| Friday, 19th August 2022, 1:23 pm

നെയ്മര്‍ ഒരു തെറ്റും ചെയ്തിട്ടില്ല, എല്ലാം അവന്റെ പ്രശ്‌നങ്ങളാണ്; പി.എസ്.ജി സൂപ്പര്‍താരത്തെ എല്ലാവരും 'കൊട്ടിയിട്ട്' പോകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുനാളായി ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ തലക്കെട്ടാണ് പി.എസ്.ജിയും സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളും. ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപെയും ബ്രസീലിയന്‍ ഇതിഹാസം നെയ്മര്‍ ജൂനിയറും തമ്മിലുള്ള ഈഗോയാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം.

ലീഗ് വണ്ണിലെ മോണ്ട്പെല്ലിയറിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ പി.എസ്.ജി 5-2ന് ജയിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തിലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. മത്സരത്തിലെ ആദ്യ പെനാല്‍ട്ടി എംബാപെ പുറത്തടിച്ച് കളഞ്ഞിരുന്നു. ടീമിന് ലഭിച്ച രണ്ടാം പെനാല്‍ട്ടി എംബാപെയെ മറികടന്ന് നെയ്മര്‍ അടിക്കുകയായിരുന്നു. നെയ്മര്‍ ഇത് ഗോള്‍ ആക്കുകയും ചെയ്തു.

ഇതില്‍ എംബാപെക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. മത്സരത്തിന് ശേഷം ഇത് ഡ്രസിങ് റൂമിലും നീണ്ടുനിന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സൂപ്പര്‍താരം ലയണല്‍ മെസിയും നെയ്മറും തമ്മിലുള്ള ബന്ധം എംബാപെയുടെ ഡ്രസിങ് റൂമിലെ വില കുറക്കുന്നു എന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വിഷയത്തില്‍ നെയ്മറിനെയും കുറ്റപ്പെടുത്തി രംഗത്തെത്തുന്നവരുണ്ട്. നെയ്മറിനും ഈഗോയാണെന്ന് വാദിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബ്രസീലിയിന്‍ താരമായ നെറ്റോ.

മുന്‍ ബ്രസീലിയന്‍ താരവും നിലവിലെ ടിവി അവതാരകനുമായ നെറ്റോ പി.എസ്.ജി സൂപ്പര്‍താരങ്ങളുടെ പോരാട്ടത്തില്‍ നെയ്മര്‍ ജൂനിയറിനെ അനുകൂലിച്ചാണ് രംഗത്തെത്തിയത്.

നെയ്മര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എംബാപെയാണ് എല്ലാത്തിനും കുറ്റക്കാരനെന്നും അദ്ദേഹം പറയുന്നു. നെയ്മര്‍ ലോകത്തെ ഏറ്റവും മികച്ച പെനാല്‍ട്ടി ടേക്കറാണെന്നും നെറ്റോ കൂട്ടിച്ചേര്‍ത്തു. എംബാപെ ഒരു ഊളയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘യഥാര്‍ത്ഥത്തില്‍, നെയ്മറും എംബാപ്പെയും തമ്മിലുള്ള ഈ ചര്‍ച്ചയില്‍, നെയ്മര്‍ തെറ്റുകാരനല്ല. നെയ്മര്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പെനാല്‍ട്ടി ടേക്കറാണ്.

‘നെയ്മര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആദ്യ പെനാല്‍ട്ടി എടുത്തത് തന്നെ എംബാപെയുടെ ഊളത്തരമാണ്, അദ്ദേഹം ഒരു ഊളയാണ്,’ നെറ്റോ പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി നെയ്മറിന്റെ കോണ്‍ഫിഡന്‍സ് തകര്‍ക്കാനുള്ള ഫ്രാന്‍സ് ഫുട്‌ബോളിന്റെ ഗൂഢമായ നീക്കമാണിതെന്നും അദ്ദേഹം വാദിച്ചു.

‘മികച്ച ഫോമില്‍ കളിക്കുന്ന നെയ്മറിനെ ലോകകപ്പില്‍ അസ്ഥിരപ്പെടുത്താനുള്ള ഫ്രഞ്ചുകാരുടെ നീക്കമാണിത്,’ നെറ്റോ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇരുവരുടെയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും പി.എസ്.ജി ലീഗിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചിരുന്നു.

Content Highlight: Neto Says Neymar didn’t do anything wrong to mbape and mbape is wrong

We use cookies to give you the best possible experience. Learn more