| Wednesday, 29th April 2020, 7:19 pm

'ഔദ്യോഗികമായി 2020 അവസാനിച്ചിരിക്കുന്നു'; ഇര്‍ഫാന്‍ ഖാന്റെ മരണം കൂടി ആയതോടെ ഇനി ഈ വര്‍ഷം വേണ്ടെന്ന് നെറ്റിസന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുരന്തങ്ങള്‍ക്ക് പിന്നാലെ ദുരന്തങ്ങള്‍, ഈ വര്‍ഷം ഔദ്യോഗികമായി ഇവിടെ കഴിഞ്ഞിരിക്കുന്നു എന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ച് നിരവധി പേര്‍. 2020 വര്‍ഷം ആരംഭിച്ച് നാല് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും നിരവധി ദുരന്തങ്ങളാണ് നടന്നതെന്നും അതിനാല്‍ ഇനി ഈ വര്‍ഷം വേണ്ടെന്നാണ് പലരും ട്വീറ്റുകളിലൂടെ പറയുന്നത്.

കൊവിഡ് മഹാമാരിയാണ് പ്രധാന ദുരന്തമായി ട്വിറ്റര്‍ ഉപഭോക്താക്കള്‍ എടുത്ത് പറഞ്ഞത്. നിരവധി പ്രമുഖര്‍ ഈ വര്‍ഷം മരണമടഞ്ഞു. കോബ് ബ്രയാന്റ് മുതല്‍ ഇര്‍ഫാന്‍ ഖാന്‍ വരെ. ഇര്‍ഫാന്‍ ഖാന്‍ വിട്ടുപിരിഞ്ഞതോടെയാണ് ഈ വര്‍ഷം ഇനി വേണ്ട എന്ന് പലരും ട്വിറ്ററില്‍ കുറിച്ചത്.

ഇര്‍ഫാന്‍ ഖാനെ മികച്ച നടനായി മാത്രമല്ല നല്ല മനുഷ്യനായി കൂടിയാണ് അറിയപ്പെടുന്നത്. ഈ ലോകത്തിന് ഒരു രത്‌നത്തെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. അത് അത്ര നല്ലതല്ല. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിഷമം നിറഞ്ഞ ഘട്ടം മറികടക്കാന്‍ ദൈവം ശക്തി നല്‍കട്ടെ. 2020 ഇനിയും വയ്യ എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഇര്‍ഫാനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം സ്ഥിരീകരിച്ചത്.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെയെത്തിയ അദ്ദേഹം അഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിനിടയില്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയുടെ വേറിട്ട മുഖമായിരുന്ന ഇര്‍ഫാന്‍ ഖാന്‍ ഹോളിവുഡിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more