കണ്ണൂരിനെ മറ്റൊരു ബംഗാളാക്കാന്‍ അനുവദിക്കില്ല: ചെന്നിത്തല
Kerala
കണ്ണൂരിനെ മറ്റൊരു ബംഗാളാക്കാന്‍ അനുവദിക്കില്ല: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2012, 9:37 am

കണ്ണൂര്‍: കണ്ണൂരിനെ ബംഗാളാക്കി മാറ്റാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നീക്കം അനുവദിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ കണ്ണൂര്‍ ഡി.സി.സി ഓഫീസ് സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.[]

കേരളത്തില്‍ മറ്റുരാഷ്ട്രീയപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന സി.പി.ഐ.എമ്മിന്റെ രീതി നടപ്പിലാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടി ഓഫീസുകളും മറ്റും സി.പി.ഐ.എമ്മുകാര്‍ അടിച്ചുതകര്‍ക്കുന്നത്.

കണ്ണൂരില്‍ ഇടതുമുന്നണി കാലത്തെപ്പോലെ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നില്ല. മറ്റ് ജില്ലകളില്‍ നിന്നുപോലും കണ്ണൂരിലേക്ക് ഗുണ്ടകളെ ഇറക്കിയിരിക്കുകയാണ്.

അറിയപ്പെടുന്ന ഒരു ക്രിമിനല്‍ അഭിഭാഷകനെന്ന നിലയ്ക്കാണ് ശ്രീധരനെ പി. ജയരാജനെതിരായ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കിയതെന്നും എല്‍.ഡി.എഫ് സര്‍ക്കാരും രണ്ട് കേസുകളില്‍ ശ്രീധരനെ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

രാവിലെ എ.പി. അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നതായും ഹര്‍ത്താലായതിനാല്‍ ഇന്നലെ പല നേതാക്കള്‍ക്കും വരാനൊത്തില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി.