| Thursday, 21st May 2020, 5:13 pm

പരീക്ഷ മാറ്റണമെന്ന് പറയില്ല; കെ.എസ്.യു സമരം നടത്തിയത് കെ.പി.സി.സിയുടെ അറിവോടെയല്ലെന്ന് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സമരം നടത്തിയത് കെ.പി.സി.സിയുടെ അറിവോടെയല്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരീക്ഷ മാറ്റണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പരീക്ഷ നിശ്ചയിച്ചതു പോലെ നടക്കട്ടെ. പക്ഷേ, കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം’, മുല്ലപ്പള്ളി പറഞ്ഞു.

കുട്ടികളെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 26 മുതലാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുക.

അതേസമയം ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഭരിക്കുന്നതിലല്ല പിരിക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പര്യമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും വര്‍ദ്ധിപ്പിച്ചതിനെതിരെ മെയ് 25ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും. സ്പ്രിംക്ലര്‍ കേസില്‍ കോണ്‍ഗ്രസ് പറഞ്ഞകാര്യം അല്‍പ്പം വൈകിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ കാര്യം സര്‍ക്കാര്‍ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ദുര്‍വാശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു വലിയ അഴിമതിയാണ്. വിവാദ കമ്പനിയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more