വിൻഡോക്ക്: നമീബിയയിലെ ആദ്യ വനിതാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് നെതുംബോ നന്ദി-ൻഡൈത്വ. ആഫ്രിക്കയിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റും നമീബിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റുമാണ് നെതുംബോ.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ നീണ്ട പോരാട്ടത്തിനുശേഷം 1990ൽ രാജ്യം സ്വാതന്ത്ര്യം നേടിയതുമുതൽ അധികാരത്തിലിരിക്കുന്ന സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷന്റെ (സ്വപോ) ദീർഘകാല പ്രവർത്തകയാണ് നെതുംബോ.
മുമ്പ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന നെതുംബോ നവംബറിൽ നടന്ന പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പിൽ 58% വോട്ട് നേടിയാണ് വിജയിച്ചത്. നമീബിയയുടെ സ്വാതന്ത്ര്യത്തിന്റെ 35-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിൽ വെച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് നങ്കോലോ എംബുംബ, നെതുംബോ നന്ദി-ൻഡൈത്വയ്ക്ക് അധികാരം കൈമാറി.
ഉദ്ഘാടന പ്രസംഗത്തിൽ, സ്വാതന്ത്ര്യത്തിനുശേഷം രാജ്യം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഇനിയും ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്ന് അവർ പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് താൻ മുൻഗണന നൽകുമെന്നും നെതുംബോ പറഞ്ഞു. ഒപ്പം ഹരിത ഊർജ്ജം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വലിയ നിക്ഷേപം നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നെതുംബോ കൂട്ടിച്ചേർത്തു.
‘അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മൾ കുറഞ്ഞത് 5,00,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. രാജ്യത്തെ സാമ്പത്തിക ഉത്പ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായി ഞാൻ പോരാടും,’ നെതുംബോ പറഞ്ഞു.
ഒരു ആംഗ്ലിക്കൻ പുരോഹിതന്റെ 13 മക്കളിൽ ഒമ്പതാമതായിട്ടാണ് നെതുംബോ ജനിച്ചത്. 1960കളിൽ തന്റെ കൗമാരപ്രായത്തിൽ സ്വപോയിൽ ചേർന്ന അവർ 1970 കളിലും 1980 കളിലും സാംബിയ, ടാൻസാനിയ, മുൻ സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ പ്രവാസ ജീവിതം നയിച്ചു.
1990 മുതൽ നമീബിയയിൽ നിയമനിർമാതാവായിരുന്നു അവർ. പിന്നീട് വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയ നിരവധി കാബിനറ്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ ജർമൻ കോളനിയായിരുന്നു നമീബിയ. പിന്നീട് പതിറ്റാണ്ടുകളുടെ പോരാട്ടത്തിനും 20 വർഷത്തിലേറെ നീണ്ടുനിന്ന ദക്ഷിണാഫ്രിക്കൻ സേനയ്‌ക്കെതിരായ ഗറില്ലാ യുദ്ധത്തിനും ശേഷം 1990ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് നമീബിയക്ക് സ്വാതന്ത്ര്യം ലഭിച്ചു. ആഫ്രിക്കയിലെ ജനസാന്ദ്രത കുറഞ്ഞ ഒരു രാജ്യമായ നമീബിയയുടെ അഞ്ചാമത്തെ പ്രസിഡന്റാണ് നെതുംബോ നന്ദി-ൻഡൈത്വ.
മൂന്ന് ദശലക്ഷം മാത്രം ജനസംഖ്യയുള്ള, അതേസമയം ഭൂമിശാസ്ത്രപരമായി വളരെ വലിപ്പമുള്ള രാജ്യമാണ് നമീബിയ. രാജ്യത്തെ കൃഷിഭൂമിയുടെ 70% വെള്ളക്കാരായ കർഷകരുടെ ഉടമസ്ഥതയിലാണെന്ന് സർക്കാർ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2023ലെ സെൻസസിൽ ആകെ 53,773 നമീബിയക്കാരും വെള്ളക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 1.8% പ്രതിനിധീകരിക്കുന്നു.
Content Highlight: Netumbo Nandi-Ndaitwah sworn in as Namibia’s first female president