടതിയുടെ പ്രതികരണം.
അന്വേഷണത്തിനിടെ ഉദ്യോഗസ്ഥരെ കോടതിയുടെ നിര്‍ദേശമോ അനുവാദമോ ഇല്ലാതെ സ്ഥലം മാറ്റാന്‍ പാടില്ലെന്ന് കോടതി മുമ്പ് പറഞ്ഞതായും ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, നാഗേശ്വര റാവുവിന്റെ ഇടക്കാല നിയമനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി ഇനിയും കോടതിയ പരിശോധിച്ചിട്ടില്ല. രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പടെ ഇതു വരെ മൂന്ന് പേരാണ് നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരെയുള്ള വാദം കേള്‍ക്കലില്‍ നിന്നും പിന്മാറിയത്. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കോമണ്‍ കോസ് എന്ന എന്‍.ജി.ഒ ആണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.