തരുണ്‍ തേജ്പാല്‍ കേസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട നടപടി അധാര്‍മികം: ടൈംസ് നൗ ചാനലിനെതിരെ ആഞ്ഞടിച്ച് എന്‍.ഡബ്ല്യു.എം.ഐ
national news
തരുണ്‍ തേജ്പാല്‍ കേസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട നടപടി അധാര്‍മികം: ടൈംസ് നൗ ചാനലിനെതിരെ ആഞ്ഞടിച്ച് എന്‍.ഡബ്ല്യു.എം.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th May 2018, 3:59 pm

ന്യൂദല്‍ഹി: ടൈംസ് നൗ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ. തരുണ്‍ തേജ്പാല്‍ വിഷയത്തില്‍ തെളിവിനായി സമര്‍പ്പിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രൈം ടൈം ഷോകള്‍ വഴി പുറത്തുവിട്ടതിനെതിരെയാണ് സംഘടന പ്രതിഷേധം അറിയിച്ചത്. ചാനലിന്റെ നടപടി തീര്‍ത്തും അധാര്‍മികവും വ്യക്തമായ നിയമലംഘനവുമാണെന്ന് എന്‍.ഡബ്ല്യു.എം.ഐ. ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിക്കയച്ച കത്തില്‍ പറയുന്നു.

തെഹല്‍കയുടെ സ്ഥാപക എഡിറ്ററായ തരുണ്‍ തേജ്പാലിനെ പ്രതിചേര്‍ത്തിട്ടുള്ള ബലാത്സംഗക്കേസ് ചര്‍ച്ച ചെയ്യുന്ന ഇന്ത്യ അപ്ഫ്രണ്ട് ഷോ, ന്യൂസ് അവര്‍ ഡിബേറ്റ് എന്നീ പരിപാടികളിലാണ് മേയ് 28ന് രണ്ടു മണിക്കൂര്‍ നേരം തുടര്‍ച്ചയായി സിസിടിവി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.

ഗോവയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിലെ തെളിവായി സമര്‍പ്പിച്ചിട്ടുള്ള ദൃശ്യങ്ങള്‍ കേസു നടന്നുകൊണ്ടിരിക്കേ പുറത്തുവിടുന്നത് സി.ആര്‍.പി.സി. വകുപ്പുകള്‍ 327(2),(3) എന്നിവയനുസരിച്ച് നിയമവിരുദ്ധമാണെന്നും, ഇരയുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്നും എന്‍.ഡബ്ല്യു.എം.ഐ ചൂണ്ടിക്കാട്ടുന്നു.

“ഈ രണ്ട് ഷോകളും പരാതിക്കാരിയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുകയും, അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ വൈകാരികാവസ്ഥയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത വിധത്തിലുള്ള ഈ നടപടി അങ്ങേയറ്റം അപലപനീയമാണ്. തങ്ങള്‍ക്കു നേരിടേണ്ടി വന്ന അനീതിക്കെതിരെ പൊരുതുന്നവരെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു പകരം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം പരിപാടികള്‍ ഉതകുക.” കത്തില്‍ പറയുന്നു.

ആരുടെയും പക്ഷം പിടിക്കാതെ സി.സി.ടി.വി ദൃശ്യങ്ങളുടെ “സാധുത” പരിശോധിക്കുന്നതായി ചിത്രീകരിച്ച ഷോയില്‍ പക്ഷേ, പരാതിക്കാരിക്കെതിരായി പ്രേക്ഷകരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്ന് സംഘടന ആരോപിക്കുന്നു