ട്രോളന്മാരേ, നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല, നിങ്ങളെ ഞാന്‍ പരിഗണിക്കുന്നുപോലുമില്ല; പരിഹസിക്കുന്നവര്‍ക്ക് ഉഗ്രന്‍ മറുപടിയുമായി നുസ്രത്ത് ജഹാന്‍ എം.പി
national news
ട്രോളന്മാരേ, നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല, നിങ്ങളെ ഞാന്‍ പരിഗണിക്കുന്നുപോലുമില്ല; പരിഹസിക്കുന്നവര്‍ക്ക് ഉഗ്രന്‍ മറുപടിയുമായി നുസ്രത്ത് ജഹാന്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2020, 9:30 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രക്കാര്‍ക്കിടിലും ഏറ്റവുമധികം കളിയാക്കപ്പെട്ട വ്യക്തിയാണ് എം.പിയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവും നടിയുമായ നുസ്രത്ത് ജഹാന്‍. ഈ ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്തത്തിയിരിക്കുകയാണ് നുസ്രത്ത്. ഈ പരിഹാസങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്നും സാമൂഹ്യ പ്രശ്‌നങ്ങളിലെ ഇടപെടലില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.

‘ ഈ ട്രോളുകളൊന്നും എന്നെ തടസപ്പെടുത്താന്‍ പോന്നതല്ല. ഇവയെ ഒന്നിനെയും ഞാന്‍ ഭയപ്പെടുന്നുമില്ല. കാരണം ഈ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഞാന്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല’, നുസ്രത്ത് ജഹാന്‍ പി.ടി.ഐയോട് പറഞ്ഞു.

‘എല്ലാ വിഷയങ്ങളിലും എന്റേതായ അഭിപ്രായമുള്ള വ്യക്തിയാണ് ഞാന്‍. സമൂഹത്തിനെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായമുണ്ടാകണമെന്നും അത് ഉറക്കെ പറയാന്‍ കഴിയണമെന്നുമാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്’, നുസ്രത്ത് അഭിപ്രായപ്പെട്ടു.

ക്രിസ്മസ് രാത്രി ആശംസയര്‍പ്പിച്ച് സംസാരിച്ചതിന് പിന്നാലെ സ്വന്തം മണ്ഡലത്തില്‍ നുസ്രത്ത് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി നുസ്രത്ത് രംഗത്തെത്തിയിരുന്നു. ‘നിങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഒന്നുകൂടി വിശകലനം ചെയ്തു നോക്കൂ. അടുത്ത മൂന്നുമാസത്തിനകം ഞാന്‍ ചെയ്ത കാര്യങ്ങള്‍ കാണിച്ചുതരാം. മാറ്റം എന്നത് ഒറ്റ ദിവസംകൊണ്ട് സംഭവിക്കുന്നതല്ല. രാഷ്ട്രീയക്കാരോ അഭിനേതാക്കളോ മാജിക്കുകാരുമല്ല. എന്തൊക്കെയായാലും നല്ലതിനെയൊക്കെയും ഞാന്‍ ആഘോഷിക്കും, നിങ്ങള്‍ അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് എനിക്കറിയാം. നല്ല ജീവിതമുണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ. മെറി ക്രിസ്മസ്’, നുസ്രത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

തുടര്‍ന്ന് പാര്‍ലമെന്റിലെ ആദ്യ ദിവസം നുസ്രത്ത് സിന്ദൂരം തൊട്ടും സാരി അണിഞ്ഞുമെത്തിയ പഴയ ചിത്രമെടുത്തും എതിരാളികള്‍ നുസ്രത്തിനെ പരിഹസിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാതിയുടെയോ മതത്തിന്റെയോ വിശ്വാസങ്ങളുടെയോ വേര്‍തിരിവില്ലാതെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെക്കുറിച്ച് മാത്രമാണ് താന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു നുസ്രത്ത് ഇതിന് മറുപടി നല്‍കിയത്. തന്റെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