തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ തിരുവനന്തപുരം പ്രസ്‌ക്ലബ് ആയിരുന്ന സെക്രട്ടറി എം. രാധാകൃഷ്ണനൊടൊപ്പം വേദി പങ്കിടരുതെന്ന് അഖിലേന്ത്യാ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ, കേരള ഘടകം.
2019 ല്‍, ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സെക്രട്ടറി ആയിരുന്ന എം. രാധാകൃഷ്ണനില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമത്തില്‍ നിന്നാണ് തുടക്കം. രാത്രി വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും അവരോട് മോശമായി പെരുമാറുകയുമായിരുന്നു.
ഭര്‍ത്താവിനെ ഫോണ്‍ ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകയെ കായികമായി അക്രമിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ആക്രമിക്കപ്പെട്ട വനിതയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെടെ 400 ല്‍ പരം മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണന്‍. അതിനും പുറമെ, ഈ പത്രപ്രവര്‍ത്തക ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അവരുടെ സഹജീവനക്കാരനും ആയിരുന്നു.
രാധാകൃഷ്ണനെതിരെ പരാതിക്കാരിയായ വനിതാ മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചു വരികയാണ്. കേസില്‍ അവസാന വിധി വരുന്നത് വരെ ജെന്‍ഡര്‍ ക്രിമിനലായ രാധാകൃഷ്ണനൊപ്പം വേദി പങ്കിടരുതെന്ന് രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരോട് എന്‍.ഡബ്ല്യു.എം.ഐ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂര്‍ണരൂപം
രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കേരളത്തിലെ സംസ്‌കൃത സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ഞങ്ങള്‍ വനിതാ മാധ്യപ്രവര്‍ത്തകര്‍ 2019 നവംബര്‍ മുതല്‍ നിരന്തര സമരത്തിലാണ് . സങ്കടത്തോടെ പറയട്ടെ, വീണ്ടും വീണ്ടും ഉരുത്തിരിയുന്ന നീതിനിഷേധങ്ങളെ തുടര്‍ന്ന്, ഒരു മഹാമാരികാലത്ത് പോലും, ഈ പ്രതിഷേധത്തിന് അവസാനമുണ്ടാക്കാന്‍ കഴിയുന്നില്ല .
2019 ല്‍, ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സെക്രട്ടറി ആയിരുന്ന എം. രാധാകൃഷ്ണനില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമത്തില്‍ നിന്നാണ് തുടക്കം. ആക്രമിക്കപ്പെട്ട വനിതയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെടെ 400 ല്‍ പരം മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണന്‍. അതിനും പുറമെ, ഈ പത്രപ്രവര്‍ത്തക ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അവരുടെ സഹജീവനക്കാരനും ആയിരുന്നു അയാള്‍.
രാത്രി അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നു മാത്രമല്ല. ആ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ , അവരുടെ ചെറിയ കുട്ടികളുടെ, മുന്നില്‍ വച്ച്, രാധാകൃഷ്ണനും കൂട്ടാളികളും നടത്തിയ ദുരാചാരഗുണ്ടായിസവും അതിക്രമവും തീര്‍ത്തും അപലപനീയമാണ്.
പത്രപ്രവര്‍ത്തകനായ ഭര്‍ത്താവ് നൈറ്റ് ഷിഫ്റ്റില്‍ ജോലിയ്ക്കു പോയിരിക്കകയായിരുന്നു. അയാളെ ഫോണ്‍ ചെയ്തു വരുത്താനൊരുങ്ങിയ അവരെ കായികമായി ആക്രമിക്കാനും രാധാകൃഷ്ണന്‍ ഒട്ടും മടിച്ചില്ല. ഈ ബഹളത്തെക്കുറിച്ച് കേട്ട് , ഭര്‍ത്താവ് വീട്ടിലേക്കു പാഞ്ഞെത്തി, ആ ചെയ്തിയെ ചോദ്യം ചെയ്യുന്നതുവരെ, രാധാകൃഷ്ണന്റെയും കൂട്ടാളികളുടെയും ലഹള തുടര്‍ന്നു കൊണ്ടിരുന്നു.
