| Friday, 15th September 2023, 2:23 pm

'മുഖ്യമന്ത്രി കസേരക്ക് വേണ്ടി ഞാൻ മത്സരിച്ചിട്ടില്ല, അന്നും ഇന്നും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: താൻ മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും മധ്യപ്രദേശിന്റെ വികസനത്തിലും വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന വ്യക്തിയാണ് താനെന്നും കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യ ടുഡേ ന്യൂസ്‌ ഡയറക്ടർ രാഹുൽ കാൻവാലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഒരിക്കലും കസേരക്ക് (മുഖ്യമന്ത്രിയുടെ) വേണ്ടി മത്സരിച്ചിട്ടില്ല. അന്നും ഞാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയിരുന്നില്ല, ഇന്നുമല്ല.
ഞാൻ 2018 തെരഞ്ഞെടുപ്പിന് വേണ്ടി സംഭാവന നൽകിയിട്ടുണ്ട്. ഫലം വന്നപ്പോൾ കമൽ നാഥിനെ മുഖ്യമന്ത്രി ആക്കാൻ തീരുമാനിച്ച കാര്യം കോൺഗ്രസ് ഹൈകമാന്റ് എന്നെ അറിയിച്ചിരുന്നു. ഞാനും ആ തീരുമാനത്തിനൊപ്പം നിന്നു. പക്ഷേ, ഞാൻ അന്നും ഇന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയിരുന്നില്ല,’ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

താൻ പകയുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും കോൺഗ്രസ്‌ നേതാക്കളായ ദിഗ്വിജയ് സിങ്ങിനോടും കമൽ നാഥിനോടും തനിക്ക് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

2018ൽ കോൺഗ്രസസിൽ നിന്ന് വേർപിരിഞ്ഞ സിന്ധ്യ 2018-2020 കാലയളവിലെ 15 മാസം നീണ്ട കോൺഗ്രസ് ഭരണം കള്ളത്തരത്തിന്റെയും കൊള്ളയുടെയും ആയിരുന്നു എന്നും കുറ്റപ്പെടുത്തി.
‘എല്ലാ പ്രതീക്ഷകളും ആഗ്രഹങ്ങളും ഇല്ലാതായി. നൽകിയ വാഗ്ദാനങ്ങൾ എല്ലാം പൊളിഞ്ഞു. എന്നോട് തെരുവിലിറങ്ങാൻ വെല്ലുവിളിച്ചു. നിങ്ങൾ തെരുവിലായാൽ എന്ത് ചെയ്യും?’ അദ്ദേഹം ചോദിച്ചു.

2020 മാർച്ചിൽ കോൺഗ്രസസിൽ നിന്നുള്ള 22 എം.എൽ.എമാരെ ബി.ജെ.പിയിലേക്ക് കൊണ്ട് വന്ന സിന്ധ്യയുടെ നീക്കം കമൽ നാഥ് സർക്കാർ വീഴുന്നതിലേക്ക് നയിച്ചു. തുടർന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു.

സിന്ധ്യക്ക് ബി.ജെ.പിയിൽ നിന്ന് ബഹുമാനം ലഭിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസ്‌ നേതാവിന്റെ അഭിപ്രായത്തിന് നന്ദി അറിയിച്ചു.

ബി.ജെപി.യിൽ അധികാരത്തിനായി പിടിവലി നടത്തുന്ന സംസ്കാരം ഇല്ലെന്നും എല്ലാ കഠിനാധ്വാനവും അവിടെ അംഗീകരിക്കപ്പെടുമെന്നും സിന്ധ്യ പറഞ്ഞു. ബി.ജെ.പിയിൽ കഴിവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ടിക്കറ്റ് നൽകുന്നത് എന്നും സിന്ധ്യ പറഞ്ഞു.
‘കോൺഗ്രസിൽ കാണുന്നത് പോലെ ആരുടെയും ശുപാർശയുടെ അടിസ്ഥാനത്തിലല്ല ടിക്കറ്റ് നൽകുന്നത്,’ സിന്ധ്യ പറഞ്ഞു.

Content Highlight: Was never in the race to become the Chief Minister of Madhya Pradesh, says Jyotiradithya Scindia

We use cookies to give you the best possible experience. Learn more