| Tuesday, 4th June 2019, 3:29 pm

നിപയെ ഭയക്കേണ്ടതില്ല, ഒരിക്കല്‍ അതിജീവിച്ചവരാണ് നമ്മള്‍

ജിതിന്‍ ടി പി

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ തന്നെയെന്ന ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരിക്കുകയാണ്. പൂനെ വയറോളജി ലാബില്‍ നിന്നും ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പറവൂര്‍ സ്വദേശിയായ യുവാവാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നിപയാണെന്ന സാധ്യത മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

രോഗബാധിതനുമായി ഇടപഴകിയ 86 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അനാവശ്യമായ ഭീതിയും ആശങ്കയും രോഗ പ്രതിരോധത്തിന് തടസം സൃഷ്ടിക്കുമെന്നതിനാല്‍ കൃത്യമായ ജാഗ്രതയാണ് ഇനി നമ്മള്‍ കാണിക്കേണ്ടത്.

കഴിഞ്ഞ വര്‍ഷം നിപ റിപ്പോര്‍ട്ട് ചെയ്തപ്പോഴുണ്ടായതിന് സമാനമായി വ്യാജപ്രചരണങ്ങള്‍ തലപൊക്കി വരുന്നുണ്ട്. പ്രകൃതിചികിത്സകരെന്ന് അവകാശപ്പെടുന്ന ചില കൂട്ടര്‍ നിപ എന്ന രോഗം ഇല്ലെന്നും പനി ഉള്ളവര്‍ ചികിത്സിക്കായി ആശുപത്രിയില്‍ പോകുകയോ മരുന്ന് കഴിക്കുകയോ വേണ്ട എന്നുമുള്ള പ്രചരണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.

സര്‍ക്കാരും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും പ്രകൃതിചികിത്സകരെന്ന് അവകാശപ്പെടുന്നവരുടെ വ്യാജപ്രചരണങ്ങളെ തള്ളിക്കളയുക എന്നതും നിപയെ നേരിടാന്‍ ആവശ്യമാണ്.

ഇത്തരം വ്യാജപ്രചരണങ്ങളില്‍ വീണുപോകാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ആധുനികവൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും നിതാന്തമായ ജാഗ്രതയും ഒത്തുവന്നപ്പോഴാണ് നിപയെ കഴിഞ്ഞ തവണ നമുക്ക് നിയന്ത്രിക്കാനായത്. ഇത്തവണ വൈറസ് ബാധ നേരത്തെ അറിയാന്‍ കഴിഞ്ഞതും ദ്രുതഗതിയില്‍ ചികിത്സാസംവിധാനം ഒരുക്കാനും ആരോഗ്യവകുപ്പിന് കഴിഞ്ഞുവെന്നത് ആശ്വാസകരമാണ്.

രോഗബാധിതരേയോ അവരുടെ കുടുംബങ്ങളേയോ പ്രദേശത്തേയോ ഒറ്റപ്പെടുത്താതിരിക്കുക എന്നതും നിപ പ്രതിരോധത്തിന് അത്യവശ്യമാണ്. പ്രളയം അതിജീവിച്ച കേരളമാണ്… നിപയേയും അതിജീവിക്കും

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.