മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത് അറിഞ്ഞിട്ടില്ല: മാത്യു.ടി.തോമസ്
Kerala News
മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത് അറിഞ്ഞിട്ടില്ല: മാത്യു.ടി.തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd November 2018, 4:43 pm

തിരുവന്തപുരം: മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് മാത്യു.ടി തോമസ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.എസില്‍ നിന്ന് കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എയെ പുതിയ മന്ത്രിയായി നിയമിക്കാനാണ് ധാരണ. ജലവിഭവവകുപ്പ് മന്ത്രിയായ മാത്യു ടി.തോമസ് രാജിവെക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബംഗലുരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

ALSO READ: ശബരിമലയില്‍ രണ്ടുദിവസമെങ്കിലും യുവതികള്‍ക്കു മാത്രമായി അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്; യുവതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍

അതേസമയം തീരുമാനം മാത്യു.ടി.തോമസിനെ അറിയിച്ചെന്നും അദ്ദേഹം അംഗീകരിച്ചുവെന്നും ഡാനിഷ് അലി പറഞ്ഞു.

ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാനപ്രസിഡന്റുമാണ് കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.

ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെ.ഡി.എസില്‍ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു ടി. തോമസ്സിനെതിരെ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും ദേശീയനേതൃത്വത്തിന് മുന്നില്‍ പല തവണ പരാതിയുമായെത്തി.

ALSO READ: കേന്ദ്രമന്ത്രിമാര്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി; സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തില്‍ ഇടപെടരുതെന്നും ജി. സുധാകരന്‍

ഒടുവില്‍ ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെ.ഡി.എസ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പ്രശ്നത്തിലിടപെട്ടത്. ഇന്ന് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തി. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയില്ല. ഒടുവില്‍ മന്ത്രിയോട് സ്ഥാനമൊഴിയാന്‍ ദേവഗൗഡ തന്നെ നേരിട്ട് നിര്‍ദേശിച്ചു.

WATCH THIS VIDEO: