| Monday, 7th May 2018, 5:40 pm

പൊട്ടിപ്പുറത്തെ പൊരുളുകളെന്ത്? തമിഴ്നാട്ടില്‍ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ തേനിയിലെ കണികാ നിരീക്ഷണശാലയെക്കുറിച്ച് ഒരന്വേഷണം

നിമിഷ ടോം

2018 മാര്‍ച്ച് 31. തമിഴ്നാട്ടിലെ മധുരയില്‍ നിന്നും തേനിയ്ക്കടുത്തുള്ള കമ്പത്തേക്ക് ആയിരക്കണക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു പദയാത്രയാരംഭിച്ചു. തമിഴ്നാട്ടിലെ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം(എം.ഡി.എം.കെ) പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ നടന്ന പദയാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഡി.എം.കെ നേതാവ് സ്റ്റാലിനും എം.ഡി.എം.കെ നേതാവ് വൈക്കോയും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. സാധാരണ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്‍കൈയില്‍ നടക്കാറുള്ള പതിവ് പദയാത്രയായിരുന്നില്ല അത്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ തേനി മലനിരകളില്‍ ആരംഭിക്കാന്‍ പോകുന്ന ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ പരീക്ഷണശാല ഉയര്‍ത്തുന്ന പാരിസ്ഥിതകവും സാമൂഹികവുമായ ഭീഷണികള്‍ക്കെതിരെ തമിഴ് ജനതയുടെ മുന്‍കൈയില്‍ നടന്ന സംഘടിതപ്രതിരോധമായിരുന്നു ആ പദയാത്ര.

ചടങ്ങില്‍ എം.ഡ.ി.എം.കെ നേതാവ് വൈക്കോ തന്റെ പ്രസംഗം ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും ഏകദേശം 45 വയസ്സ് പ്രായമുള്ള ഒരാള്‍ കയ്യില്‍ പെട്രോളുമേന്തി തൊട്ടടുത്തുള്ള ഒരു കടയുടെ മുന്നിലേക്ക് ഓടിക്കയറി. ആര്‍ക്കും തടയാന്‍ കഴിയുന്നതിന് മുമ്പ് അദ്ദേഹം സ്വന്തം ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി.

“പോരാടുവേ… പോരാടുവേ… വെട്രി വരുവേ പോരാടുവേ… പാത് കാപ്പോ പാത് കാപ്പോ, എങ്കള്‍ മലയൈ പാത് കാപ്പോ… അമ്പലപ്പറ് മലയൈ കാത്തിടുവേ… തമിഴ് മക്കള്‍ കാത്തിടുവേ…” ആളിപ്പടരുന്ന തീയില്‍ സ്വന്തം ശരീരം വെന്തുരുകുമ്പോഴും രവി ഏലിയാസ് എന്ന ആ മനുഷ്യന്‍ തമിഴ്മക്കളുടെ പോരാട്ടത്തിന്റെയും അവകാശങ്ങളുടെയും മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തന്നെ ആളുകള്‍ ചേര്‍ന്ന് തീകെടുത്തി രവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ശരീരത്തിന്റെ 90 ശതമാനം ഭാഗവും പൊള്ളലേറ്റുകഴിഞ്ഞിരുന്നു. വൈകാതെ തന്നെ രവി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

എ.രവി

മരിക്കുന്നതിന് മുമ്പ് തന്നെ കാണാനെത്തിയ വൈക്കോയോട് ആശുപത്രിയില്‍ വെച്ച് രവി ഇങ്ങനെ പറഞ്ഞു. “ഇക്കാലമത്രയും ഞാന്‍ എന്റെ ജീവിതം കൊണ്ട് തമിഴ്ജനതയുടെ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു. ഇനി എന്റെയീ മരണം തേനിയിലെ വിനാശകരമായ ന്യൂട്രിനോ നിരീക്ഷണശാലയ്ക്കെതിരെ തമിഴ് മക്കള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തിപകരട്ടെ”.

