ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സിലേക്കുള്ള അഭയാര്‍ഥികളുടെ വരവിനെ ചൊല്ലിയുള്ള ആഭ്യന്തര തര്‍ക്കം രൂക്ഷമായതോടെ നിലവിലെ സര്‍ക്കാര്‍ ഭരണമൊഴിഞ്ഞു. അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് തര്‍ക്കം തുടരുന്നതിനാല്‍ സഖ്യ സര്‍ക്കാര്‍ രാജിവെക്കുകയാണെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെതര്‍ലന്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായിരുന്നു 56കാരനായ മാര്‍ക്ക് റുട്ടെ. 18 മാസങ്ങള്‍ക്ക് മുമ്പാണ് നെതര്‍ലന്‍ഡ്‌സില്‍ സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
രാജിവെച്ച ശേഷം ഈ വര്‍ഷാവസാനം പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് റുട്ടെ ഡച്ച് മാധ്യമമായ ദി ഹാഗിനോട് പറഞ്ഞു. സഖ്യ സര്‍ക്കാരിലെ ഘടകകക്ഷികള്‍ക്ക് കുടിയേറ്റ നയത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നത് പരസ്യമായ കാര്യമാണ്.
ഈ അഭിപ്രായ വ്യത്യാസം പരിഹരിക്കാനാകുന്നതല്ല എന്ന് ഇന്നത്തോടെ മനസിലായെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തേക്ക് അനുവദിക്കുന്ന യുദ്ധ അഭയാര്‍ഥികളുടെ എണ്ണം പ്രതിമാസം 200 ആയി പരിമിതപ്പെടുത്തണമെന്ന ആവശ്യവും മാര്‍ക്ക് റുട്ടെ മുന്നോട്ടുവെച്ചിരുന്നു.
നടപടി പാസായില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ തീവ്ര വലതുപക്ഷ സര്‍ക്കാരിലെ സഖ്യകക്ഷികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടിയേറ്റ നയത്തില്‍ സഖ്യ കക്ഷികള്‍ ചര്‍ച്ച നടത്തിവരികയായിരുന്നു.
രാജ്യത്ത് അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കടുത്ത അസൗകര്യങ്ങളാണ് നേരിട്ടിരുന്നത്. അടുത്തിടെ മറ്റൊരു അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് ഒരു കുട്ടി മരിച്ചത് വലിയ വിവാദമായിരുന്നു. അടച്ചുറപ്പില്ലാത്ത ക്യാമ്പുകളില്‍ നൂറുകണക്കിന് ആളുകള്‍ തുറസായിട്ടാണ് കിടക്കുന്നതെന്നും സര്‍ക്കാരിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.