| Monday, 19th February 2024, 1:15 pm

നെതര്‍ലാന്‍ഡിന്റെ ഇന്ത്യക്കാരന്‍ നമീബിയയെ കറക്കി വീഴ്ത്തി; ഫൈഫറില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി.യുടെ സി.ഡബ്ല്യു.സി ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. നമീബിയയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള മത്സരം യു.ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലാന്‍ഡ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 35.1 ഓവറില്‍ 121 റണ്‍സിനു ഔട്ട് ആവുകയായിരുന്നു.

നമീബിയന്‍ ബാറ്റര്‍മാരെ തകര്‍ത്തെറിഞ്ഞത് ഓറഞ്ച് പടയുടെ സ്റ്റാര്‍ സ്പിന്‍ ബൗളര്‍ ആര്യന്‍ ദത്ത് ആണ്. 18 പന്ത് തികയ്ക്കുമ്പോഴേക്കും അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. വെറും 12 റണ്‍സ് വിട്ടുകൊടുത്താണ് താരം ഐതിഹാസിക പ്രകടനം കാഴ്ചവച്ചത്. മത്സരം അവസാനിക്കുമ്പോള്‍ ഒമ്പത് ഓവര്‍ എറിഞ്ഞ താരം 34 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3.78 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരത്തെ തേടി ഒരു റെക്കോഡും വന്നിരിക്കുകയാണ്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ഫൈഫര്‍ നേടുന്ന നാലാമത് താരമാകാനാണ് സാധിച്ചത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന താരങ്ങളുടെ രാജ്യം, താരം, പന്ത്, എതിരാളി

ഇന്ത്യ – മുഹമ്മദ് സിറാജ് – 16 – ശ്രീലങ്ക

ശ്രീലങ്ക – ചമിന്ദ വാസ് – 16 – ബംഗ്ലാദേശ്

സിംബാബ് വെ – റിയാന്‍ ബള്‍ – 18 – ഓസ്‌ട്രേലിയ

നെതര്‍ലാന്‍ഡ്‌സ് – ആര്യന്‍ ദത്ത് – 18 – നമീബിയ

നെതര്‍ലാന്‍ഡ്‌സ് -ടിം വാണ്ടര്‍ ഗഗ്ട്ടന്‍ – 20 – കാനഡ

പാകിസ്ഥാന്‍ – ഉസ്മാന്‍ ഖാന്‍ ശിന്‍വാരി – 21 – ശ്രീലങ്കന്‍

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ആര്യന് ഒരു ഇന്ത്യന്‍ കണക്ഷനും ഉണ്ട്. താരത്തിന്റെ അച്ഛന്‍ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു. 1980കളില്‍ നെതര്‍ലാന്‍ഡിലേക്ക് കുടിയേറിയവരാണ് താരത്തിന്റെ കുടുംബം.

മത്സരത്തില്‍ നമീബിയക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താന്‍ ആയത് ജെ.ജെ സ്മിത്തിന് മാത്രമാണ്. 46 പന്തില്‍ നിന്ന് രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും അടക്കം 26 റണ്‍സ് ആണ് താരം നേടിയത്. റൂബല്‍ ട്രമ്പല്‍ മാന്‍ 20 റണ്‍സും സേന്‍ ഗ്രീന്‍ 19 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

നെതര്‍ലാന്‍ഡ്‌സ് ബൗളിങ്ങില്‍ ആര്യന്‍ ദത്തിന് പുറമേ കെയില്‍ ക്ലയ്ന്‍ രണ്ട് വിക്കറ്റും റോള്‍ഫ് വാണ്ടര്‍ മെര്‍വി, മാക്‌സ് ഒ ഡൗഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലീഗ് പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് നമീബിയയാണ്. രണ്ടാം സ്ഥാനത്ത് നേപ്പാളും ഉണ്ട് ഇരുവരും രണ്ടു പോയിന്റ് വീതമാണ് നിലവില്‍ നേടിയത്. ഈ മത്സരം വിജയിച്ചാല്‍ അവസാനം ഉള്ള നെതര്‍ലാന്‍ഡിന് മൂന്നാമത് എത്താനും സാധിക്കും.

Content Highlight: Netherlands star spin bowler Aryan Dutt destroys Namibia

We use cookies to give you the best possible experience. Learn more