| Friday, 22nd May 2020, 5:22 pm

ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയത് ആഘോഷിക്കാനല്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്; സംസ്ഥാനം ഗുരുതര സാഹചര്യത്തിലേക്കെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

‘ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയത് ആഘോഷിക്കാനല്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്’, മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളും പ്രായമായവരും വീടുകളില്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്ന് 2 പേര്‍ക്ക് രോഗം മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

കഴിഞ്ഞ ദിവസം 24 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 216 ആയി.

കണ്ണൂര്‍ 12, കാസര്‍കോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂര്‍ മലപ്പുറം നാല് വീതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവ് ആയതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

732 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേര്‍. 83649 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 609 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്പിളുകളില്‍ 6630 എണ്ണം നെഗറ്റീവായി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശ്ശറൂര്‍ 16 എന്നിങ്ങനെ രോഗികള്‍ ചികിത്സയിലുണ്ട്.

28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 91344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിക്ക് പുറത്ത് നിന്നെത്തിയത്. 2961 പേര്‍ ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 82299 പേരെത്തി.

43 വിമാനത്തില്‍ 9367 പ്രവാസികളും തിരിച്ചെത്തി. ഇവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റീനിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more