| Friday, 11th June 2021, 7:48 am

കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെ സസ്‌പെന്‍ഡ് ചെയ്ത് നെറ്റ്‌വര്‍ക്ക് 18; നടപടി കേന്ദ്രം ട്വിറ്റര്‍ അക്കൗണ്ടിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെ സസ്‌പെന്‍ഡ് ചെയ്ത് നെറ്റ്‌വര്‍ക്ക് 18. ദ വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോട്ടീസ് നല്‍കുകയോ വിശദീകരണത്തിന് സമയം നല്‍കുകയോ ചെയ്യാതെയാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ആറ് വര്‍ഷമായി ന്യൂസ് 18നിലാണ് മഞ്ജുള്‍ ജോലി ചെയ്തിരുന്നത്.

മഞ്ജുളിനെ പുറത്താക്കുമെന്നതിന്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും സസ്‌പെന്‍ഷന്‍ നടപടി തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും നെറ്റ്‌വര്‍ക്ക് 18 നിലുള്ളവര്‍ പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി. സര്‍ക്കാരിന്റെയും നടപടികളിലെ അപാകതകളെ ചൂണ്ടിക്കാട്ടുന്ന മഞ്ജുളിന്റെ കാര്‍ട്ടൂണുകള്‍ അടുത്ത കാലത്ത് വീണ്ടും ചര്‍ച്ചയായിരുന്നു. കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി നിരവധി കാര്‍ട്ടൂണുകള്‍ മഞ്ജുള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് പലരും പങ്കുവെക്കുകയും ചെയ്തിരുന്നു.

ജൂണ്‍ നാലിനാണ് തനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട വിവരം മഞ്ജുള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ട്വിറ്ററില്‍ നിന്ന് ലഭിച്ച ഇ-മെയിലിന്റെ പകര്‍പ്പാണ് മഞ്ജുള്‍ ട്വീറ്റ് ചെയ്തത്.

മഞ്ജുളിന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ലോ എന്‍ഫോഴ്സ്മെന്റ് ട്വിറ്ററിനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ മോദീ സര്‍ക്കാര്‍ കീ ജയ്,’ എന്നാണ് മെയില്‍ പങ്കുവെച്ച് കൊണ്ട് മഞ്ജുള്‍ ട്വീറ്റ് ചെയ്തത്.

മഞ്ജുളിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്ത ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു നടപടിയും തങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് മഞ്ജുളിന് അയച്ച മെയിലില്‍ ട്വിറ്റര്‍ പറയുന്നത്. വേണമെങ്കില്‍ കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്നും ട്വിറ്റര്‍ മഞ്ജുളിനയച്ച മെയിലില്‍ നിര്‍ദേശിക്കുന്നുണ്ട്.

ഏതെങ്കിലും പ്രത്യേക ട്വീറ്റ് നീക്കം ചെയ്യണം എന്ന് പറയുന്നതിന് പകരം മഞ്ജുളിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ നടപടി എടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. മഞ്ജുളിനെതിരായ കേന്ദ്രനീക്കത്തിനെതിരെ ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇത് പരിഹാസ വാര്‍ത്തയാണെന്നാണ് കരുതിയിരുന്നതെന്നും കേന്ദ്ര നീക്കം അവിശ്വസനീയമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

ട്വിറ്ററില്‍ നിന്നും മെയില്‍ വന്നതിന് ശേഷവും കേന്ദ്രത്തെ പരിഹസിച്ച് കൊണ്ട് മുമ്പ് പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ മഞ്ജുള്‍ വീണ്ടും തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘എന്നോട് ഐക്യപ്പെട്ടവര്‍ക്ക് വേണ്ടി വീണ്ടും പോസ്റ്റ് ചെയ്യുന്നു,’ എന്ന് പറഞ്ഞാണ് കൊവിഡ് വ്യാപിക്കുമ്പോഴും സോഷ്യല്‍ മീഡിയയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഓടുന്ന മോദിയുടെ കാര്‍ട്ടൂണ്‍ മഞ്ജുള്‍ പോസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Network 18 suspends cartoonist Manjul after Centre asks Twitter to take action against his twitter account

We use cookies to give you the best possible experience. Learn more