രവിയുടെ മരണത്തോടുകൂടി ആരംഭിച്ച പദയാത്ര പത്തുദിവസം കഴിഞ്ഞ് കമ്പത്തെത്തിയപ്പോക്കും പതിനായിരത്തിലധികമാളുകളുടെ സാന്നിദ്ധ്യം കൊണ്ട് പടുകൂറ്റന്‍ പ്രക്ഷോഭമായി മാറി. ഈ ദിവസങ്ങളില്‍ തേനി ജില്ലയുടെ വിവിധ ഗ്രാമങ്ങള്‍ നിരവധി സമരങ്ങള്‍ക്ക് വേദിയായി. പൊട്ടിപ്പുറത്തെ ന്യൂട്രിനോ നിരീക്ഷണശാല വരാന്‍ പോകുന്ന അമ്പലപ്പറ് മലയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ സംഘം രാത്രികളില്‍ പോലും സമരവുമായി കുത്തിയിരുന്നു. തങ്ങളുടെ നാടിനെയും മലകളെയും ദൈവങ്ങളെയുമെല്ലാം നശിപ്പിക്കാന്‍ പോകുന്ന കണികാ നിരീക്ഷണശാലക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന ഉറച്ച നിശ്ചയദാര്‍ഢ്യത്തിലാണവര്‍.

എന്താണ് ന്യൂട്രിനോ നിരീക്ഷണ ശാല?

ശാസ്ത്രത്തിലെ ഏറ്റവും നൂതനമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കണികാ ഭൗതിക ശാസ്ത്രത്തിലെ ഗവേഷണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കേരളത്തിലെ ഇടുക്കി ജില്ലയുടെയും തമിഴ്നാട്ടിലെ തേനി ജില്ലയുടെയും അതിര്‍ത്തിപ്രദേശമായ ബോഡിവെസ്റ്റ് മലനിരകളിലെ പൊട്ടിപ്പുറത്ത് ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണശാല സ്ഥാപിക്കാന്‍ പോകുന്നത്.

മികച്ച സാങ്കേതികവിദ്യകളോടുകൂടി അതീവസുരക്ഷിതമായി തയ്യാറാക്കിയ ഭൂഗര്‍ഭ ശാസ്ത്രനിലയങ്ങളില്‍ വെച്ച് ന്യൂട്രോണ്‍ കണങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാനം. 236000 ഘനമീറ്റര്‍ വ്യാപ്തിയില്‍ നിര്‍മിക്കാന്‍ പോകുന്ന ഈ നിരീക്ഷണ നിലയം ലോകത്ത് തന്നെ ഇന്ന് നിലനില്‍ക്കുന്ന കണികാ ഗവേഷണ ഭൂഗര്‍ഭ നിലയങ്ങളില്‍ ഏറ്റവും വലുതായിരിക്കും. 1500 ഓളം കോടി രൂപയാണ് പദ്ധതിയുടെ ചിലവായി കണക്കാക്കിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫണ്ടമെന്റല്‍ റിസര്‍ച്ച് ആണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.

2011 ലാണ് നിരീക്ഷണശാലയുടെ നിര്‍മാണത്തിനായുള്ള പാരിസ്ഥിതികാനുമതി ആദ്യമായി ലഭിക്കുന്നത്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ സംരക്ഷിത വനപ്രദേശമുള്‍പ്പെടുന്ന 65 ഏക്കര്‍ ഭൂമിയായിരുന്നു പദ്ധതി പ്രദേശം. അതിനാല്‍ തന്നെ പദ്ധതിയുയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഉയര്‍ത്തിക്കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും രംഗത്ത് വന്നു. കേരളത്തില്‍ നിന്നടക്കമുള്ള ജനകീയ ശാസ്ത്ര പ്രതിഭകള്‍ പദ്ധതിയെക്കുറിച്ച് പഠനം നടത്തി. അധികം വൈകാതെ തന്നെ തമിഴ്നാട്ടിലെ എം.ഡി.എം.കെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ തേനിയില്‍ പദ്ധതിക്കെതിരായ ശക്തമായ സമരങ്ങളാരംഭിച്ചു.

അദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്ന് വനമേഖലയിലെ പദ്ധതിക്ക് അനുമതി ലഭ്യമാക്കിയ നടപടിക്രമങ്ങളില്‍ പാളിച്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ 2017 മാര്‍ച്ചില്‍ അനുമതി മരവിപ്പിച്ചു. ദേശീയ വന്യജീവി ബോര്‍ഡില്‍ നിന്നും ആദ്യം അനുമതി ലഭ്യമാക്കിയതിന് ശേഷം മാത്രം പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ നല്‍കണം എന്നായിരുന്നു ട്രിബ്യൂണല്‍ ഉത്തരവ്. ഇതേ സമയം തന്നെ മദ്രാസ് ഹൈക്കോടതിയും അനുമതി റദ്ദാക്കിയിരുന്നു.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫണ്ടമെന്റല്‍ റിസര്‍ച്ച് ഒരു കെട്ടിട നിര്‍മാണ പദ്ധതിയെന്ന തരത്തില്‍ തമിഴ്നാട് പരിസ്ഥിതി അവലോകന സമിതിയെ വീണ്ടും സമീപിച്ചു. എന്നാല്‍ 2017 നവംബര്‍ 27 ന് ചേര്‍ന്ന യോഗത്തില്‍ സമിതി അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചു. കിലോമീറ്ററുകളോളം നീളമുള്ള ടണലുകളുടെ നിര്‍മാണത്തിനായി പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന ഉഗ്രസ്ഫോടനം, വളരെ ആഴത്തിലുള്ള ഖനനം എന്നിവയെല്ലാം ഉണ്ടാക്കുന്ന ഭൂകമ്പസാധ്യതയടക്കം പരിഗണിച്ചായിരുന്നു സമിതി അനുമതി നിഷേധിച്ചത്.

അങ്ങനെ പദ്ധതി വീണ്ടും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിലെത്തി. പക്ഷേ സംസ്ഥാന സമിതിയുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി 2018 മാര്‍ച്ച് 24 ന് പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുകയുണ്ടായി. അതോടുകൂടി ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായി. തമിഴ്നാട്ടില്‍ വൈക്കോയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31 മുതല്‍ മധുരയില്‍ നിന്നും കമ്പം വരെ 10 ദിവസം നീണ്ടുനിന്ന പദയാത്ര നടക്കുകയുണ്ടായി. പദയാത്രയുടെ ഉദ്ഘാടനവേളയിലാകട്ടെ എം.ഡി.എം.കെ പ്രവര്‍ത്തകന്‍ എ.രവി സ്വയം തീകൊളുത്തി ആത്മാഹുതി നടത്തുകയും ചെയ്തു.

വഴി മാറിയെത്തിയ പദ്ധതി

മറ്റ് കണങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനം നടക്കും എന്നതാണ് ന്യൂട്രിനോ കണങ്ങളുടെ പ്രധാനപ്രത്യേകത. അതുകൊണ്ട് സാധാരണയായി ഭൂമിക്കടിയിലാണ് ന്യൂട്രിനോ നിരീക്ഷണശാലകള്‍ സ്ഥാപിക്കാറുള്ളത്. ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണ ശാലയ്ക്കുള്ള രണ്ട് വര്‍ഷത്തെ സ്ഥലമന്വേഷണത്തിന് ശേഷം രണ്ട് സ്ഥലങ്ങളായിരുന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പദ്ധതിക്കായി നിര്‍ദേശിച്ചത്. വെസ്റ്റ് ബംഗാളിലെ ഡാര്‍ജിലിങ്ങിനടുത്തുള്ള രമ്മവും തമിഴ്നാട്ടിലെ ഊട്ടിക്കടുത്തുള്ള സിംഗാരയും ആയിരുന്നു ഈ രണ്ട് സ്ഥലങ്ങള്‍.

വിവിധ പഠനങ്ങള്‍ക്ക് ശേഷം സിംഗാര പദ്ധതിക്കനുയോജ്യമാണെന്ന് സൈറ്റ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും മുതുമല ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ വരുന്ന ഈ പ്രദേശത്ത് പദ്ധതിയ്ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറായില്ല. പുതിയ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ആണവോര്‍ജ്ജ വകുപ്പിനോട് ആവശ്യപ്പെടുകയുണ്ടായി.

തമിഴ്നാട്ടിലെ തന്നെ തേനിക്കടുത്തുള്ള സുരുളിയാര്‍ മേഖലയായിരുന്നു പിന്നീടവര്‍ കണ്ടെത്തിയത്. എന്നാല്‍ സിംഗാരയില്‍ ഉന്നയിക്കപ്പെട്ട അതേ പ്രശ്നം ഇവിടെയും നേരിടേണ്ടി വരുമെന്നത് മുന്‍കൂട്ടി മനസ്സിലാക്കിയ ഐ.എന്‍.ഒ അധികൃതര്‍ താരതമ്യേന പിന്നോക്കമായ മറ്റൊരു സ്ഥലമെന്ന നിലയില്‍ പൊട്ടിപ്പുറം എന്ന പ്രദേശത്തെ കണ്ടെത്തുകയായിരുന്നു. ദരിദ്രകര്‍ഷകര്‍ മാത്രം താമസിക്കുന്ന പിന്നോക്കപ്രദേശമായതിനാല്‍ പദ്ധതിക്കെതിരായ എതിര്‍പ്പുകള്‍ കുറയുമെന്നതാണ് ഐ.എന്‍.ഒ അധികൃതരെ പൊട്ടിപ്പുറത്തേക്ക് ആകര്‍ഷിച്ചതെന്ന് തമിഴ്നാട്ടില്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന എം.ഡി.എം.കെ നേതാവ് വൈക്കോ പറയുന്നു.

