വാഷിംഗ്ടണ്‍: ഇറാനെതിരെ പരസ്യഭീഷണിയുമായി അമേരിക്ക. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ തുനിഞ്ഞാല്‍ നേരിടേണ്ടി വരിക വലിയ പ്രത്യാഘാതങ്ങളായിരിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ ട്വിറ്റര്‍ കുറിപ്പ്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിനു മറുപടിയായാണ് ട്രംപ് നിലപാടു കടുപ്പിച്ചിരിക്കുന്നത്.
ഇറാനെതിരെയുള്ള നടപടികള്‍ തുടരാനുള്ള തീരുമാനത്തിനെതിരെയായിരുന്നു റൂഹാനി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. “ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കും” എന്നായിരുന്നു റൂഹാനിയുടെ വെല്ലുവിളി. ഇറാനെതിരെ പ്രവര്‍ത്തിച്ചാല്‍ പ്രതികരണം രൂക്ഷമായിരിക്കുമെന്ന സൂചനയായിരുന്നു റൂഹാനി നല്‍കിയത്.
എന്നാല്‍, “ഒരിക്കലും അമേരിക്കയെ വെല്ലുവിളിക്കാന്‍ മുതിരരുത്” എന്നാണ് ട്രംപ് ഇതിനു മറുപടിയായി കുറിച്ചത്. ചരിത്രത്തിലിന്നേവരെ അധികമാരും അനുഭവിച്ചിട്ടില്ലാത്തത്ര ഭീകരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ട്രംപ് ഇറാനു മുന്നറിയിപ്പു നല്‍കുന്നുണ്ട്.
അക്രമത്തേയും മരണത്തെയും കുറിച്ചുള്ള നിങ്ങളുടെ കിറുക്കന്‍ പ്രസ്താവനകള്‍ കേട്ടുനില്‍ക്കുന്ന രാജ്യമല്ല അമേരിക്കയെന്നും റൂഹാനിയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ കുറിപ്പില്‍ ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. ജാഗ്രതയോടെയിരിക്കാന്‍ ഉപദേശിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് കുറിപ്പവസാനിപ്പിക്കുന്നത്.
ഇറാനിയന്‍ നയതന്ത്രജ്ഞരെ സംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് റൂഹാനി നേരത്തേ അമേരിക്കയ്‌ക്കെതിരായ പ്രസ്താവന നടത്തിയത്. “പ്രിയപ്പെട്ട ട്രംപ്, സിംഹത്തിന്റെ വാലു പിടിച്ചു കളിക്കരുത്, നിങ്ങള്‍ പിന്നീട് ഖേദിക്കേണ്ടി വരും.” എന്നായിരുന്നു റൂഹാനിയുടെ പരാമര്‍ശമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
“രാജ്യത്തിന്റെ സുരക്ഷയെയും താല്‍പര്യങ്ങളെയും വകവയ്ക്കാതെയുള്ള തീരുമാനങ്ങളെടുക്കാന്‍ ഇറാനെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല” എന്നും റൂഹാനി പറഞ്ഞിരുന്നു. ഇറാനിലെ ഇസ്‌ലാമിക സര്‍ക്കാരിനെ താഴെയിറക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ആണവക്കരാറില്‍ നിന്നും ട്രംപ് പിന്മാറിയതിനു പിന്നാലെ അമേരിക്കയുടെ ഉപരോധവും നേരിടുകയാണ് ഇറാന്‍.