ഇതേക്കുറിച്ച് പൊലീസ് കേസ് നിലവിലുണ്ട്. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. രാധാകൃഷ്ണനും ആക്രമിക്കപ്പെട്ട വനിതയും ജോലിചെയ്യുന്ന മാധ്യമ സ്ഥാപനം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. പിന്നാലെ, അവിടെ പ്രൂഫ് റീഡര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അയാളെ അനിശ്ചിതകാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. ഇതുവരെ രാധാകൃഷ്ണനെ ജോലിയില്‍ തിരിച്ചെടുത്തിട്ടുമില്ല. രാധാകൃഷ്ണനും ആ മാധ്യമപ്രവര്‍ത്തകയും അംഗങ്ങളായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അന്വേഷണ വിധേയമായി പ്രതിയെ സസ്‌പെന്റ് ചെയ്യുകയും, തുടര്‍ന്ന് അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂണിയനില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
അഖിലേന്ത്യാ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണയോടെ 2019 ഡിസംബറില്‍ പ്രസ് ക്ളബിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ പ്രസ് ക്ലബില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ആയിടയ്ക്ക്, ഈ ക്രിമിനലിനെ പിന്തുണച്ച് പ്രസംഗിച്ച ഏക രാഷ്ട്രീയ നേതാവ് കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ്.
സ്ത്രീകളെ ആക്രമിക്കുന്ന സെക്രട്ടറിയെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ്?ക്ലബ്ബിലെ ഓഫീസിന് മുമ്പില്‍ മുദ്രാവാക്യം വിളിയ്ക്കുന്നതും രാധാകൃഷ്ണനെ അയാളുടെ കൂട്ടാളികള്‍ ഓഫീസിനുള്ളിലെ ഉപമുറിയില്‍ ഒളിപ്പിച്ചിരുത്തിയതും, അവസാനം പൊലീസ് വന്ന് അയാളെ അറസ്റ്റു ചെയ്തു കൊണ്ട് പോവുന്നതുമൊക്കെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. ഇവയൊക്കെ, ദൃശ്യമാധ്യമങ്ങളില്‍ ലൈവ് സംപ്രേക്ഷണമായും പത്രമാദ്ധ്യമങ്ങളില്‍ തലക്കെട്ടായുമൊക്കെ പതിഞ്ഞത് എല്ലാവരും ഓര്‍ക്കുമല്ലോ. തുടര്‍ന്ന്, പ്രസ് ക്ലബ്, ചട്ടപ്രകാരം, ജനറല്‍ബോഡി ചേര്‍ന്ന് അംഗത്വത്തില്‍ നിന്ന് അയാളെ പുറത്താക്കുകയും ചെയ്തു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, ഈ സംഭവത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടായത് പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന് തോന്നുന്നു .
ഇതിനെതിരെ രാധാകൃഷ്ണന്‍ കോടതിയെ സമീപിച്ചതില്‍ അനുകൂല വിധി വന്നു എന്ന അവകാശവാദത്തില്‍ ഏപ്രില്‍ 2021 മുതല്‍ അയാള്‍ വീണ്ടും പ്രസ് ക്ലബില്‍ സജീവമായിരിക്കയാണ്. ദുരന്ത കാലത്തെ കമ്യൂണിറ്റി കിച്ചന്‍ തുടങ്ങിയ പ്രസ്?ക്ലബ്ബിന്റെ സ്വാഭാവികപ്രവര്‍ത്തനങ്ങള്‍, ഈ സ്ത്രീവിരുദ്ധന്, മഹാമാരികാലത്തെ അന്നദാനക്കാരന്റെ മേലങ്കിയണിയാന്‍ ഒരു അവസരമായി എന്ന് പറയാം. രാഷ്ട്രീയ നേതാക്കളുമായി വേദി പങ്കിട്ട്? സ്വന്തം കുറ്റകൃത്യം വെള്ള പൂശാന്‍ ശ്രമം തുടങ്ങി. ഈ സമരത്തില്‍ സജീവമായി ഇടപെട്ട വനിത മാധ്യമ പ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തുകയും അവര്‍ക്കെതിരെ അശ്ലീല അപവാദ പ്രചാരങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു. അതോടെ വീണ്ടും ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വന്നു.
