ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല; പത്രസമ്മേളനവും നടത്തില്ല; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കുമാരസ്വാമി
national news
ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല; പത്രസമ്മേളനവും നടത്തില്ല; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 5:15 pm

ബെംഗളൂരു: താന്‍ പറയാത്ത കാര്യങ്ങള്‍ വിവാദമാക്കുന്ന മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ ചില മാധ്യമങ്ങള്‍ പ്രചരിക്കുകയാണെന്നും ഒട്ടും നീതിപൂര്‍വമല്ല പല മാധ്യമങ്ങളുടേയും പെരുമാറ്റമെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

ഇനി മുതല്‍ ഒരു മാധ്യമത്തോടും സംസാരിക്കേണ്ട എന്നാണ് എന്റെ തീരുമാനം. ഒരു പ്രസ് മീറ്റും നടത്തേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.

എല്ലാ മാധ്യമങ്ങളേയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ചില മാധ്യമങ്ങള്‍ മനപൂര്‍വം തനിക്കെതിരെ വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. സ്ഥാപിത താത്പര്യങ്ങള്‍ ലക്ഷ്യം വെച്ച് സര്‍ക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.

ALSO READ: കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ബി.ജെ.പി നേതാവ് രാം മാധവ്; പിന്നെ മാറ്റിപ്പറഞ്ഞു

കര്‍ഷക നേതാവായ ജയശ്രീ ഗുരന്നാവാറിനെതിരെ കുമാരസ്വാമി നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാല്‍ താന്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചില കന്നഡ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയതെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി.

മാധ്യമങ്ങളുടെ ഈ നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണ്. ചില കാര്യങ്ങള്‍ മനപൂര്‍വം എനിക്കെതിരായി നല്‍കുകയാണ്. ഞാന്‍ പറയുന്ന ഓരോ പ്രസ്താവനയും അവര്‍ വളച്ചൊടിക്കുന്നു. ഇതെനിക്ക് വളരെ വേദനയുളവാക്കുന്നതാണ്.

ALSO READ: കെ. സുരേന്ദ്രന് വീണ്ടും കുരുക്ക്; 52 കാരിയെ തടയാന്‍ ഗൂഢാലോചന നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അതുകൊണ്ട് തന്നെ ഇനി ഒരു പത്രസമ്മേളനവും നടത്തേണ്ട എന്നാണ് എന്റെ തീരുമാനം. നിത്യേന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും അവസാനിപ്പിച്ചിരിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം ചെയ്യാതിരിക്കാം. നിങ്ങളില്‍ ആരുമായും ഒരു സ്വകാര്യ സംഭാഷണത്തിന് ഇനി ഞാനില്ല. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് റിപ്പോര്‍ട്ട് ചെയ്യണമെന്നുണ്ടെങ്കില്‍ ചെയ്യാം ചെയ്യാരിക്കാം. അതൊന്നും എന്നെ ബാധിക്കുന്ന കാര്യമില്ല- കുമാരസ്വാമി പറഞ്ഞു.

WATCH THIS VIDEO: