| Monday, 9th July 2018, 1:10 pm

ആക്രമിക്കപെട്ട നടി ഒരിക്കലും ദിലീപിനെതിരെ പരാതി നല്‍കിയിട്ടില്ല; എ.എം.എം.എ ഒരിക്കലും സ്ത്രീവിരുദ്ധമല്ല- മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അക്രമത്തെ അതിജീവിച്ച നടി ഒരിക്കല്‍ പോലും നടന്‍ ദിലീപിനെതിരെയോ മറ്റാര്‍ക്കെങ്കിലുമെതിരെയോ പരാതി നല്‍കിയിട്ടില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന് ഒരിക്കല്‍ പോലും ആരും പരാതിയായി നല്‍കിയിട്ടില്ലെന്നും. ആരോടെങ്കിലും ഫോണ്‍ വിളിച്ച് പറഞ്ഞിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

ഇനി പരാതി നല്‍കിയിരുന്നു എന്നാണ് അവര്‍ പറയുന്നതെങ്കില്‍ എവിടെ എന്ന് ചോദിക്കേണ്ടി വരുമെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. നടി ആക്രമിക്കപെട്ട സംഭവത്തില്‍ തങ്ങള്‍ എല്ലാവരും നടിക്കൊപ്പമാണെന്നും അതേ സമയം കുറ്റാരോപിതനായ നടന്‍ ദിലീപ് ആവല്ലെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ തനിക്ക് കഴിയു എന്നും മോഹന്‍ലാല്‍ പറഞ്ഞു.


Also Read ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആരും എതിര്‍ത്തില്ല; പുറത്താക്കാനുള്ള തീരുമാനം തത്രപ്പാടില്‍ എടുത്തതെന്നും മോഹന്‍ലാല്‍

“അമ്മ” ഒരിക്കലും സ്ത്രീ വിരുദ്ധമല്ല. എറ്റവും കൂടുതല്‍ വനിതാ മെമ്പര്‍മാരുള്ള സംഘടനയാണ് അമ്മ. ആര്‍ക്ക് വേണമെങ്കിലും ഭാരവാഹി ആവാമെന്നും അദ്ദേഹം വ്യക്തമാക്കി.

നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിലീപിനെ അറസ്റ്റ്ചെയ്തു എന്ന് അറിഞ്ഞ സമയത്ത് അവയ്ലെബില്‍ മീറ്റിങ് കൂടിയെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത തത്രപാടിലാണ് ദിലീപിനെ പുറത്താക്കിയതെന്നും മോഹന്‍ലാല്‍ പറയുന്നു.

വിഷയം വന്നപ്പോള്‍ പുറത്താക്കണം എന്നും എന്നാല്‍ സസ്പെന്‍ഡ് ചെയ്താല്‍ മതി എന്നിങ്ങനെയുള്ള വിവിധ ആശയങ്ങള്‍ വന്നു. അമ്മ രണ്ടായിട്ട് പിളരാന്‍ വരെയുള്ള സാഹചര്യമുണ്ടായി.

ഒരുപാട് പേരെ പ്രകോപനം കൊള്ളിക്കുന്ന ആഘാതമായിരുന്നു അത്. അപ്പോഴാണ്
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മറ്റും അദ്ദേഹത്തെ പുറത്താക്കുന്നത്. അന്ന് മാറ്റിയേ പറ്റൂ എന്ന സാഹചര്യം വന്നപ്പോഴാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.


Also Read ഒരു സംഘടനകളുമായും ബന്ധമില്ല; ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടന്ന് അറിഞ്ഞാല്‍ പെണ്‍കുട്ടിക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക; വിനായകന്‍

പിന്നീട് നോക്കിയപ്പോഴാണ് അങ്ങനെ മാറ്റാന്‍ പറ്റില്ല ജനറല്‍ ബോഡിയില്‍ പറഞ്ഞേ മാറ്റാന്‍ പറ്റൂ എന്ന് അറിയുന്നത്. അങ്ങനെ തീരുമാനം മരവിപ്പിച്ച് നിര്‍ത്താമെന്നും വരുന്ന ജനറല്‍ ബോഡിയില്‍ അഭിപ്രായം ചോദിക്കാമെന്നും തീരുമാനിക്കുന്നത്. കമ്മിറ്റി എടുത്ത തീരുമാനമാണ്. പ്രസന്റ് ചെയ്തേ പറ്റു എന്നുള്ളതുകൊണ്ട് കാര്യകാരണ സഹിതം അവരോട് പറഞ്ഞു.

അദ്ദേഹം കുറ്റക്കാരനല്ലല്ലോ എന്നും ഇയാള്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെട്ടിട്ടില്ലല്ലോയെന്നും ചിലര്‍ ചോദിച്ചു. നോ എന്ന ആരും പറഞ്ഞില്ല . ഏതെങ്കിലും സ്ത്രീയ്ക്ക് എഴുന്നേറ്റ് നിന്ന് പറയാമായിരുന്നു. എന്നാല്‍ അതുകൊണ്ടായില്ല. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കേണ്ടതുകൊണ്ട് തീരുമാനം മരവിപ്പിക്കേണ്ടി വന്നു. ലീഗലായി ദിലീപിനെ പുറത്താക്കിയതായി ഒരു തെളിവുമില്ല””- മോഹന്‍ലാല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more