ക്ലബ്ജീവിതത്തില്‍, രാധാകൃഷ്ണന് വലംകൈ ആയി നില്‍ക്കുന്നയാള്‍ ജോലി ചെയ്യുന്നത് കേരളത്തിലെ ഏറ്റവും പഴക്കമേറിയ മാധ്യമസ്ഥാപനങ്ങളിലൊന്നാണ് എന്ന യശസ്സാണ് ഇപ്പോള്‍ അയാളുടെ ഏക പിടി വള്ളി. 2020ല്‍ തന്നെ, വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഒരു പ്രതിനിധി സംഘം ഈ മുഖ്യധാരാ മാധ്യമ സ്ഥാപനത്തിന്റെ റസിഡന്റ് എഡിറ്ററെ കണ്ടു ഈ കാര്യത്തിലെ അനീതിയെക്കുറിച്ച് ധരിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് മറ്റൊരു മാധ്യമസ്ഥാപനം സസ്പെന്‍ഡ് ചെയ്ത ഒരാളെ തങ്ങളുടെ സ്ഥാപനത്തിലെ ഒരു പത്രപ്രവര്‍ത്തകന്‍ പിന്തുണയ്ക്കില്ല എന്ന ഉറച്ച നിലപാട് മാന്യനായ ആ എഡിറ്റര്‍ അസന്ദിഗ്ധമായി ഞങ്ങളെ അറിയിക്കുകയും ചെയ്തതാണ്. ആ ഉറപ്പ് ഇപ്പോള്‍ ലംഘിക്കപ്പെടുന്നത്, ആ മാധ്യമ മേധാവികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല എന്ന് വേണം കരുതാന്‍.
പ്രസ്‌ക്ലബ് ഭാരവാഹി എന്ന അധികാരത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന തരത്തില്‍ ആണ് രാധാകൃഷ്ണന്റെ നീക്കങ്ങള്‍. അയാളുടെ പാനലില്‍ നിന്ന് പ്രസ് ക്ലബ് ഇലക്ഷന്‍ ജയിച്ച മാധ്യമ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ അന്ധമായി അയാളെ പിന്തുണയ്ക്കുന്നു. അവര്‍ക്ക് ഇതു പ്രസ് ക്ലബ് അധികാരത്തോടൊപ്പം കിട്ടുന്ന ചില സാമൂഹ്യപദവികളുടെയും മാത്രം വിഷയമാണ്. എന്നാല്‍ മറുഭാഗത്തു കടുത്ത നീതി നിഷേധത്തിന് ഇരയാകുന്നത് ഒരു സ്ത്രീയും അവര്‍ക്കൊപ്പം നിന്ന ഒരു കൂട്ടം സ്ത്രീകളുമാണ് എന്ന് ഓര്‍ക്കണം. അക്രമത്തിനും തുടര്‍ന്നുള്ള സംഘടിതമായ വിധേയയായ മാധ്യമപ്രവര്‍ത്തക ഇപ്പോഴും അതിന്റെ കനത്ത മാനസികാഘാതങ്ങള്‍ക്ക് വൈദ്യചികിത്സയിലാണ്.
രണ്ടു തെറ്റിധാരണകള്‍ നല്‍കിയാണ്, രാധാകൃഷ്ണനും അയാളുടെ പാനല്‍ ചങ്ങാതികളും തല മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെ ഇപ്പോള്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കൊണ്ടുവരുന്നത്.