പദ്ധതി പ്രദേശത്തിന്റെ സവിശേഷതകള്‍

പെരിയാര്‍, വൈഗൈ, വായ്പാര്‍ എന്നീ മൂന്ന് നദികളുടെയും ഉത്ഭവസ്ഥാനത്തെ നിലനിര്‍ത്തുന്നത് ഇടുക്കി തേനി മലനിരകളാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ആറോളം ജില്ലകളിലെ ജലലഭ്യതയുടെ ഉറവിടവും ഈ മേഖലകള്‍ തന്നെ. 12 ഓളം അണക്കെട്ടുകളിലായി 500 കോടി ഖനമീറ്റര്‍ ജലം സംഭരിക്കപ്പെട്ടിരിക്കുന്ന ഈ പ്രദേശങ്ങള്‍ നിര്‍ദിഷ്ട ന്യൂട്രിനോ നിരീക്ഷണശാലയുടെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ പെടുന്നതാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ആയ ഇടുക്കി, 110 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ എന്നീ അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്നതാകട്ടെ പദ്ധതിപ്രദേശത്ത് നിന്നും യഥാക്രമം 30, 50 എന്നീ കിലോമീറ്റര്‍ ദൂരത്തിലും.

കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് 5 കോടി ജനങ്ങളുടെ ജല- ഊര്‍ജ്ജ ആവശ്യങ്ങളെ നിറവേറ്റുന്നത് ഇടുക്കി-തേനി മലനിരകളിലെ ജലസ്രോതസ്സുകളും അവിടെ നിന്നുത്ഭവിക്കുന്ന നദികളുമാണ്. പതിറ്റാണ്ടുകളായി പെയ്യുന്ന മഴയുടെ ഫലമായി ഭൂഗര്‍ഭ അറകളിലെ പാറയിടുക്കുകളില്‍ രൂപം കൊള്ളുന്ന ജലപാളികളാണ് ഉറവകളായി പുറത്തേക്ക് വരുന്നത്. എന്നാല്‍ ന്യൂട്രിനോ നിരീക്ഷണശാലയുടെ ഭാഗമായുള്ള തുരങ്കനിര്‍മാണം വഴി പാറകള്‍ ഖനനം ചെയ്ത് ഇല്ലാതാക്കുമ്പോള്‍ അത് ബാധിക്കാന്‍ പോകുന്നത് ഇത്തരത്തിലുള്ള കൂറ്റന്‍ ജലശേഖരങ്ങളെക്കൂടിയാണ്.

ഭൂകമ്പസാധ്യതകള്‍

ഭൗമോപരിതലത്തില്‍ നിന്നും 4300 മീറ്റര്‍ താഴ്ച്ചയില്‍ 2.5 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന ടണലുകള്‍ക്കായി വന്‍തോതിലുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തേണ്ടതുണ്ട്. ഏകദേശം 10 ലക്ഷം ടണ്‍ പാറയാണ് ഇതിനായി അവിടെ പൊട്ടിക്കേണ്ടത്. 500 മുതല്‍ 1000 ടണ്‍ വരെ ജലാറ്റിന്‍ ഉപയോഗിച്ചാല്‍ മാത്രമാണ് ഈ സ്ഫോടനം സാധ്യമാവുക. തുടര്‍ച്ചയായി മൂന്ന് മുതല്‍ 4 വരെ വര്‍ഷം നിരന്തരമായി പദ്ധതി പ്രദേശങ്ങളില്‍ സ്ഫോടനം നടത്തേണ്ടതുമുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 3 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ക്ക് ഈ സ്ഫോടനങ്ങള്‍ കാരണമായേക്കാം.

