| Saturday, 21st September 2013, 7:28 pm

ചെറുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനായി 100 വിമാനത്താവളങ്ങള്‍ കൂടി വരുന്നെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അജ്‌മേര്‍(രാജസ്ഥാന്‍): രാജ്യത്തെ ചെറുനഗരങ്ങളെ വിമാനസര്‍വീസ് മുഖേന ബന്ധിപ്പിക്കാനായി 100 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്.

രാജസ്ഥാനിലെ കിഷന്‍ഗഢ് നഗരത്തിലെ വിമാനത്താവളത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് കീഴിലുളള ആദ്യ വിമാനത്താവളമാണ് കിഷന്‍ഗഡിലേത്.

കഴിഞ്ഞ വര്‍ഷം 16 കോടി വിമാനയാത്രികരാണുണ്ടായത്. 2020 ഓടെ വിമാനയാത്രികരുടെ എണ്ണം 30 കോടിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വര്‍ധിച്ചുവരുന്ന വിമാനയാത്രികരെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ ചെറുപട്ടണങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ച് 100 വിമാനത്താവളങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി.

ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങളില്‍ ആദ്യത്തേതാണ് കിഷന്‍ഗഢിലേത്.  പദ്ധതിയുടെ ആദ്യഘട്ട ചെലവിനായി 161 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ഓടെ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകും.

വ്യോമയാനമന്ത്രി അജിത് സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 150 യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളോടെയാണ് അജ്‌മേറിലെ വിമാനത്താവളം ഒരുക്കുന്നത്. 2000 മീറ്ററാണ് റണ്‍വേയുടെ നീളം.

We use cookies to give you the best possible experience. Learn more