പനി ബാധിച്ച് വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുത്; സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം
Nipah virus
പനി ബാധിച്ച് വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുത്; സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st May 2018, 4:47 pm

കോഴിക്കോട്: നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്താകെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പനി ബാധിച്ച് വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

” രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. നിപ്പ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ആരോഗ്യമന്ത്രിയും തൊഴില്‍ മന്ത്രിയും കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് വൈറസ്ബാധ നേരിടുന്നതിനുളള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.”

മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചതില്‍ മൂന്നു പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുളള മറ്റുളളവരുടെയും സാമ്പിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

ALSO READ:  നിപ്പ വൈറസ് ഉറവിടം കിണര്‍ വെള്ളമെന്ന് നിഗമനം: മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലിനെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി

19-ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണമായതുകൊണ്ട് അന്നുതന്നെ കേന്ദ്രആരോഗ്യമന്ത്രായലയവുമായും ലോകാരോഗ്യസംഘടനയുമായും ബന്ധപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ടെത്തിയിട്ടുണ്ട്. കേന്ദ്രസംഘവുമായി യോജിച്ചും അവരുടെ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ചും നിപ്പ വൈറസ് അമര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നിപ്പാ വൈറസ് ബാധയ്കെതിരെ അശാസ്ത്രീയ പ്രചരണങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ ഡോക്ടര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഡോ. ജിനേഷ് പി.എസാണ് പരാതിക്കാരന്‍. സോഷ്യല്‍ മീഡിയ വഴി ആരോഗ്യരംഗത്തെ അബദ്ധ പ്രചരണങ്ങളെ ചെറുക്കയും ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന “ഇന്‍ഫോ ക്ളിനിക്ക് “പ്രവര്‍ത്തകരില്‍ ഒരാളാണ് ഡോ.ജിനേഷ് പി.എസ്.

ALSO READ:  നബിയെ ഡിങ്കനോട് ഉപമിച്ചു; യുവാവിനെതിരെ പ്രതിഷേധവുമായി എസ്.ഡി.പി.ഐ; തലവെട്ടി പടച്ചോനിട്ട് കൊടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം

നേരത്തെ സോഷ്യല്‍ മീഡിയ വഴിയുള്ള വീഡിയോ സന്ദേശത്തിലൂടെ ജേക്കബ് വടക്കാഞ്ചേരി “നിപ്പാ” എന്നൊരു വൈറസ് ഇല്ലെന്ന് പറഞ്ഞിരുന്നു. “നിപ്പാ” എന്നത് വൈറസ് അല്ലെന്നും അതൊരു മരുന്ന് മാഫിയ ആണെന്നും, ഭക്ഷണത്തിലേയോ കീടനാശിനികളിലേയോ പ്രശ്‌നമാണ് പേരാമ്പ്രയിലുണ്ടായ മരണങ്ങള്‍ക്ക് കാരണമെന്നുമാണ് ജേക്കബ് വടക്കാഞ്ചേരി വീഡിയോയിലൂടെ പറഞ്ഞത്.