2011 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടത്തില്‍ മാത്രം നിരവധി ചെറുഭൂചലനങ്ങളും റിക്ടര്‍ സ്‌കെയിലില്‍ 3 ഉം 2 ഉം അടയാളപ്പെടുത്തിയ മൂന്ന് ഭൂകമ്പങ്ങളും ഈ മേഖലയില്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് മാത്രമല്ല 1988 ല്‍ 4.8 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമായ നെടുങ്കണ്ടത്തു നിന്നും 10 കി.മീ ദൂരെ മാത്രമാണ് ന്യൂട്രിനോ നിരീക്ഷണശാല വരാന്‍ പോകുന്നത്.

ഐ.എന്‍.ഒ അധികൃതര്‍ തന്നെ 2009 ല്‍ പ്രസിദ്ധീകരിച്ച രേഖയില്‍ നിര്‍ദിഷ്ട പദ്ധതി സ്ഥലം ഭൂചലന സാധ്യതാപ്രദേശം എന്ന നിലയില്‍ മേഖല മൂന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പിന്നീടത് മേഖല രണ്ടിലേക്ക് മാറ്റുകയുണ്ടായി. ഭൂകമ്പ സാധ്യതയുള്ള മേഖലകളെ നാലായാണ് തരം തിരിച്ചിരിക്കുന്നത്. ഇതില്‍ നാല് ആണ് ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ള സ്ഥലം.

ഇടുക്കി ജില്ലയുടെ അതിര്‍ത്തിയില്‍ വളരെ ഗുരുതരമായ ഭ്രംശമേഖലകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ തന്നെയാണ് നിരീക്ഷണശാല വരുന്നതെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഭൂമിയിലെ ശിലാപാളികളില്‍ വിള്ളലുകളുള്ള പ്രദേശങ്ങളെയാണ് ഭ്രംശമേഖല എന്ന് പറയുന്നത്. ഭൂചലന സാധ്യതകള്‍ കണക്കിലെടുത്ത് കുഴല്‍ക്കിണറുകളുടെ നിര്‍മാണം പോലും ഭൂഗര്‍ഭജലവിഭവവകുപ്പ് നിരുത്സാഹപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി ഭൂമി തുരന്ന് തുരങ്കനിര്‍മാണം നടത്താന്‍ പോകുന്നത്.

“നിലവില്‍ തന്നെ ഭൂകമ്പ സാധ്യകളേറെയുള്ള ഒരു പ്രദേശത്ത് നിരന്തരമായി നടക്കുന്ന സ്ഫോടന പ്രവര്‍ത്തനങ്ങള്‍ സ്ഥലത്തിന്റെ ഭൂചലനസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന തരത്തിലുള്ള യാതൊരു കണ്ടെത്തലുകളും പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്തിയ സാക്കോണില്‍(Salim Ali Cetnre for Ornithology SACON) നിന്നും ഉണ്ടായില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുകയാണ്.

സാധാരണ പാറമടകളില്‍ പോലും ഉണ്ടാകുന്ന സ്ഫോടനങ്ങളുടെ പ്രകമ്പനങ്ങള്‍ പരിസര പ്രദേശങ്ങളില്‍ ഗുരുതരമായ നാശനഷ്ടങ്ങളും ഭൗമഘടനയില്‍ വന്‍തോതിലുള്ള പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. എന്നിട്ടും ഇക്കാര്യം ഞങ്ങളുടെ പരിധിയ്ക്ക് പുറത്താണ് എന്ന് പറയുന്ന സാക്കോണ്‍ അതീവഗൗരവമായൊരു പ്രശ്നത്തെ അവഗണിച്ചിരിക്കയാണ്. പദ്ധതി ഉയര്‍ത്തുന്ന പാരിസ്ഥിതികാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയ ഗവേഷകനും ആക്ടിവിസ്റ്റുമായ വി.ടി പത്മനാഭന്‍ പറയുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട പുകമറകള്‍

