ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മുമ്പില്‍ പരാജയം സമ്മതിച്ച് നെതര്‍ലന്‍ഡ്‌സ്. പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും തമ്മിലുള്ള മത്സരമായിട്ടുപോലും വീരോചിതമായി പൊരുതിയാണ് ഡച്ച് പട പരാജയമേറ്റുവാങ്ങിയത്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 160 റണ്‍സിനായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ പരാജയം. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡച്ച് ആര്‍മി 250 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് നെതര്‍ലന്‍ഡ്‌സ് മടങ്ങിയത്. ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് മുമ്പില്‍ 250 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കാന്‍ സാധിച്ചു എന്നത് തന്നെ നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്നതാണ്.
ഒമ്പത് മത്സരത്തില്‍ വെറും നാല് ടീമുകള്‍ മാത്രമാണ് ഇന്ത്യക്കെതിരെ 200 റണ്‍സ് പിന്നിട്ടത്. അഫ്ഗാനിസ്ഥാന്‍ (272), ബംഗ്ലാദേശ് (258), ന്യൂസിലാന്‍ഡ് (273) എന്നിവരാണ് ഈ ലോകകപ്പില്‍ നേരത്തെ ഇന്ത്യന്‍ ബൗളിങ് അറ്റാക്കിന് മുമ്പില്‍ ചെറുത്തുനിന്നത്. ഇവര്‍ക്കൊപ്പം തങ്ങളുടെ പേരുമെഴുതിച്ചേര്‍ത്താണ് ഡച്ച് ആര്‍മി ഇന്ത്യന്‍ മണ്ണിനോടും 2023 ലോകകപ്പിനോടും വിടപറയുന്നത്.
മത്സരത്തിലേക്ക് വരുമ്പോള്‍, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. ശ്രേയസ് അയ്യരിന്റെയും കെ.എല്‍. രാഹുലിന്റെയും സെഞ്ച്വറിയും രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് തുണയായി.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഓരോ വിക്കറ്റും വീഴ്ത്തി.
നവംബര്‍ 15നാണ് ഇന്ത്യയുടെ അടുത്ത മത്സരം. വാംഖഡെയില്‍ നടക്കുന്ന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content highlight: Netherlands scored 250 runs against India