ഒന്ന് – ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക രാധാകൃഷ്ണനെതിരെയുള്ള കേസ് പിന്‍വലിച്ചു എന്നുപറഞ്ഞ് . രണ്ട് – വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം, അവര്‍ക്കോ അവരുടെ വേണ്ടപ്പെട്ടവര്‍ക്കോ പ്രസ് ക്ലബ്ബിന്റെ അധികാരം ലഭിയ്ക്കാന്‍ വേണ്ടി മാത്രമാണ്. പൂര്‍ണമായും വസ്തുതാവിരുദ്ധമാണ് രണ്ട് കാര്യങ്ങളും .
ഒന്ന്, കേസ് പിന്‍വലിച്ചിട്ടില്ല . ആ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിട്ട അപമാനം ഒരു ഒത്തുതീര്‍പ്പിലും ‘ഒതുക്കി’യിട്ടില്ല. രണ്ട് , തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ അധികാരം കിട്ടാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു താല്പര്യവും ഇല്ല. ഒരു ജന്‍ഡര്‍ ക്രൈം കേസില്‍ പ്രതി അല്ലാത്ത, ആര് വേണമെങ്കിലും ആ സ്ഥാപനം ഭരിച്ചോട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഒരു വര്‍ഷത്തില്‍ ഏറെ ആയി സസ്‌പെന്‍ഷനില്‍ ആയ ഒരാള്‍ എങ്ങനെ പ്രസ് ക്ലബ് ഭാരവാഹിയായി തിരിച്ചെത്തി?
രാധാകൃഷ്ണന്റെ ക്ഷണം സ്വീകരിച്ച് അയാള്‍ക്കൊപ്പം വേദി പങ്കിട്ട് അയാള്‍ക്ക് വിശ്വാസ്യത പകരാന്‍, അറിഞ്ഞോ അറിയാതെയോ, പല സമുന്നത രാഷ്ട്രീയനേതാക്കളും ഒരുമ്പെടാറുണ്ട്. പ്രസ്‌ക്ലബ് ഓഫിസില്‍ ഒപ്പമുള്ള മാധ്യമപ്രവര്‍ത്തകന്‍ ജോലിചെയ്യുന്ന പ്രമുഖ പത്രസ്ഥാപനത്തിന്റെ ലേബല്‍ വീശി ക്ഷണിക്കുന്നത് കൊണ്ടാണ്, വിശ്വസിച്ചു പലരും ക്ഷണം സ്വീകരിക്കുന്നത് എന്ന് പറയുകയുണ്ടായി. ആ പത്രത്തിന്റെ തലപ്പത്തുള്ളവരാവട്ടെ , ആ സ്ഥാപനത്തിന്റെ പൈതൃകം ദുരുപയോഗപ്പെടുത്തുന്നത് അറിയണം എന്നില്ലല്ലോ.
ചിലരെങ്കിലും, തക്ക സമയത്ത്, അയാളുടെ ക്രിമിനല്‍ ഐഡന്റിറ്റി ബോദ്ധ്യപ്പെട്ടതോടെ, ആ അബദ്ധത്തില്‍ ചെന്ന് പെടാതിരുന്നിട്ടുണ്ട് . എ. കെ. ആന്റണി, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ശിവന്‍കുട്ടി എന്നിവര്‍ ഇക്കാര്യത്തില്‍ വിവേചനബുദ്ധി കാട്ടി. അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് നേരത്തെയും എ. വിജയരാഘവന്‍, ആന്റണി രാജു എന്നിവര്‍ക്ക് കഴിഞ്ഞ ദിവസവും, ഇക്കാര്യത്തില്‍, ജാഗ്രതക്കുറവുണ്ടായി എന്ന്, നിരാശയോടെ, ചൂണ്ടികാണിക്കട്ടെ .
എന്ത് തരം സന്ദേശമാണ് ഒരു ജെണ്ടര്‍ ക്രിമിനലിനോടൊപ്പം വേദിപങ്കിടുന്ന രാഷ്ട്രീയപാര്‍ട്ടിനേതാക്കന്മാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് ? നിങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പടെ ഉയര്‍ത്തിക്കട്ടിയ സ്ത്രീപക്ഷ നിലപടുകള്‍ വെറും പുറംപൂച്ചാണോ എന്ന് ഞങ്ങള്‍ക്ക് ചോദിക്കേണ്ടി വരും. ഒരു ക്രിമിനല്‍ കേസിലെ പ്രതിയെ വെള്ളപൂശി നീതിയ്ക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തെ പിന്നോട്ട് അടിക്കരുത് എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അവയെ നയിക്കുന്നവരോടും ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
നീതിബോധമുള്ള പൊതു സമൂഹത്തോട്: മലയാള സിനിമാ ലോകത്ത് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രബലമായ പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്തത് സമീപകാലത്താണ്. അമേരിക്കന്‍ സിനിമാവ്യവസായത്തിലെ വിഗ്രഹങ്ങളെ കീഴ്‌മേല്‍ മറിയ്ക്കുകയും അഴിയ്ക്കകത്താക്കുകയും ചെയ്ത മീടൂ മൂവ്‌മെന്റും സ്ത്രീ നീതിയുടെ പോരാട്ടത്തില്‍ ലോകസമൂഹം എവിടെ നില്‍ക്കുന്നുവെന്ന പുതിയ അടയാളപ്പെടുത്തലുകള്‍ ആണ്.
വനിതകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ആണധികാരത്തിന്റെ കണ്ണിചേരല്‍ കൊണ്ട് കുഴിച്ചിട്ടു മൂടാം എന്ന സൗകര്യപ്രദമായ അനാചാരം മാധ്യമരംഗത്തും നടത്താനാനാവില്ല എന്നാണ് കാലത്തിന്റെ ചുമരെഴുത്ത്. കേസിന്റെ അവസാനവിധി വരാതെ, രാധാകൃഷ്ണന്റെ കൂടെ വേദി പങ്കിടില്ല എന്ന് രാഷ്ട്രീയ-സാംസ്‌കാരികരംഗത്തെ ശ്രേഷ്ഠവ്യക്തികള്‍ തീരൂമാനിച്ചേ തീരൂ .
വനിതാമാധ്യമ പ്രവര്‍ത്തക കൂട്ടായ്മ എന്ന നിലയില്‍, ഈ മേഖലയിലേയ്ക്ക് ഞങ്ങള്‍ക്ക് ശേഷം വരുന്നവര്‍ക്കും കൂടി, നിര്‍ഭയപ്രവര്‍ത്തനത്തിനുള്ള അന്തരീക്ഷം ഒരുക്കാനുള്ള ഉത്തരവാദിത്തമായി ഞങ്ങള്‍ ഈ പ്രതിരോധത്തെ കാണുന്നു. ഇത്, ഒന്നോ രണ്ടോ വ്യക്തികളുടെ ജയപരാജയങ്ങളുടെ വിഷയമല്ല. ഞങ്ങളുടെ സഹപ്രവര്‍ത്തകയായ ഒരു സ്ത്രീയ്ക്ക് നേരെ ഉണ്ടായ ഹിംസ അഖിലേന്ത്യാ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയെ മാത്രമല്ല, എല്ലാ ജെന്‍ഡറിലും ഉള്ള സമാനഹൃദയരെയും ഒന്നടക്കം ഞടുക്കിയ ഒന്നാണ്.
മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ആദര്‍ശപ്രസ്ഥാനത്തിനും, മാധ്യമ രംഗത്ത്, ഒരു ദുരാചാരഗുണ്ടയെ അരിയിട്ട് വാഴിയ്ക്കുന്നത് പൊറുക്കാനാവില്ല എന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഈ സമരത്തിന്, ഞങ്ങള്‍ വിശാല സാമൂഹ മനസ്സാക്ഷിയുടെ സുദൃഢമായ പിന്തുണ തേടുന്നു .
നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ, കേരള ഘടകം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Network of women in media India against M. Radhakrishnan former press club secretary