റഷ്യയുമായുള്ള യുദ്ധത്തിന് നെതര്‍ലന്‍ഡ്‌സ് തയ്യാറെടുക്കണം: കരസേനാ മേധാവി
World
റഷ്യയുമായുള്ള യുദ്ധത്തിന് നെതര്‍ലന്‍ഡ്‌സ് തയ്യാറെടുക്കണം: കരസേനാ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th December 2023, 2:23 pm

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് റഷ്യയുമായി യുദ്ധത്തിന് തയ്യാറാവണമെന്ന് കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ മാര്‍ട്ടിന്‍ വിജ്നെന്‍.

റഷ്യ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ നെതര്‍ലന്‍ഡ്സ് അടിയന്തരമായി തയ്യാറാകണമെന്നായിരുന്നു രാജ്യത്തിന്റെ ലാന്‍ഡ് ഫോഴ്സ് കമാന്‍ഡര്‍ കൂടിയായ ലഫ്റ്റനന്റ് ജനറല്‍ മാര്‍ട്ടിന്‍ വിജ്നെന്‍ പറഞ്ഞത്.

രാജ്യം സൈന്യത്തെ ശക്തിപ്പെടുത്തുകയും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും സമൂഹത്തെ അതിനായി തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ 1,500 കിലോമീറ്റര്‍ അകലെയായതിനാല്‍ സുരക്ഷിതരാണെന്ന് ഒരിക്കലും കരുതരുത്. റഷ്യ കൂടുതല്‍ ശക്തരാവുകയാണ്,’ അദ്ദേഹം പറഞ്ഞു.

നെതര്‍ലന്‍ഡ്‌സ് കൂടുതല്‍ ശക്തമായ രീതിയില്‍ ഇടപെടലുകള്‍ നടത്തണം, പ്രവര്‍ത്തിക്കണം. നമ്മളെ ആക്രമിക്കാനുള്ള ധൈര്യം എതിരാളികള്‍ക്ക് ഉണ്ടാകരുത്. പ്രതിരോധം ഉറപ്പുവരുത്തണം, എന്നായിരുന്നു വിജ്നെന്‍ വ്യാഴാഴ്ച ദി ടെലഗ്രാഫ് പത്രത്തോട് പ്രതികരിച്ചത്.

റഷ്യയ്ക്ക് മനസ്സിലാകുന്ന ഒരേയൊരു ഭാഷയേയുള്ളൂവെന്നും അത് ‘ശക്തമായ സായുധ സേനയുടെ’ ഭാഷയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

2019 മുതല്‍ നടപ്പിലാക്കിയ ബജറ്റ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് ആര്‍മി അവരുടെ സേവനം പരിമിതപ്പെടുത്തിയതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1997-ല്‍ നിര്‍ബന്ധിത സൈനികസേവനം നിര്‍ത്തലാക്കിയ നെതര്‍ലന്‍ഡ്സ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സൈന്യത്തിന്റെ വലിപ്പം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനറല്‍ വിജ്നെന്‍ സംസാരിച്ചു.

നിലവിലെ സാഹചര്യത്തില്‍ യുദ്ധത്തില്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ നേരിടാന്‍ സേനയ്ക്ക് പ്രാപ്തിയില്ലന്നും അദ്ദേഹം പറഞ്ഞു.

‘നമുക്ക് നഷ്ടം സംഭവിക്കാന്‍ തുടങ്ങിയാല്‍, ആരാണ് അവ നികത്തുക?’ നമുക്ക് ചില ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി അതില്ല. ഒരു സംഘര്‍ഷം ഉണ്ടായാല്‍ പോരാടണോ വേണ്ടയോ എന്ന് ആലോചിക്കാന്‍ പോലുമുള്ള അവസരം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില കാര്യങ്ങള്‍ തെറ്റായി സംഭവിക്കുമ്പോള്‍ മുഴുവന്‍ സമൂഹവും അതിന് തയ്യാറാകേണ്ടിവരും. സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന രീതിയിലേക്ക് ഓരോരുത്തരും മാറിയെന്നും സൈനിക മേധാവി പറഞ്ഞു.

‘സേവന വര്‍ഷം’ എന്ന പേരില്‍ 12 മാസത്തേക്ക് സ്വമേധയാ സൈന്യത്തില്‍ ചേരാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാമ്പയിന് നെതര്‍ലന്‍ഡ്‌സ് തുടക്കം കുറിച്ചിട്ടുണ്ട്. 2000 ത്തിനും 3000ത്തിനും ഇടയിലുള്ള ആളുകളെയാണ് ഒരു വര്‍ഷം പ്രതീക്ഷിച്ചതെന്നും 600ഓളം ആളുകള്‍ മാത്രമാണ് ക്യാമ്പയിന്റെ ഭാഗമായി സൈന്യത്തില്‍ ചേര്‍ന്നതെന്നും എങ്കിലും ആ ആശയം വിജയമായിരുന്നെന്നും വിജ്‌നെന്‍ പറഞ്ഞു.

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രൈന് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യം കൂടിയാണ് നെതര്‍ലന്‍ഡ്‌സ്. ഉക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തില്‍ യു.എസ് നിര്‍മ്മിത എഫ്-16 യുദ്ധവിമാനങ്ങള്‍ യുക്രെയ്നിലേക്ക് എത്തിക്കുമെന്ന് അറിയിച്ച രാജ്യം കൂടിയാണ് നെതര്‍ലന്‍ഡ്‌സ്.

ആദ്യത്തെ 18 വിമാനങ്ങള്‍ ഉക്രൈന്‍ തലസ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ഈ മാസം ആദ്യം പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ പ്രഖ്യാപിച്ചിരുന്നു.

ഉക്രൈന് സൈനിക സഹായം നല്‍കുന്ന ഏക രാജ്യമായ യു.എസ് പക്ഷേ പാശ്ചാത്യ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ ഉക്രെയ്നിന് നല്‍കാന്‍ നേരത്തെ വിസമ്മതിച്ചിരുന്നു.

ഉക്രൈനിലെ പൈലറ്റുമാര്‍ക്ക് എ16 ജെറ്റുകളില്‍ പരിശീലനം നല്‍കാനുള്ള അനുമതി മാത്രമാണ് വാഷിങ്ടണ്‍ നല്‍കിയത്. നിലവില്‍ നാറ്റോ രാജ്യങ്ങളെ ആക്രമിക്കാനുള്ള പദ്ധതികളുള്ളതായി റഷ്യ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ യു.എസും സഖ്യകക്ഷികളും ഉക്രൈനുള്ള സൈനിക സഹായങ്ങള്‍ നല്‍കുന്നത് തുടര്‍ന്നാല്‍ അത് റഷ്യയും യു.എസും തമ്മിലുള്ള നേരിട്ടുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് റഷ്യ നല്‍കിയിട്ടുണ്ട്.

Content Highlight: Netherlands should prepare for war with Russia Says Army chief