ഫിഫ ലോകകപ്പിലെ അവസാന 16ൽ തകർപ്പൻ ജയമാണ് അർജന്റീന സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയെ 2-1ന് കീഴ്പ്പെടുത്തി മെസിയും സംഘവും ക്വാർട്ടറിലെത്തിയിരിക്കുകയാണ്.
മത്സരത്തിന്റെ 35ാം മിനിട്ടിൽ മെസിയുടെ ഗോളിലൂടെയാണ് അർജന്റീന സ്കോർ ചെയ്യുന്നത്. ഓസ്ട്രേലിയൻ പ്രതിരോധ താരങ്ങളുടെയും ഗോൾകീപ്പറുടെയും പിഴവ് മുതലാക്കിയാണ് അർജൻറീന രണ്ടാം ഗോൾ നേടിയത്.
56ാം മിനിട്ടിലാണ് ഗോൾ പിറന്നത്. പന്ത് ക്ലിയർ ചെയ്യുന്നതിൻെറ ഭാഗമായി പ്രതിരോധ താരം നൽകിയ പാസ് അടിച്ചകറ്റുന്നതിൽ ഗോളിക്ക് പിഴച്ചു. അത് മുതലാക്കാക്കി കൊണ്ടായിരുന്നു ജൂലിയൻ അൽവാരെസ് അർജൻറീനയുടെ ലീഡ് ഉയർത്തിക്കൊണ്ട് രണ്ടാം ഗോൾ നേടിയത്.
എന്നാൽ അർജൻറീനയെ ഞെട്ടിച്ച് കൊണ്ട് 77ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ക്രെയ്ഗ് ഗുഡ്വിൻെറ ഷോട്ടിൽ നിന്ന് ഓസ്ട്രേലിയ ഗോൾവല ചലിപ്പിക്കുകയായിരുന്നു. ലൗട്ടാരോ മാർട്ടിനസിന് രണ്ട് തുറന്ന അവസരങ്ങൾ മെസി സമ്മാനിച്ചുവെങ്കിലും മാർട്ടിനസിന് രണ്ടും ഗോളാക്കാൻ സാധിച്ചില്ല.
പ്രീ ക്വാർട്ടറിൽ മെസിക്കും സംഘത്തിനും ഓസീസ് പടയെ തകർത്ത് മുന്നേറാനായെങ്കിലും ക്വാർട്ടറിൽ നെതർലാൻഡ്സ് ആണ് എതിരാളികൾ. യു.എസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്സ് ക്വാർട്ടറിലെത്തിയിരിക്കുന്നത്.
അതേസമയം ഇന്നത്തെ മത്സരത്തോടെ പ്രൊഫഷണൽ കരിയറിൽ മെസി 1000 മത്സരങ്ങൾ പൂർത്തിയാക്കി. അർജൻറീനക്കായി 169 മത്സരങ്ങൾ കളിച്ച മെസി ക്ലബ് തലത്തിൽ ബാഴ്‌സലോണയിൽ 778 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു.
നിലവിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കൊപ്പം മെസി 53 മത്സരങ്ങളിൽ കളിച്ചു. കരിയറിലെ ആയിരാമത്തെ മത്സരത്തിൽ ഗോൾ നേടാനും മെസിക്ക് കഴിഞ്ഞു.
Content Highlights: NETHERLANDS VS. ARGENTINA IN THE QUARTERFINALS