ഭൗമസാങ്കേതികതകളുമായി ബന്ധപ്പെട്ട വിശദമായ പഠനങ്ങള്‍ക്കുള്ള കാലതാമസമൊന്നുമെടുക്കാതെയാണ് ഐ.എന്‍.ഒ പദ്ധതിപ്രദേശം തിരഞ്ഞെടുത്തിരിക്കുന്നത്. സാക്കോണ്‍ നടത്തിയ പാരിസ്ഥിതികാഘാത പഠനമാകട്ടെ നിര്‍മാണപ്രവര്‍ത്തനം വന്യജീവികളെ എങ്ങിനെ ബാധിക്കും എന്നത് മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. 2.5 കി.മീ നീളമുള്ള തുരങ്കമടങ്ങിയ നിരീക്ഷണശാലയുടെ പ്രധാന കവാടം തമിഴ്നാട്ടിലാണെങ്കിലും 740 മീറ്റര്‍ തുരങ്കവും പ്രഥാനകേന്ദ്രവുമെല്ലാം നിര്‍മിക്കാന്‍ പോകുന്നത് കേരളത്തിലാണ്. എന്നിട്ടും പദ്ധതിയുടെ ചുറ്റുവട്ടത്തുള്ള കേരളത്തിലെ ഗ്രാമങ്ങളിലൊന്നും യാതൊരുവിധ പഠനങ്ങളും ഇതുവരെ നടത്തിയിട്ടില്ല. ഭൂമിക്കടിയിലാണെങ്കിലും പദ്ധതിയുടെ പ്രധാനഭാഗങ്ങള്‍ പലതും വരാന്‍ പോകുന്നത് കേരളത്തിലാണ് എന്നിരുന്നിട്ടും ഔദ്യോഗികമായി കേരള സംസ്ഥാനത്തിന് ഇതുവരെ ഒരു അറിയിപ്പ് പോലും ഐ.എന്‍.ഒ നല്‍കിയിട്ടുമില്ല.

വി.ടി പത്മനാഭന്‍

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ആധികാരിക രേഖയായി പരിഗണിക്കപ്പെടുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്ന അതേ സമയത്ത് തന്നെയാണ് ഐ.എന്‍.ഒ പദ്ധതിയും മുന്നോട്ടുവന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ നടക്കാന്‍ പോകുന്ന ഒരു ബൃഹത്നിര്‍മാണ പദ്ധതി എന്ന് കണക്കാക്കിയെങ്കിലും പശ്ചിമഘട്ടം നേരിടുന്ന ഭീഷണികള്‍ വിശദമായി വിശകലനം ചെയ്ത ഒരു സമിതി എന്ന നിലയില്‍ ന്യൂട്രിനോ നിരീക്ഷണശാലയെക്കുറിച്ച് ഗാഡ്ഗില്‍ കമ്മിറ്റി പരിശോധിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നത് ഗാഡ്ഗില്‍ കമ്മിറ്റിയുടെ ന്യൂനതയോടൊപ്പം പദ്ധതിയുടെ രഹസ്യാത്മകത കൂടിയാണ് പുറത്തുകൊണ്ടുവരുന്നത്.

പുതുതായി ലഭിച്ച പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ടും ചില പൊരുത്തക്കേടുകള്‍ നിലനില്‍ക്കുണ്ട്. പരിസ്ഥിതി അനുമതിയ്ക്കായുള്ള അപേക്ഷ കെട്ടിട നിര്‍മാണ പദ്ധതിയ്ക്ക് അനുമതി നല്‍കുന്ന സമിതി പരിശോധിക്കുക എന്നതായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യതീരുമാനം. അതിനാല്‍ മന്ത്രാലയത്തിന് കീഴില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്ന സമിതിക്ക് കീഴിലാണ് പദ്ധതിയെത്തിയത്. സംസ്ഥാന അതോറിറ്റിയുടെ നിരീക്ഷണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സമിതിയെ സംബന്ധിച്ച് അവലോകനങ്ങള്‍ പ്രയാസകരമായിരുന്നു. എങ്കിലും ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന തരത്തില്‍ പ്രത്യേക കേസ്സായി പരിഗണിച്ചാണ് സമിതി സിറ്റിംഗ് നടത്തിയത്.

