ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലാന്‍ഡ്‌സിന് വമ്പന്‍ ജയം. ഇതോടെ ഇന്നത്തെ മത്സരത്തിനിറങ്ങും മുമ്പേ ഇന്ത്യ സെമിയിലേക്ക് കടന്നു.
ദക്ഷിണാഫ്രിക്കയെ 13 റണ്‍സിനാണ് നെതര്‍ലാന്‍ഡ്‌സ് കീഴ്‌പ്പെടുത്തിയത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലാന്‍ഡ്സ് നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്‌സില്‍ കോളിന്‍ അക്കര്‍മാന്‍ ആണ് തിളങ്ങിയത്. 26 പന്തില്‍ നിന്ന് പുറത്താകാതെ അക്കര്‍മാന്‍ 41 റണ്‍സടിച്ചു.
സ്റ്റീഫന്‍ മൈബര്‍ഗും ടോം കൂപ്പറുമാണ് നെതര്‍ലാന്‍ഡ്‌സില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മറ്റ് രണ്ട് താരങ്ങള്‍. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്സ് ടീം നേടിയത്.
നെതര്‍ലന്‍ഡ്സിനായി ഓപ്പണര്‍മാരായ സ്റ്റീഫന്‍ മിബറും മാക്സ് ഒഡൗഡും ഗംഭീര തുടക്കമാണ് നേടിയത്. ഇരുവരും 8.3 ഓവറില്‍ 58 റണ്‍സ് അടിച്ചുകൂട്ടി.
മിബര്‍ 30 പന്തില്‍ 37 ഉം ഒഡൗഡ് 31 പന്തില്‍ 29ഉം റണ്‍സ് നേടി. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ആന്റിച്ച് നോര്‍ക്യയും ഏയ്ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആര്‍ക്കും മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനായില്ല.
25 റണ്‍സ് നേടിയ റീലി റൂസോ ആണ് ടോപ് സ്‌കോറര്‍. ഇതോടെ അഞ്ച് പോയിന്റ് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരത്തോടെ തോറ്റ് പുറത്തായി.
നിലവില്‍ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യ സിംബാബ്‌വേക്കെതിരെ തോറ്റാലും ഇനി സെമിയിലെത്തും. അതേസമയം പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം നിര്‍ണയക ഘട്ടത്തിലായി.
മത്സരത്തില്‍ വിജയിക്കുന്ന ടീം ഇന്ത്യക്കൊപ്പം ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ ഇടം നേടും. നിലവില്‍ റണ്‍റേറ്റില്‍ പാകിസ്ഥാനാണ് മുന്നില്‍. അതുകൊണ്ട് തന്നെ മികച്ച റണ്‍ റേറ്റില്‍ ജയിച്ചാല്‍ മാത്രമേ ബംഗ്ലാദേശിന് സാധ്യതയുള്ളൂ.
സിംബാബ്‌വേക്കെതിരെ ഇന്ത്യ ജയിച്ചാല്‍ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ സെമി എതിരാളികള്‍. തോറ്റാല്‍ ന്യൂസിലാന്‍ഡിനെ നേരിടേണ്ടി വരും.
ഇന്ന് ഉച്ചക്കാണ് സിംബാബ്‌വേയുമായുള്ള ഇന്ത്യയുടെ അവസാന മത്സരം.
Content Highlights: Netherlands stun South Africa by 13 runs in Adelaide; India qualify for the semi-finals