| Sunday, 29th June 2014, 11:58 pm

ഹോളണ്ടിന് നാടകീയ ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഫോര്‍ട്ടലെസ്: ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം അവസാന രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ തിരിച്ച് വാങ്ങിയ മെക്‌സിക്കോയ്ക്ക് ലോകക്കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അവിശ്വസിനീയ തോല്‍വി. എണ്‍പത്തിയെട്ടാം മിനിറ്റിലും കളിയുടെ ഇഞ്ചുറി ടൈമിലും നേടിയ ഗോളുകള്‍ക്ക് പൊരുതിക്കളിച്ച മെക്‌സിക്കോയെ കീഴടക്കി് ഹോളണ്ട് ലോകക്കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സാന്റോസ് നേടിയ ഒരു ഗോളിന്റെ ലീഡില്‍ മെക്‌സിക്കോ ഏതാണ്ട് വിജയം ഉറപ്പിച്ചിരിക്കെ വളരെ അവിചാരിതമായിട്ടായിരുന്നു ഡച്ചുകാര്‍ മത്സരം തട്ടിയെടുത്തത്. ഗോള്‍ മടക്കാന്‍ പറന്നു കളിച്ച് ഡച്ച് താരങ്ങള്‍ക്ക് എണ്‍പത്തിയെട്ടാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ഉഗ്രനൊരു വലം കാല്‍ ഷോട്ടിലൂടെ വലയിലിലെത്തിച്ച് സനൈഡര്‍ ഹോളണ്ടിന് സമനില സമ്മാനിച്ചു. 

മിനിറ്റുകള്‍ക്കും ഫോര്‍ട്ടലീസയില്‍ മെക്‌സിക്കന്‍ തിരമാല തീര്‍ത്ത പതിനായിരങ്ങളെ കണ്ണീരിലാഴ്ത്തി ഓറഞ്ച് പട വിജയഗോളും നേടി. ഇഞ്ചുറി ടൈമില്‍ ഹോളണ്ടിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഹണ്ട്‌ലറാണ് ടൂര്‍ണമെന്റിലെ ഡച്ചുകാറുടെ ആയുസ് നീട്ടിയത്. ആര്യന്‍ റോബനെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് മെക്‌സിക്കന്‍ നായകന്‍ മാര്‍ക്കസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. 

വലത് പാര്‍ശ്വത്തിലൂടെ റോബന്റെ ഒറ്റക്കുള്ള മുന്നേറ്റം. ബോക്‌സില്‍ കടന്ന റോബനെ പ്രതിരോധിക്കാന്‍ മെക്‌സിക്കന്‍ ക്യാപ്റ്റന്‍ നടത്തിയ ശ്രമമാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. മാര്‍ക്കസിന്റെ നീട്ടിയ കാലില്‍ തട്ടി റോബന്‍ നിലത്ത്് വീണു. ഒട്ടും താമസിക്കാതെ റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ ടി.വി.റിപ്ലെകളില്‍ മാര്‍ക്കസ് റോബനെ കാര്യമായി ഫൗള്‍ ചെയ്തതായി കണ്ടില്ല. 

തെറിച്ച് വീണതായി അഭിനയിച്ച റോബന്‍ പെനാല്‍റ്റി നേടുന്നതില്‍ വിജയിക്കുകയായിരുന്നു. കിക്കെടുത്ത ഹണ്ട് ലര്‍ക്ക് പിഴച്ചില്ല. ഹണ്ടലറുടെ നിലം പറ്റെയുള്ള ഷോട്ട് ഗോളി ഒച്ചോവയെ കബളിപ്പിച്ച് പോസ്റ്റിന്റെ വലത്തേ മൂലയില്‍. നാടകീയ ജയത്തോടെ നെതര്‍ലാന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍. മെകിസിക്കോ പുറത്തും.

Latest Stories

We use cookies to give you the best possible experience. Learn more