മാധവ് ഗാഡ്ഗില്‍

2018 ജനുവരി 25 ന് ആണ് ആദ്യം പദ്ധതി പരിശോധിച്ചത്. പദ്ധതി പ്രദേശത്തിന്റെ ഭൂമിയുടെ ഘടന അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ സമിതി ആവശ്യപ്പെട്ടു. ഫെബ്രുവരി 20 ന് ആയിരുന്നു രണ്ടാമത്തെ സിറ്റിംഗ്. ഐ.എന്‍.ഒ അധികൃതരും ഈ സിറ്റിംഗില്‍ പങ്കെടുത്തു. ഐ.എന്‍.ഒ യുടെ ഭാഗം അവര്‍ വിശദീകരിക്കുകയും ചെയ്തു. ഈ സിറ്റിംഗിനെ തുടര്‍ന്നാണ് പാരിസ്ഥിതികാനുമതി നല്‍കാന്‍ സര്‍ക്കാറിനോട് സമിതി ശുപാര്‍ശ ചെയ്യുന്നത്. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2011 ലെ പാരിസ്ഥിതികാനുമതി അതേപടി പുനസ്ഥാപിക്കുകയാണുണ്ടായത്. എങ്കിലും പാരിസ്ഥിതികാനുമതി പുനസ്ഥാപിച്ചുകൊണ്ട് വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ നേരത്തെ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് കാണിച്ച് സംസ്ഥാന അതോറിറ്റി മുന്നോട്ടുവെച്ച കാരണങ്ങള്‍ അതേപോലെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു വിരോധാഭാസം.

പദ്ധതിയും ജനങ്ങളും

കേരള തമിഴ്നാട് അതിര്‍ത്തിയായ തേനിയിലെ ഏറ്റവും പിന്നോക്കമായ പ്രദേശങ്ങളിലൊന്നാണ് പൊട്ടിപ്പുറം. പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവിലെ മഴനിഴല്‍ പ്രദേശങ്ങളിലൊന്നായ ഇവിടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറിയെത്തിയ സാധാരണക്കാരായ ഗ്രാമവാസികള്‍ മാത്രമാണ് ജീവിച്ചുപോരുന്നത്. പൊട്ടിപ്പുറം മലിനരകളില്‍ ഇടയ്ക്കിടെ വീശുന്ന പൊടിക്കാറ്റില്‍ ആടുമാടുകളെ മേയ്ച്ചും കൂലിപ്പണിയും കൃഷി ചെയ്തും കഴിയുന്ന ഈ ഗ്രാമീണരുടെ ജീവിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭീതിജനകമായ അവസ്ഥകളിലാണ്.

വല്ലപ്പോഴുമെത്തുന്ന വിനോദ യാത്രികരോ, മലഞ്ചരക്കുകള്‍ വാങ്ങാനെത്തുന്ന കച്ചവടക്കാരോ, വനം വകുപ്പ് ഉദ്യോഗസ്ഥരോ അല്ലാതെ മറ്റാരും മുമ്പൊന്നും ഇവിടെയെത്താറുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറിയിരിക്കുകയാണ്. പൊട്ടിപ്പുറം മലനിരകളില്‍ ഒരു ന്യൂട്രിനോ നിരീക്ഷണ ശാല നിര്‍മ്മിക്കുവാനുള്ള പദ്ധതിയുമായി കേന്ദ്രം വന്നതോടുകൂടി പ്രദേശത്തെ ജനങ്ങളുടെ ജീവിതം ആശങ്കയിലായി. പദ്ധതിക്ക് നേരെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടുകൂടി പൊട്ടിപ്പുറം ഗ്രാമത്തിലെത്തുന്നവരെ നിരീക്ഷിക്കാന്‍ തമിഴ്നാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും രംഗത്തെത്തി.

പൊട്ടിപ്പുറം

പൊട്ടിപ്പുറത്തേക്ക് പുറത്ത് നിന്നുമെത്തുന്നവരെയെല്ലാം ചോദ്യം ചെയ്യാനും നിരീക്ഷിക്കാനുമാരംഭിച്ചു. പ്രതിഷേധ രംഗത്തുണ്ടായിരുന്ന നാട്ടുകാരില്‍ പലരെയും പോലീസ് ഭീഷണിപ്പെടുത്താനും തുടങ്ങി. പൊട്ടിപ്പുറം ജനതയുടെ സ്വാഭാവികവും ഗ്രാമീണവുമായിരുന്ന ജീവിതം ഇന്ന് അസ്വാഭാവികതകളുടെയും ആശങ്കകളുടെയും നടുവിലകപ്പെട്ടിരിക്കുകയാണ്.

