| Friday, 21st March 2014, 8:17 pm

ജോലിയില്‍ തിരിച്ചെടുക്കുമെന്ന് പ്രതീക്ഷയില്ല: പ്രൊഫസര്‍ ടി.ജെ. ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] മൂവാറ്റുപുഴ: തന്നെ ജോലിയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രൊഫസര്‍ ടി.ജെ. ജോസഫ്.

ജോലിയില്‍ തിരിച്ചുകയറി മാന്യമായി വിരമിക്കാന്‍ ആഗ്രഹമുണ്ട്. ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. ഭാര്യയുടെ പെട്ടെന്നുള്ള വിയോഗം തന്നെ വളരെയധികം തളര്‍ത്തി. സലോമി എന്നും തന്റെ താങ്ങും തണലും ആയിരുന്നു-ജോസഫ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്കാണ് ജോസഫിന്റെ ഭാര്യ സലോമിയെ കുളുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി ഒരു കൂട്ടം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടി മാറ്റിയത്. ജോസഫിന്റെ ഭാര്യ സലോമി സംഭവത്തിന് സാക്ഷിയായിരുന്നു. ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ്   ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.

ഇതേത്തുടര്‍ന്ന അദ്ദേഹത്തെ ജോലിയില്‍ നിന്ന് മാനേജ്‌മെന്റ് പുറത്താക്കി. എന്നാല്‍ ജോസഫ് കുറ്റക്കാരനല്ല എന്ന കോടതി വിധിയെത്തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഈ മാസം ആദ്യം ആ ഉറപ്പില്‍ നിന്ന് കോളേജ് ഉടമസ്ഥരായ സഭ നേതൃത്വം പിന്മാറുകയായിരുന്നു.

ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ട നാള്‍മുതല്‍ മനസാന്നിധ്യം നഷ്ടപ്പെടാതെ പിടിച്ചുനിന്ന സലോമി കുറച്ചുനാളുകളായി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞത്.

ജോസഫിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്തായിരുന്നു അവരെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുക. ജോലിയില്‍ തിരികെയെടുത്തിരുന്നെങ്കില്‍ ഈ മാസം 31 അദ്ദേഹത്തിന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം റിട്ടയേര്‍ഡ് ആകാമായിരുന്നു. അര്‍ഹമായ പ്രോവിഡന്റ് ഫണ്ടിന്റെ പേപ്പറുകള്‍പോലും മറ്റ് അധ്യാപര്‍ക്കൊപ്പം അയയ്ക്കാതിരുന്നതും  ജോസഫിന്റെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം യാത്രയയപ്പ് ലഭിച്ചതുമൊക്കെ സലോമിയെ തളര്‍ത്തിയിരുന്നു. കോടതിയില്‍ നീണ്ടു പോകുന്ന കേസുകളും സാമ്പത്തികപ്രശ്‌നങ്ങളും അവരെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്നതിന് വഴിയൊരുക്കി.

We use cookies to give you the best possible experience. Learn more