| Monday, 10th January 2022, 2:44 pm

ഒരിക്കലും ഒറ്റക്കാവില്ല, അതിജീവിച്ച നടിക്ക് പിന്തുണയുമായി ബാബുരാജ് അടക്കമുള്ള കൂടുതല്‍ താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആക്രമണം അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങളും സിനിമാ പ്രവര്‍ത്തകരും രംഗത്ത്. നടന്‍ ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, തുടങ്ങി നിരവധി പേരാണ് അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ അതിജീവിതയ്ക്ക് പിന്തുണയമായി രംഗത്ത് എത്തി. നേരത്തെ നടന്‍ പൃഥ്വിരാജും, ടൊവിനോ തോമസും അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

ധീരത എന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്. അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചത്. ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ പൃഥ്വിയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്

ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു.

നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും താരം പറഞ്ഞു.

നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര’

5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്.

എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Never alone, more Actors and Film Workers with support for the surviving actress

We use cookies to give you the best possible experience. Learn more