ആടുമാടുകളെ മേയ്ച്ചും കാര്‍ഷിക ജോലികള്‍ ചെയ്തും മാത്രം ജീവിച്ചുപോന്ന ഒരു ജനതയുടെ ആവാസവ്യവസ്ഥയിലേക്കാണ് ന്യൂട്രിനോ നിരീക്ഷണശാല എന്ന പദ്ധതി വന്നത്. അധികൃതരാകട്ടെ ആദ്യഘട്ടത്തിലൊന്നും പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു വിവരവും ജനങ്ങളെ അറിയിച്ചിട്ടുമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ മാത്രമായിരുന്നു പദ്ധതിക്കെതിരെ എതിര്‍പ്പുമായി വന്നത്. എന്നാല്‍ പദ്ധതി വരുന്നതോടുകൂടിയുണ്ടാവുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കിയ പ്രാദേശികജനത സമരവുമായി രംഗത്ത് വരികയായിരുന്നു.

കേരളത്തിലെയും തമിഴ്നാട്ടിലെയും ഏതാനും പരിസ്ഥിതി പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും വിഷയത്തില്‍ ഇടപെടുകയും ന്യൂട്രിനോ നിരീക്ഷണശാല തീര്‍ക്കുന്ന അപകടങ്ങളെക്കുറിച്ച് പഠനം നടത്തുകയും ചെയ്തതോടെ ഐ.എന്‍.ഒ ചെറിയ രീതിയില്‍ പ്രതിരോധത്തിലായി. പദ്ധതി തീര്‍ക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയ കേരളത്തില്‍ നിന്നുള്ള ഗവേഷകനും ആക്ടിവിസ്റ്റുമായ വി.ടി പത്മനാഭന്റെ ലേഖനങ്ങള്‍ക്കുള്ള മറുപടിയെന്നോണം വിശദീകരണവുമായി ഐ.എന്‍.ഒ അധികൃതര്‍ രംഗത്തുവന്നു.

ഇതിനിടയില്‍ തമിഴ്നാട്ടിലെ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് വൈക്കോ വിഷയത്തിലിടപ്പെട്ടതോടുകൂടിയാണ് പ്രശ്നങ്ങള്‍ രാഷ്ട്രീയമാനം കൈവരിക്കുന്നതും തമിഴ് രാഷ്ട്രീയരംഗത്ത് ന്യൂട്രിനോ നിരീക്ഷണശാലയുടെ നിര്‍മാണം ശ്രദ്ധയില്‍പെടുന്നതും. വൈക്കോയുടെ മുന്‍കൈയില്‍ നടന്ന സമരങ്ങള്‍ക്ക് പിന്തുണ തേടി കേരളത്തിലെത്തിയ അദ്ദേഹം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനെത്തുടര്‍ന്ന് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ദേഹം ന്യൂട്രിനോ നിരീക്ഷണശാല ഉയര്‍ത്തുന്ന ഭീഷണികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും സമരങ്ങള്‍ക്കുള്ള തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു.

തമിഴ്നാട്ടില്‍ നടന്ന പ്രത്യക്ഷ സമരങ്ങളോടൊപ്പം തന്നെ വൈക്കോ നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് 2017 മാര്‍ച്ചില്‍ പദ്ധതിയുടെ പാരിസഥിതികാനുമതി കേന്ദ്രം ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കുന്നത്. അതോടുകൂടി പ്രശ്നങ്ങള്‍ ഏകദേശം കെട്ടടങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം പദ്ധതി വീണ്ടും പാരിസ്ഥിതികാനുമതി കരസ്ഥമാക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയും ചെയതതോടെ പൊട്ടിപ്പുറം എന്ന ഗ്രാമവും പരിസരപ്രദേശങ്ങളും വലിയ സമരങ്ങളിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.

അതേ സമയം ചെറിയ രീതിയിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും കേരളത്തിലും നടന്നുവരുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 17 ന് ഇടുക്കി ജില്ലയിലെ ശാമ്പാറയില്‍ പരിസ്ഥിതിപ്രവര്‍ത്തകനായ തങ്കപ്പന്‍ നടത്തിയ ഒറ്റയാള്‍ സമരവും നടന്നിരുന്നു. “യാതൊരുവിധ പഠനങ്ങളും നടത്താതെയാണ് പദ്ധതിക്കുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. തുരങ്കനിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ഫോടനങ്ങള്‍ തകര്‍ക്കാന്‍ പോകുന്നത് ഇടുക്കി ജില്ലയിലെ 12 ഓളം ഡാമുകളെയാണ്. അതിനാല്‍ ഏത് വിധേയനും ഈ പദ്ധതിയെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്.” തങ്കപ്പന്‍ പറഞ്ഞു.

നിമിഷ ടോം

We use cookies to give you the best possible experience. Learn more